ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി തെലുങ്ക് ദേശം പാര്‍ട്ടി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ടിഡിപി പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മുകശ്മീരിലെ ജനങ്ങളുടെ സമാധാനത്തിനും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് ചന്ദ്രബാബു നായിഡു കേന്ദ്രസര്‍ക്കാരിന് പിന്തുണ അറിയിച്ചത്.
നേരത്തെ ബില്ലിനെ പിന്തുണക്കുന്നതായി വ്യക്തമാക്കി നിരവധി പേരാണ് രംഗത്തെത്തിയത്. ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും സമാധാനവും വികസനവും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കി ആംആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കേജരിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. ബിഎസ്പി അദ്ധ്യക്ഷ മായാവതിയും ബില്ലിനെ പിന്തുണക്കുമെന്ന് അറിയിച്ചു. ബില്ലിനെ സ്വാഗതം ചെയ്യുന്നതായി ബിഎസ്പി എംപി സതീഷ് ചന്ദ്ര മിശ്ര വ്യക്തമാക്കി.(കടപ്പാട്;ജനം:)