71 -ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തി ഇന്ത്യന്‍ സായുധ സേന. (news courtesy..Janam)
ന്യൂഡല്‍ഹി: 71 -ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തി ഇന്ത്യന്‍ സായുധ സേന. ഇന്ത്യയുടെ സൈനിക ശക്തിയും സാംസ്കാരിക വൈവിദ്ധ്യങ്ങളും സാമൂഹിക സാംസ്കാരിക രംഗത്തെ പുരോഗതിയും റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിച്ചു. ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊള്‍സൊനാരോ ചടങ്ങില്‍ മുഖ്യാതിഥിയായി. രാവിലെ 10 മണിക്ക് ആരംഭിച്ച പരേഡ് 90 മിനിറ്റോളം നീണ്ടു നിന്നു. പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ത്രിവര്‍ണപതാക ഉയര്‍ത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്,സോണിയാ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എന്നിങ്ങനെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യന്‍ സൈന്യത്തിന്റെ യുദ്ധ ടാങ്ക് ഭീഷ്മ, കെ-9 വജ്ര ടി, നാവികാ സേനയുടെ ബോയിംഗ് പി81 ദീര്‍ഘ ദൂര മാരിടൈം എയര്‍ ക്രാഫ്റ്റ്, ഫൈറ്റര്‍ ജെറ്റ്, മിഷന്‍ശക്തിയുടെ ഭാഗമായ ആന്റി സാറ്റ്ലൈറ്റ് ആയുധങ്ങള്‍, റഫേല്‍ ഫൈറ്റര്‍ ജെറ്റ്, ഇന്ത്യയില്‍ ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ച ദീര്‍ഘദൂര പീരങ്കി ധനുഷ് എന്നിവ ആദ്യമായി പ്രദര്‍ശിപ്പിച്ചു. കൊല്‍ക്കത്ത ക്ലാസ് ഡിസ്ട്രോയര്‍, കാല്‍വരി ക്ലാസ് സബ്മറൈന് എന്നിവയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
മണിക്കൂറില്‍ 780 കിലോമീറ്റര്‍ വേഗതയില്‍ തൃശൂലരൂപാകൃതിയില് പറന്നുയര്‍ന്ന മൂന്ന് അത്യാധുനിക ലൈറ്റ് ഹെലിക്പോറ്ററുകളും പരേഡിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു.
16 സൈനിക വിഭാഗങ്ങളാണ് പരേഡില്‍ മാര്‍ച്ച് ചെയ്തത്. ഇതില്‍ 6 എണ്ണം കരസേനയില്‍ നിന്നും ബാക്കിയുള്ളവ വ്യോമ, നാവിക, സൈനിക പൊലീസ്, ഡല്‍ഹി പൊലീസ്, എന്‍സിസി, എന്‍എസ്എസ് എന്നീ വിഭാഗങ്ങളുടേതായിരുന്നു.
22 ടാബ്ലോകളാണ് പരേഡില്‍ ഉണ്ടായിരുന്നത്. ഇതില്‍ 16 എണ്ണം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും 6 എണ്ണം കേന്ദ്ര മന്ത്രാലയങ്ങളില്‍ നിന്നും ദേശീയ ദുരന്ത നിവാരണ സേനയില്‍ നിന്നും ഉണ്ടായിരുന്നതാണ്.
കേന്ദ്ര ഭരണപ്രദേശമെന്ന നിലയില്‍ ജമ്മു കശ്മീര്‍ ആദ്യമായി പരേഡില്‍ പങ്കെടുത്ത റിപ്പബ്ലിക് ദിനമാണിത്. റഫേല്‍, തേജസ്, ലൈറ്റ്കോംപാക്ട് ഹെലികോപ്പ്റ്റേഴ്സ്, ആകാശ് -അസ്ത്ര മിസൈല്‍ സിസ്റ്റം എന്നിവയായിരുന്നു ഇന്ത്യന്‍ വ്യോമസേന അവതരിപ്പിച്ച ടാബ്ലോയില്‍ ഉള്‍പ്പെട്ടിരുന്നത്. എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ജല്‍ജീവന്‍ മിഷന് പദ്ധതിയാണ് ജല്‍ശക്തി മന്ത്രാലയത്തിന്റെ ടാബ്ലോ പ്രദര്‍ശിപ്പിച്ചിരുന്നത്.
വ്യോമസേനയുടെ യുദ്ധ മുന്നണി പോരാളി അപ്പാഷെ, ചിനൂക്ക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റര്‍ എന്നിവയും പരേഡിന്റെ ഭാഗമായി. പെണ് കരുത്തിന്റെ പ്രതീകമായ ടാനിയ ഷേര്‍ഗിലാണ് കരസേനാ വിഭാഗമായ സിഗ്നല്‍ കോര്‍ പുരുഷ സംഘത്തെ നയിച്ചത്.courtesy .. janam ;