ന്യൂഡൽഹി : യു എ ഇ യുടെ പരമോന്നത സിവിലിയൻ പുരസ്ക്കാരമായ ഷെയ്ഖ് സായിദ് മെഡൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിച്ചു . അബുദാബി കിരീടവകാശിയും, യു എ ഇ സായുധസേന ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് പുരസ്കാരം സമ്മാനിച്ചത്.ആദ്യമായാണ് ഒരിന്ത്യക്കാരൻ ഈ ബഹുമതിക്ക് അർഹനാകുന്നത്.തുടർന്ന് യു എ ഇ ഭരണാധികാരികളുമായി അദ്ദേഹം ചർച്ച നടത്തി .
രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം യു എ ഇ യിലെത്തിയത് . യുഎഇയിലെ ഇന്ത്യക്കാരായ സഞ്ചാരികൾക്കും താമസക്കാർക്കും ഉപയോഗിക്കാവുന്ന റൂപേ കാർഡും അദ്ദേഹം പുറത്തിറക്കി .ഇതോടെ യുഎഇയും ഇന്ത്യയും തമ്മിൽ നേരിട്ടുള്ള ഡിജിറ്റൽ പണമിടപാട് സംവിധാനമാണ് പ്രാബല്യത്തിലായത്.യു.എ.ഇയിലെ ബാങ്കുകളായ അബുദാബി ഫസ്റ്റ് ബാങ്ക്,എമിറേറ്റ്സ് എൻ .ബി.ഡി,ബാങ്ക് ഓഫ് ബറോഡ,ലുലു ഹൈപ്പർമാർക്കെറ്റ് ,എൻ.എം.സി ഹോസ്പിറ്റൽ,വി.പി.എസ് ഹെൽത് കെയർ തുടങ്ങിയ 12 ഇടങ്ങളിൽ ആദ്യ ഘട്ടത്തിൽ റുപേ കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്താം.
റുപേ കാർഡ് ഏർപ്പെടുത്തുന്ന ആദ്യ അറബ് രാഷ്ട്രമാണ് യുഎഇ. കാർഡിന്റെ യുഎഇയിലെ ഇടപാടുകൾ നടക്കുന്നത് മെർക്കുറി പേയ്മെന്റ് സർവീസ് വഴിയുമാണ്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ സേവനദാതാവിന് പണം ലഭിക്കുന്നതു പോലെ റുപേ കാർഡ് ഉപയോഗിക്കുമ്പോൾ സർക്കാരിന് പണം ലഭിക്കുമെന്നതിനാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കും ഗുണകരമാണ് റുപേ കാർഡ്
തുടർന്നു മോദി ബഹ്റൈനിലേക്കു തിരിച്ചു . ബഹ്റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുമായി ചർച്ച നടത്തും. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്റൈൻ സന്ദർശിക്കാനൊരുങ്ങുന്നത്. മനാമയിലെ ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണപ്രവർത്തനങ്ങൾ മോദി ഉദ്ഘാടനം ചെയ്യും.(കടപ്പാട്..ജനം)