അഹമ്മദാബാദ്: വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നതിനിടെ പശ്ചിമ റെയിൽവെ നിരവധി ട്രെയിനുകൾ പൂർണ്ണമായോ,ഭാഗികമായോ റദ്ദാക്കി. വിരാവൽ, ഓഖ, പോർബന്തർ, ബുജ് തുടങ്ങിയ റെയിൽവെ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ഈ റെയിൽവെ സ്റ്റേഷനുകളുടെ സാധാരണ രീതിയിലുള്ള പ്രവർത്തനം ബുധനാഴ്ച ആറ് മണി മുതൽ നിർത്തിവച്ചിരിക്കുകയാണ്. ഇവിടെയുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ പ്രത്യേക ട്രെയിൻ സർവ്വീസുകൾ പ്രഖ്യാപിച്ചു. ആറ് മുതൽ പത്ത് വരെ കോച്ചുകളുള്ള പ്രത്യേക ട്രെയിനുകൾ സൗജന്യമായി ഓടിക്കാനും തീരുമാനമായിട്ടുണ്ട്.
അതോടൊപ്പം തന്നെ ചുഴലിക്കാറ്റ് വീശിക്കഴിഞ്ഞ് ഏറ്റവും വേഗത്തിൽ തന്നെ റെയിൽവെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള മുൻകരുതലുകള്‍ സ്വീകരിക്കാൻ എല്ലാ ഡിവിഷനുകൾക്കും റെയിൽവെ നിർദ്ദേശം നൽകിയിട്ടുണ്ട്. ജെസിബി, മരം മുറിക്കാനുള്ള യന്ത്രങ്ങൾ, തൊഴിലാളികൾ തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്.