അനേകായിരങ്ങൾക്ക് അഭയമേകിയ ആ ട്വിറ്റർ ഹാൻഡിൽ ഇനി ചലിക്കില്ല. പ്രവാസി ഇന്ത്യക്കാർക്ക് അമ്മയായി മാറിയ വാത്സല്യം ഇനിയില്ല. യുഎൻ വേദികളിൽ ഇന്ത്യൻ ദേശീയതയ്ക്കു വേണ്ടി ശക്തിയോടെ മുഴങ്ങിയ ആ സൗമ്യ ശബ്ദം ഇനി ഓർമ്മ മാത്രം. അവസാന ശ്വാസവും രാഷ്ട്രത്തിനു വേണ്ടി എന്ന പ്രതിജ്ഞ പാലിച്ച് ഇന്ത്യയുടെ അമ്മ വിടവാങ്ങി.
അകലങ്ങളിലെ ഇന്ത്യക്കാരന് അവസാനത്തെ ആശ്രയമല്ല , ഏറ്റവും ആദ്യത്തെ ആശ്രയമായി മാറിയിരുന്നു ഇന്ത്യയുടെ വിദേശകാര്യമന്ത്രി. ഇന്ത്യക്കാർ മാത്രമല്ല ചികിത്സയ്ക്ക് വേണ്ടി തന്നെ സമീപിച്ച പാകിസ്ഥാൻകാരെയും ആ അമ്മ കരുണയോടെ കണ്ടു. അവർക്കു വേണ്ടി വിസ സൗകര്യങ്ങൾ ഒരുക്കി. അവരുടെ ഓരോ ആവശ്യങ്ങളും ശ്രദ്ധയോടെ കേട്ടു. അമ്മേയെന്ന് വിളിച്ച് അശരണർ മക്കളായി. അവരെയെല്ലാം വാത്സല്യപൂർവ്വം സുഷമ ചേർത്തു പിടിച്ചു.
ആത്മഹത്യക്ക് ശ്രമിച്ചവർക്ക് അഭയമായി ഞങ്ങൾ കൂടെയുണ്ടെന്ന് പറഞ്ഞുവെന്ന് മാത്രമല്ല കൈപിടിച്ച് കൂടെ നിന്നു. ചൊവ്വയിൽ കുടുങ്ങിയാൽ പോലും ഞങ്ങൾ രക്ഷപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യക്കാർക്ക് വേണ്ടി മഹാമേരു പോലെ നിലകൊണ്ടു. അള്ളാഹു കഴിഞ്ഞാൽ നിങ്ങളാണ് ഞങ്ങളുടെ അവസാന ആശ്രയമെന്ന് പാകിസ്ഥാൻകാർ പോലും പറയുന്ന രീതിയിൽ കാരുണ്യത്തിന്റെ വിശ്വവനിതയായി.
മാതൃരാജ്യത്തിന്റെ നേരേ ഉയർന്ന ഒരു വെല്ലുവിളിയും കണ്ടു നിൽക്കാൻ കഴിഞ്ഞില്ല അവർക്ക്. മാതൃഭാവത്തിനൊപ്പം തന്നെ ശക്തയായ ഭരണാധികാരി എന്ന വേഷവും അവർ ഭംഗിയായി നിറഞ്ഞാടി. ലോകമവസാനിച്ചാലും കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്ന് ഉറച്ച പ്രഖ്യാപനം നടത്തി. യുഎന്നിൽ അളന്നു മുറിച്ച വാക്കുകളിലൂടെ എതിരാളികളെ നിഷ്പ്രഭമാക്കി(കടപ്പാട്;ജനം)