കണ്ണൂർ ; സിപിഎം ഭരിക്കുന്ന നഗരസഭ ഓഡിറ്റോറിയത്തിനു കൈവശാവകാശ സർട്ടിഫിക്കറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ഉടമയായ പ്രവാസി ആത്മഹത്യ ചെയ്തു . പാർഥാ ബിൽഡേഴ്സ് എം ഡി സാജൻ പാറയിലിനെ ( 49 ) ആണ് കക്കാട്ടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .
ഓഡിറ്റോറിയം തുറക്കാൻ കഴിയില്ലെങ്കിൽ ആത്മഹത്യ അല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് സാജൻ സുഹൃത്തുക്കളോടും പറഞ്ഞിരുന്നു .സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളയാണു നഗരസഭാധ്യക്ഷ. ഇവർക്കെതിരെ ആത്മഹത്യ കുറിപ്പ് എഴുതിയ ശേഷമായിരുന്നു സാജന്റെ ആത്മഹത്യ .
ആന്തൂർ നഗരസഭയിൽപെട്ട ബക്കളത്ത് 15 കോടി രൂപ മുടക്കിയാണു സാജൻ ഓഡിറ്റോറിയം നിർമിച്ചത്. എന്നാൽ ഏതാനും മാസം മുൻപ് നിർമാണത്തിൽ അപാകത ആരോപിച്ചു നഗരസഭ നോട്ടിസ് നൽകി. കെട്ടിടം പൊളിച്ചു മാറ്റണമെന്നായിരുന്നു ആവശ്യം . സാജൻ സിപിഎം ജില്ലാ കമ്മിറ്റിയെ സമീപിക്കുകയും ഉദ്യോഗസ്ഥരടങ്ങിയ സമിതി പരിശോധന നടത്തിയശേഷം നടപടിയെടുത്താൽ മതിയെന്നു പാർട്ടി നിർദേശിക്കുകയും ചെയ്തു .
ജില്ലാ ടൗൺ പ്ലാനിംഗ് പ്ലാനിംഗ് ഓഫീസർ ഉൾപ്പെടെ നടത്തിയ പരിശോധനയിൽ അപാകത കണ്ടെത്തിയില്ല . നിർമ്മാണം തുടർന്നു . ഓഡിറ്റോറിയം പൂർത്തിയായ ശേഷം നാലു മാസം മുൻപ് കൈവശാവകാശ സർട്ടിഫിക്കറ്റിനു നഗരസഭയെ സമീപിച്ചു . എന്നാൽ നഗര സഭ ഈ അപേക്ഷയിൽ തീരുമാനമെടുത്തില്ല . ഈ വിഷയത്തിലും സാജൻ പരാതി നൽകിയിരുന്നു . എന്നാൽ തീരുമാനമുണ്ടാകാത്തതിനെ തുടർന്നായിരുന്നു ആത്മഹത്യ.(കടപ്പാട്: ജനം ടി വി)