കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തി വരുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബംഗാളില്‍ ഇതുവര ആയിരത്തോളം ഡോക്ടര്‍മാരാണ് രാജിവെച്ചത്. ഇതിനു പിന്നാലെ 48 മണിക്കൂറിനകം പ്രശ്നത്തിനു പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്കി.
സമരത്തില്‍ ഇടക്കാല ഉത്തരവ് ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം കൊല്‍ക്കത്ത ഹൈക്കോടതി തളളിയിരുന്നു. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ അനുനയിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് വെള്ളിയാഴ്ച മാത്രം 300-ലധികം ഡോക്ടര്‍മാരാണ് രാജിവെച്ചത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇവരുമായി കൂടിക്കാഴ്ച്ചക്ക് ശ്രമിച്ചെങ്കിലും ഡോക്ടര്‍മാര്‍ സഹരിച്ചില്ല. സമരം തകര്‍ക്കാനുള്ള ശ്രമമാണ് മമത സര്‍ക്കാറിന്റെത് എന്നാണ് ഡോക്ടര്‍മാരുടെ ആരോപണം. ഇന്ന് സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്താമെന്നാണ് മമത പറഞ്ഞിരുന്നത്. ഡോക്ടര്‍മാര്‍ക്കെതിരെ മമതാ ബാനര്‍ജി നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.
പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തിങ്കളാഴ്ച്ച ദേശീയ പണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആഹ്വാനം ചെയ്തു . പ്രശ്നം ഉടന്‍ പരിഹരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുമെന്ന് ഡല്‍ഹി എയിംസ് ഉള്‍പ്പടെയുള്ള ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അറിയിച്ചു . പ്രശ്നം ഉടന്‍ അവസാനിപ്പിച്ച് ആശുപത്രികള്‍ പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ദ്ധന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി മമതാ ബാനര്‍ജിയടക്കമുള്ള മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.