പാലക്കാട്: മുഖ്യമന്ത്രിയും നടൻ മോഹൻലാലും ഒരേ വേദി പങ്കിട്ട ചടങ്ങിൽ പ്രകോപിതനായി പിണറായി വിജയൻ.പാലക്കാട് നെന്മാറ അവൈറ്റിസ് ആശുപത്രിയുടെ ഉദ്ഘാടന പരിപാടിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ധാർഷ്ട്യം മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ച ശേഷവും ജനങ്ങൾ മോഹൻലാലിന് ആർപ്പുവിളിച്ചതാണ് പിണറായിയെ ചൊടിപ്പിച്ചത്. പരിപാടിക്കിടെ മുഖ്യമന്ത്രിക്ക് സ്വാഗതം പറഞ്ഞപ്പോൾ ലഭിച്ചതിനെക്കാൾ കൈയടിയും ആർപ്പുവിളികളുമായിരുന്നു നടൻ മോഹൻലാലിന്റെ പേര് പറഞ്ഞപ്പോൾ ലഭിച്ചത്.
മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചപ്പോഴും ജനങ്ങൾ മോഹൻലാലിന് ജയ് വിളിച്ചു കൊണ്ടിരുന്നു. അത് മുഖ്യമന്ത്രിയെ പ്രകോപിതനാക്കുകയും മോഹൻലാലിന് ജയ് വിളിക്കുന്നത് പ്രായത്തിന്റെ പ്രശ്നമാണെന്നും പറഞ്ഞ മുഖ്യമന്ത്രി, ഇത് എന്നും ഉണ്ടാകുമെന്നും കൂട്ടിചേർത്തു. ശേഷം അതിവേഗം പ്രസംഗം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങി. എന്നാൽ അവസാനം സംസാരിച്ച മോഹൻലാൽ ഈ വിഷയങ്ങളിലൊന്നും പ്രതികരിക്കാതെ പ്രസംഗം അവസാനിപ്പിച്ചതും ശ്രദ്ധേയമായി.
സ്പീക്കർ ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.കെ ശൈലജ, കെ.കൃഷ്ണൻകുട്ടി ,വി എസ് സുനിൽകുമാർ, ഒ.രാജഗോപാൽ എം എൽ എ തുടങ്ങിയവരെല്ലാം പരിപാടിയിൽ പങ്കെടുത്ത ചടങ്ങിലായിരുന്നു പിണറായിയുടെ ധാർഷ്ട്യം വീണ്ടും മറനീക്കി പുറത്ത് വന്നത്.