ഹര ഹരോ ഹര…സുബ്രഹ്മണ്യന് ഏറെ പ്രിയങ്കരം തൈപൂയം:കാവടിയേന്തി ഭക്ത മനസ്സുകൾ:
ഹിന്ദു മത വിശ്വാസികളുടെ പ്രധാന ദിനമായ തൈപ്പൂയം 2023 ഫെബ്രുവരി 5 ഞായറാഴ്ചയാണ്. മകരമാസത്തിലെ പൂയം നാളാണ് തൈപ്പൂയമായി ഹിന്ദുക്കള് ആഘോഷിക്കുന്നത്.അന്ന് കേരളത്തിലെയും തമിഴ്നാട്ടിലെയും മുരുക ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ആഘോഷങ്ങളുടെയും പൂരമാണ്. തൈപ്പൂയത്തിന് ശ്രേഷ്ഠമായ ഒരു ആരാധനയാണ് കാവടിയാട്ടം. താരകാസുരന്റെ ചെയ്തികളില് നിന്നും സുബ്രഹ്മണ്യന് ലോകത്തെ രക്ഷിച്ച നാളാണിത് . പൂയം നാളിലാണ് ഭഗവാൻ സുബ്രഹ്മണ്യന്റെ വിശേഷമായ തൈപ്പൂയക്കാവടി.
അഭീഷ്ടസിദ്ധിക്കായാണ് കാവടി വഴിപാടു നേരുന്നത്. പീലിക്കാവടി, പൂക്കാവടി, ഭസ്മക്കാവടി, പാൽക്കാവടി, അന്നക്കാവടി, കളഭക്കാവടി, തൈലക്കാവടി, കർപ്പൂരക്കാവടി, അഗ്നിക്കാവടി എന്നിങ്ങനെ പല തരത്തിലുള്ള കാവടി വഴിപാട് ഭക്തർ ക്ഷേത്രത്തിൽ സമർപ്പിക്കുന്നു.
ശിവപാർവ്വതി ശക്തിയായ ഭഗവാൻ ശരവണ പ്പൊയ്കയിൽ ജനിച്ചതിനാൽ ശരവണൻ, ആറുമുഖങ്ങളോടുകൂടി ജനിച്ചതിനാൽ അറുമുഖൻ, ആറ് കൃത്തികമാർ (ദേവസ്ത്രീകൾ) മുലയൂട്ടി വളർത്തിയതിനാൽ കാർത്തികേയൻ എന്നീ നാമങ്ങളിൽ ശ്രീമൂരുകസ്വാമി വാഴ്ത്തപ്പെടുന്നു.കുമാരൻ എന്ന നാമത്തിൽ ഗംഗയുടേയും, സ്കന്ദൻ എന്ന പേരിൽ പാർവ്വതിയുടേയും, ഗുഹൻ എന്ന പേരിൽ കൈലാസനാഥന്റേയും മഹാസേനൻ എന്ന പേരിൽ അഗ്നിയുടേയും പുത്രനായി അറിയപ്പെടുന്നു.
തൈമാസത്തിലെ പൂയം നക്ഷത്രം ശ്രീമുരുകന് ഏറ്റവും പ്രധാനവും പ്രിയപ്പെട്ടതുമായതിന് രണ്ട് കാരണങ്ങളാണ് പറയപ്പെടുന്നത്.
എല്ലാ ജീവജാലങ്ങളുടെയും ഹൃദയഗുഹയിൽ അധിവസിക്കുന്നവനാണ് സ്കന്ദൻ. ജോതിഷത്തിൽ കാലപുരുഷന്റെ ഹൃദയമായി പറഞ്ഞിരിക്കുന്ന കർക്കടകം രാശിയിലെ സുപ്രധാന നക്ഷത്രമാണ് പൂയം. അതുകൊണ്ടാണ് പൂയം നക്ഷത്രം സ്കന്ദന് ഏറ്റവും പ്രിയപ്പെട്ടതായത് . നക്ഷത്രത്തിന് പൂർണ്ണ ബലം സിദ്ധിക്കുന്നതും ദേവൻമാർക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ തിഥി പൗർണ്ണമിയാണ്. പൗർണ്ണമി തിഥിയും, പൂയവും ഒരുമിച്ചു വരുന്നത് തൈമാസത്തിൽ അഥവാ നമ്മുടെ മകരമാസത്തിലാണ് . ഇതാണ് തൈപ്പൂയം സുബ്രഹ്മണ്യന് ഏറ്റവും പ്രിയപ്പെട്ടതായതിന്റെ ഒരു കാരണം.
പാർവ്വതിദേവി മകൻ മുരുകന് അതി ദിവ്യമായ ശക്തിവേൽ സമ്മാനിച്ച ദിവസമായതിനാലാണ് മകര മാസത്തിലെ തൈപ്പൂയം ശ്രേഷ്ഠമായതിന്റെ മറ്റൊരു കാരണം . കൃതികാദേവിമാർ എടുത്തു വളർത്തിയത് കാരണം കാർത്തികയും മുരുകന് പ്രധാനപ്പെട്ടതാണ്.
അഗ്നി നക്ഷത്രമായ കാർത്തികയിൽ സ്കന്ദനെ ആരാധിക്കുകയാണെങ്കിൽ വിഘ്നങ്ങളെല്ലാം അകലും. ജ്ഞാനവും വിവേകവും വർദ്ധിക്കും എന്നാണ് വിശ്വാസം.മകര മാസത്തിലെ പൂയം നാളിൽ മുരുകനെ ഭജിച്ചാൽ ഹൃദയത്തിലെ മാലിന്യങ്ങളെല്ലാം അകന്നു പോയി മനസ്സ് പരിശുദ്ധമാകുകയും ആഗ്രഹസാഫല്യം സിദ്ധിക്കുകയും ചെയ്യും.
ദാമ്പത്യത്തിലെ എല്ലാ പൊരുത്തക്കേടുകളും ഇല്ലാതാക്കുന്നതിനും പ്രണയ സാഫല്യത്തിനും ചൊവ്വാ ഗ്രഹദോഷങ്ങൾ പരിഹരിക്കുന്നതിനും മന:ശ്ശാന്തിക്കും ഈ നാളിൽ സുബ്രഹ്മണ്യനെ ആരാധിക്കുന്നത് ഉത്തമമത്രേ .
ഭൂമിയുടെ കാരകൻ ചൊവ്വയാണ്. അതു കൊണ്ട് ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും ആഗ്രഹിക്കുന്നവരും ഭൂമിസംബന്ധമായ പ്രശ്നങ്ങളുള്ളവരും പൂയം നക്ഷത്ര ദിവസം പ്രത്യേകിച്ചും തൈപ്പൂയം ദിവസം സുബ്രഹ്മണ്യനെ ഭജിക്കുകയാണെങ്കിൽ ദോഷങ്ങൾ അകന്നു പോകും.
ചന്ദ്രന് ഏറ്റവും ബലം സിദ്ധിക്കുന്നത് പൗർണ്ണമിയിലാണ്. പൂയവും പൗർണ്ണമിയും ഏറെക്കുറെ ഒന്നിച്ചു വരുന്ന മകരത്തിലെ തൈപ്പൂയ ദിവസം വ്രതമനുഷ്ഠിച്ച് സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തുകയും സുബ്രഹ്മണ്യ കീർത്തനങ്ങൾ, മന്ത്രങ്ങൾ, അഷ്ടോത്തരം തുടങ്ങിയവ ജപിക്കുകയും ചെയ്താൽ ആഗ്രഹസാഫല്യം കൈവരും .തൈപ്പൂയത്തിന് മൂന്നു ദിവസം മുമ്പേ മത്സ്യമാംസാദി വെടിഞ്ഞ് വ്രതം ആരംഭിക്കണം. തൈപ്പൂയത്തിന്റെ തലേന്ന് ഒരു നേരം മാത്രമേ അരിയാഹാരം ഭക്ഷിക്കാവൂ.തൈപ്പൂയത്തിന് പൂർണ്ണമായും ഉപവസിക്കുന്നതാണ് ഉത്തമം.
അതിനു സാധിക്കാത്തവർ അരിയാഹാരം ഉപേക്ഷിച്ച് വ്രതമനുഷ്ഠിക്കണം. തൈപ്പൂയത്തിന് വ്രതമനുഷ്ഠിച്ച് സുബ്രഹ്മണ്യനെ ആരാധിച്ചാൽ പ്രണയസാഫല്യം കൈവരുമത്രേ . ദമ്പതിമാർ തമ്മിലുള്ള അനുരാഗം വർദ്ധിക്കും സന്തതികൾക്ക് ഉന്നതിയുണ്ടാകും. സന്താനലാഭത്തിനാണെങ്കിൽ ദമ്പതികൾ ഒരുമിച്ചാണ് വ്രതമനുഷ്ഠിക്കേണ്ടത്.
ചൊവ്വദോഷം കൊണ്ട് വിവാഹ തടസം നേരിടുന്നവരും സന്താനദുഃഖം അനുഭവിക്കുന്നവരും തൈപ്പൂയം മുതൽ ഒരു വർഷം എല്ലാമാസവും പൂയം നാളിൽ വ്രതമനുഷ്ഠിച്ചാൽ ദോഷം മാറി അഭീഷ്ടസിദ്ധിയുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു .news desk kaladwani news ..for news whatsapp on 9037259950: Subhash Kurup ..Chief Editor.Rtd Indian Navy