ബെംഗളൂരു: കോൺഗ്രസ്- ജെഡിഎസ് സഖ്യസർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ കര്‍ണാടകയില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് വേഗതകൂട്ടി ബിജെപി നേതൃത്വം. ബി.എസ്. യെദ്യൂരപ്പയെ പുതിയ മുഖ്യമന്ത്രിയായി നിർദ്ദേശിക്കാൻ ബിജെപി പാർലമെന്ററി ബോര്‍ഡ് അനുമതി നല്കി. തങ്ങളുടെ മേലുള്ള ഉത്തരവാദിത്തം നിറവേറ്റുമെന്ന് കർണാടകയുടെ ചുമതലയുള്ള ബിജെപി നേതാവ് പി. മുരളീധർ റാവു പറഞ്ഞു. ഉടനെ തന്നെ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച ബിജെപി നിയമസഭാകക്ഷി യോഗം ചേര്‍ന്ന ശേഷം യെദ്യൂരപ്പ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്നാണ് വിവരം.
അതേസമയം, ജനാധിപത്യത്തിന്റെ ജയമെന്നാണ് വിശ്വാസവോട്ടെടുപ്പിൽ പാർട്ടിയുടെ ജയത്തെ ബിജെപി നേതാവ് ബി.എസ്. യെദ്യൂരപ്പ വിശേഷിപ്പിച്ചത്. കുമാരസ്വാമി സർക്കാരിനെ ജനങ്ങൾ മടുത്തിരുന്നു. വികസനത്തിന്റെ ഒരു പുതിയ യുഗമാണ് ഇനി കർണാടകയിലെ ജനങ്ങൾക്കു ലഭിക്കാൻ പോകുന്നത്. സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് കൂടുതല്‍ പരിഗണനയും പ്രാധാന്യവും വരും ദിവസങ്ങളില്‍ ലഭിക്കും. ചില തീരുമാനങ്ങള്‍ ഉടനെ തന്നെ ഞങ്ങളെടുക്കുമെന്നും വിശ്വാസ വോട്ടെടുപ്പിനു ശേഷം മാധ്യമങ്ങളെ കണ്ട യെദ്യൂരപ്പ വ്യക്തമാക്കി. വിമത എംഎൽഎമാരുടെ രാജി സ്വീകരിച്ചതിനു ശേഷമെ പാർട്ടിയിൽ ചേരുമോ ഇല്ലയോയെന്ന് തീരുമാനിക്കൂവെന്നു ബിജെപി നേതാവ് ജഗദീഷ് ഷെട്ടർ പറഞ്ഞു.