ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ കൂടുതല്‍ സ്വത്ത് വിവരങ്ങള്‍ പുറത്ത്. ഇന്ത്യയ്ക്ക് പുറമേ 13 വിദേശ രാജ്യങ്ങളില്‍ കോടികള്‍ വിലമതിക്കുന്ന സ്വത്തുവകകകള്‍ ഉള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വെളിപ്പെടുത്തി. അര്‍ജന്റീന, ആസ്ട്രിയ, ബ്രിട്ടിഷ് വെര്‍ജിന്‍ ഐലന്റ്, ഫ്രാന്‍സ്, ഗ്രീസ്, മലേഷ്യ, മൊനാകോ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, സൗത്ത് ആഫ്രിക്ക, സ്പെയ്ന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് ചിദംബരത്തിന് സ്വത്തുക്കള്‍ ഉള്ളത് .കൂടാതെ ചിദംബരത്തിനും കൂട്ടാളികള്‍ക്കും പല വിദേശ രാജ്യങ്ങളില്‍ നിക്ഷേപങ്ങളുള്ളതായും എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി.
ചിദംബരത്തിനെതിരെ അഴിമതി ആരോപണം ഉയര്‍ന്ന നാള് മുതല്‍ അദ്ദേഹത്തിന്റെ സ്വത്ത് വകകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ചെന്നൈയില്‍ മാത്രം 12 ആഡംബര വീടുകളാണ് ചിദംബരത്തിനുള്ളത്. കൂടാതെ 40 മാളുകളും, 16 സിനിമാ തിയറ്ററുകളും, 3 ഓഫീസുകളും, 300 ഏക്കര്‍ ഭൂമിയും ചിദംബരത്തിനുണ്ട്. ഇത് ചെന്നൈയിലെ മാത്രം കണക്കാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി കോടിക്കണക്കിന് സ്വത്തുക്കളാണ് ചിദംബരത്തിനുള്ളത്. ഒരു കേന്ദ്രമന്ത്രിയ്ക്ക് ഇത്രയധികം സ്വത്തുവകകള്‍ ഉണ്ടാകുന്നത് എന്‍ഫോഴ്സ്മെന്റിനെ പോലും ഞെട്ടിക്കുന്നു.
ചിദംബരത്തിന്റെ സ്വത്ത് വിവരങ്ങള്‍ ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നില്ല. യുകെ യില്‍ 88 ഏക്കറോളം ഭൂമി, ആഫ്രിക്കയില്‍ മുന്തിരി തോട്ടങ്ങള്‍, കുതിര ലായങ്ങള്‍, ശ്രീലങ്കയില്‍ ആഢംബര സുഖവാസ കേന്ദ്രങ്ങള്‍, പ്രമുഖ ഹോട്ടലായ ലങ്ക ബാഡ്സണ് റെസിഡന്സില് പകുതിയോളം ഷെയറുകള്‍, സിംങ്കപ്പൂര്‍, മലേഷ്യ, തായ്ലാന്റ് എന്നിവിടങ്ങളില്‍ വസ്തുവകകള്‍, സ്പെയിനിലെ ബാര്‍സിലോണയില്‍ 4 ഏക്കറോളം വരുന്ന സ്ഥലത്ത് 11 ടെന്നീസ് കോര്‍ട്ടുകള്‍, ദുബായ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങള്‍, ലണ്ടന്‍, ദുബായ്, സൗത്ത് ആഫ്രിക്ക, ഫിലിപ്പൈന്‍സ്, യുഎസ്എ,സ്വിറ്റ്സര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ 14 മില്യന്റെ നിക്ഷേപങ്ങള്‍ എന്നിങ്ങനെ നീളുന്നു പട്ടിക. ഈ കണക്കുകളാണ് ചിദംബരത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതും.
അതേസമയം കൂടുതല്‍ അന്വേഷണത്തിനായി ചിദംബരത്തെ ഇന്ന് വീണ്ടും സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെയാണ് ചിദംബരത്തെ കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടത്. സാമ്പത്തിക ഇടപാടിന്റെ നിര്‍ണ്ണായക തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. വളരെ നിര്‍ണ്ണായകമായ തെളിവുകള്‍ ഇപ്പോള്‍ പുറത്ത് വിടാനാകില്ലെന്നും സിബിഐ വ്യക്തമാക്കി. കേസില്‍ കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി മറ്റു പ്രതികള്‍ക്കൊപ്പം ചിദംബരത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ചിദംബരത്തെ വീണ്ടും കസ്റ്റഡിയില്‍ വിട്ടത്
മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ചിദംബരം സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി രാവിലെ കോടതി തള്ളിയിരുന്നു. അറസ്റ്റ് ചെയ്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. എന്‍ഫോഴ്സ്മെന്റ് അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കണം, സിബിഐ അറസ്റ്റ് ഒഴിവാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ചിദംബരം ഹര്‍ജി നല്‍കിയത്.‘ആഗസ്റ്റ് 21 നാണ് അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം അറസ്റ്റിലായത്. ജോര്‍ബാഗിലെ വീട്ടിലെത്തിയാണ് ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം ഉദ്യോഗസ്ഥര്‍ നേരിട്ട് നിയമ നടപടികളിലേക്ക് കടക്കുകയായിരുന്നു.
എന്നാല്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് കാണിച്ച് ചിദംബരത്തെ അഞ്ച് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ആഗസ്റ്റ് 26 വരെ ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കേസില്‍ വിശദമായ ചോദ്യംചെയ്യല്‍ വേണമെന്ന ആവശ്യപ്രകാരം ഈ മാസം 30 വരെ ചിദംബരത്തെ വീണ്ടും സിബിഐ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിടുകയായിരുന്നു.(കടപ്പാട്..ജനം)