ഡൽഹി : ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസിൽ നിലപാട് വ്യക്തമാക്കി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പാർട്ടി ആരെയും സംരക്ഷിക്കില്ല, കേസ് തീർത്തും വ്യക്തിപരമാണ്. പ്രത്യഘാതം വ്യക്തിപരമായി നേരിടണമെന്ന് ബൃന്ദ കാരാട്ട് ഡൽഹിയിൽ പറഞ്ഞു.
പീഡനക്കേസിൽ പാർട്ടി ഇടപെടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. കോടിയേരിക്കെതിരെ എന്തെങ്കിലും പരാതി വന്നാൽ അത് പാർട്ടി അന്വേഷിക്കും. എന്നാൽ മകൻ സ്വകാര്യ വ്യക്തിയായതിനാൽ കേസിൽ ഇടപെടില്ലെന്നും ആരെയും രക്ഷിക്കാൻ ശ്രമിക്കില്ലെന്നും കേന്ദ്ര നേതാക്കൾ പറഞ്ഞു. എന്നാൽ ഈ കേസിൽ ഏതെങ്കിലും പാർട്ടി നേതാക്കൾക്ക് പങ്കുണ്ടെങ്കിൽ അത് അന്വേഷിക്കുകയും ചെയ്യും.
വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ ബിനോയ് പീഡിപ്പിച്ചെന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. ബിനോയ് വിവാഹിതനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. ബിനോയ് വീടെടുത്ത് മുംബൈയില്‍ താമസിപ്പിച്ചു. വാടകയും വീട്ടു ചെലവും നല്‍കിയിരുന്നതും ബിനോയ് തന്നെയാണെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ മുംബൈയിലെ ഓഷിവാരെ പോലീസ് ബിനോയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി 376 (2), 420,504,506 എന്നീ വകുപ്പുകളാണ് ബിനോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം യുവതിയുടെ ആരോപണങ്ങളെ ബിനോയ് നിഷേധിച്ചു. പരാതിക്കാരിയെ അറിയാമെന്നും എന്നാല്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്നും ബിനോയ് പറഞ്ഞു. ആരോപണങ്ങളെ നിയമപരമായി നേരിടും. ഇപ്പോള്‍ നടക്കുന്നത് ഭീഷണിപ്പെടുത്താനുള്ള ശ്രമമാണെന്നും ബിനോയ് പറഞ്ഞു. താന്‍ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയില്‍ നോട്ടീസ് അയച്ചിരുന്നുവെന്നും ഈ നോട്ടീസിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പുതിയ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് കോടിയേരി പറഞ്ഞു.