ന്യൂഡൽഹി: കോൺഗ്രസ്സ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളുടെ ബഹളത്തിനിടെ മുത്വലാഖ് ബില്‍ വീണ്ടും ലോക്സഭയില്‍ അവതരിപ്പിച്ചു. പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ആദ്യ ബില്ലാണ് മുസ്ലീം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായുള്ള മുത്വലാഖ് ബില്ല് . ബില്ലവതരണത്തിനായി കേന്ദ്ര നിയമ വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് എഴുന്നേറ്റതോടെ കോൺഗ്രസ്സ്, മുസ്ലീം ലീഗ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെല്ലാം എതിർപ്പുമായി രംഗത്തെത്തി. ബില്ല് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് കോൺഗ്രസ്സിന്റെ ആരോപണം. കൂടാതെ ബില്ല് വിവേചനപരമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളം ആരംഭിച്ചതോടെ സ്പീക്കർ വിഷയം വോട്ടിനിടുകയും 76 നെതിരെ 186 വോട്ടുകളുടെ പിൻബലത്തിൽ രവിശങ്കർ പ്രസാദ് ബില്ല് അവതരിപ്പിക്കുകയും ചെയ്തു.
പ്രതിപക്ഷ പാർട്ടികൾ മുസ്ലീം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ചിന്തിക്കാതെയാണ് എതിർപ്പുന്നയിച്ചതെന്ന് രവിശങ്കർ പ്രസാദ് പ്രതികരിച്ചു. ബില്ല് വിഭാഗീയത സൃഷ്ടിക്കുന്നതാണെന്നും, മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും മുസ്ലീംലീഗ് നേതാവ് കുഞ്ഞാലികുട്ടി എംപി പറഞ്ഞു.
മൂന്ന് തലാഖ് ചൊല്ലി വിവാഹം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്ന ബില്ലുമായി മുൻപോട്ട് പോകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഒന്നാം നരേന്ദ്രമോദി സർക്കാർ ലോക്സഭയിൽ മുത്വലാഖ് ബില്ല് പാസ്സാക്കിയിരുന്നെങ്കിലും രാജ്യസഭ അംഗീകാരം നൽകാത്തതോടെ അസാധുവാകുകയായിരുന്നു.