തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകള്‍ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലുമായി ബന്ധപ്പെട്ട് കോഴിക്കോട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കടകള്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.
വെല്‍ഫയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ബിഎസ്പി, ഡിഎച്ച്ആര്‍എം പോരാട്ടം തുടങ്ങിയ സംഘടനകളാണ് ഇന്നത്തെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ അനുമതി ഇല്ലാത്തതിനാല്‍ ഹര്‍ത്താല്‍ നിമയവിരുദ്ധമാണെന്ന് പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നേതാക്കളെ പോലീസ് കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുണ്ട്.
പൊതുമുതല്‍ നശിപ്പിച്ചാല്‍ കേസെടുക്കും. സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം ഹര്‍ത്താലിനെ തുടര്‍ന്ന് സ്‌കൂള്‍ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളിലും മാറ്റമില്ല. പിഎസ് സി പരീക്ഷകള്‍ക്കും മാറ്റമില്ല.