സ്വപ്ന ശബ്ദരേഖ; അന്വേഷണത്തെ അനുകൂലിച്ച് ഋഷിരാജ് സിംഗും; ഇഡി കത്ത് പൊലീസ് മേധാവിക്ക് കൈമാറി:
തിരുവനന്തപുരം: സ്വർണ്ണകള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വിവാദ ശബ്ദരേഖയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വേണമെന്ന് ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ്. ഇതേതുടർന്ന് ; എൻഫോഴ്സ്മെന്റ് വിഭാഗം ജയിൽ വകുപ്പിന് നൽകിയ കത്ത് ഋഷിരാജ് സിംഗ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ഇഡിക്ക് മറുപടി നൽകാൻ ശരിയായ അന്വേഷണം അനിവാര്യമാണെന്ന് അദ്ദേഹം അറിയിച്ചു.
ശബ്ദരേഖ ചോർന്നതിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇഡിയുടെ പക്ഷം. ഇക്കാരണത്താലാണ് ജയിൽ വകുപ്പിനോട് അന്വേഷണം ആവശ്യപ്പെട്ടത്. ഇഡിയുടെ കത്തിൽ ജയിൽവകുപ്പ് കൃത്യമായ മറുപടി നൽകേണ്ടിവരും. കേന്ദ്ര ഏജന്‍സിക്കെതിരെ ഉയർന്ന ആരോപണത്തിൽ വ്യക്തത വരുത്താൻ കർശനമായ നിലപാടുമായി മുന്നോട്ട് പോകാനാണ് ഇഡിയുടെ തീരുമാനം.
എന്നാൽ ജയിലിൽ നിന്നല്ലശബ്ദരേഖ ചോർന്നത് എന്ന നിഗമനത്തിലാണ് ജയിൽ വകുപ്പ്. അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഇഡി ഉറച്ചു നിൽക്കുന്ന പശ്ചാത്തലത്തിലാണ് സമാനമായ ആവശ്യവുമായി ജയിൽ വകുപ്പ് പൊലീസിനെ സമീപിച്ചിരിക്കുന്നത്.