ന്യൂഡൽഹി: ഇന്ത്യ പാകിസ്ഥാൻ ഉഭയകക്ഷി ചർച്ച ഇല്ലെന്ന് വ്യക്തമാക്കി വിദേശ കാര്യ മന്ത്രാലയം. തീവ്രവാദ സംഘടനകളെ സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിക്കുന്നത് വരെ പാകിസ്ഥാനുമായി ചർച്ച ആലോചിക്കുന്നില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.പാകിസ്ഥാൻ താവളമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്കെതിരെ പാകിസ്ഥാൻ കർശന നടപടി എടുക്കണമെന്നും വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.
ഈ മാസം 13, 14 തീയതികളിൽ കിർഗിസ്ഥാനിൽ വെച്ച് നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനുമായി ചർച്ച നടത്തുമെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ വിദേശ കാര്യാ മന്ത്രാലയം നിഷേധിച്ചു. നരേന്ദ്രമോദിയും ഇമ്രാൻഖാനുമായി ഉഭയകക്ഷി ചർച്ച ഉണ്ടാവില്ലെന്ന് വിദേശകാര്യ സെക്രട്ടറി രവീഷ് കുമാർ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയോടെ തീവ്രവാദ സംഘടനകൾക്കെതിരെയും അവർക്ക് സംരക്ഷണം നൽകുന്നവർക്കെതിരെയും നരേന്ദ്രമോദി സർക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്ന് ഒരിക്കൽ കൂടി വ്യക്തമാവുകയാണ്. ഉറി, പുൽവാമ ഭീകരാക്രമങ്ങൾക്ക് ശേഷം തീവ്രവാദ സംഘടനകൾക്കെതിരെ പാകിസ്ഥാൻ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്ഥാൻ അതിന് തയ്യാറാവാത്തതോടെയാണ് ഇന്ത്യ നയതന്ത്ര ചർച്ചകൾ പൂർണമായും ഒഴിവാക്കിയത്.courtesy:janam