കർണാടകത്തിൽ കൂടുതൽ ഭരണപക്ഷ എംഎൽഎമാർ രാജിവെക്കുന്നു. മുംബൈയിൽ തങ്ങുന്ന പത്ത് വിമത എംഎൽഎമാരെ ചാക്കിടാൻ ഇറങ്ങിപ്പുറപ്പെട്ട കർണാടക സംസ്ഥാന മന്ത്രി ഡികെ ശിവകുമാറും മറ്റൊരു എംഎൽഎയായ ജിടി ദേവഗൗഡയും 144 -ആം വകുപ്പനുസരിച്ചുള്ള നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായി. ചട്ടപ്രകാരം രാജി കത്ത് വേണമെന്ന സ്പീക്കറുടെ നിലപാടിൽ ഇടപെടാൻ കഴിയില്ലെന്ന് ഗവർണർ വാജുഭായ് വാല ബിജെപി നേതാക്കളോട് പറയുകയും ചെയ്തു. എന്നാൽ യഥാർഥത്തിൽ ജെഡിഎസ് -കോൺഗ്രസ് കൂട്ടുകക്ഷി സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടമായിക്കഴിഞ്ഞു. ഇപ്പോഴും എന്തെങ്കിലും മാജിക് നടക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും ജനതാദളും. അതിനായി അവർ ആശ്രയിക്കുന്നത് സ്പീക്കറുടെ ഓഫീസിനെയും. എന്നാൽ തങ്ങൾ നൽകിയ രാജിക്കത്ത് സ്വീകരിക്കാത്ത സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചു. നാളെ കോടതി ആ ഹർജി പരിഗണിക്കും എന്നാണ് സൂചനകൾ. അതിലേറെ രസകരം 12 ന് കർണ്ണാടക നിയസഭ സമ്മേളനം തുടങ്ങുകയാണ്; ഫിനാൻസ് ബിൽ അടക്കം പലതും സർക്കാരിന് പാസാക്കിയെടുക്കാനുണ്ട് എന്നാണ് സൂചന, എന്നാൽ ഭൂരിപക്ഷം നഷ്ടപ്പെട്ട സർക്കാരിന് എങ്ങിനെ നിയമസഭ നടത്താൻ കഴിയുമെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. രാജിവെക്കുകയല്ലാതെ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്ക് മുന്നിൽ മറ്റൊരു മാർഗവുമില്ല എന്നർത്ഥം.
പതിമൂന്ന് പേരാണ് നേരത്തെ രാജിവെച്ചിരുന്നത്. അതിന് പിന്നാലെ രണ്ടുപേർ, ബിഎസ്പി അംഗവും സ്വതന്ത്രനും, ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇന്നലെ വൈകീട്ട് റോഷൻ ബെയ്ഗ് എന്ന മുതിർന്ന കോൺഗ്രസ് അംഗവും രാജിവെച്ചു. ഇന്നിപ്പോൾ രാജിവെച്ചത് രണ്ടുപേർ. നാഗരാജ്ജ്, ഡോ സുധാകർ എന്നിവർ . രണ്ടുപേരും രാജിക്കത്ത് സ്പീക്കർക്ക് നേരിട്ട് നൽകി. എന്നാൽ പിന്നീട് സുധാകറിനെ വിധാൻ സൗധയിൽ ഒരു മന്ത്രി തന്റെ മുറിയിൽ അടച്ചുപൂട്ടിയതായി വാർത്ത പരന്നു. അതോടെ എംഎൽഎമാരടക്കമുള്ള ബിജെപി നേതാക്കൾ അവിടെയെത്തി സത്യാഗ്രഹം തുടങ്ങി. അതായത് ഇന്നത്തെ നിലക്ക് ഭരണ സഖ്യത്തിന് 101 എംഎൽഎമാരുടെ പിന്തുണയെ ഉള്ളു. ബിജെപിക്കാവട്ടെ 107 എംഎൽഎമാരുടെ പിന്തുണയും.