ചെന്നൈ: അണ്ണാ ഡിഎംകെയുടെ ബാനര്‍ വീണ് സ്കൂട്ടര്‍ യാത്രിക മരണപ്പെട്ട സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജനങ്ങളുടെ ജീവന് ഭീക്ഷണിയായ ഇത്തരം ബോര്‍ഡുകള്‍ ഇനി എത്ര പേരുടെ ജീവന് നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് കോടതി ചോദിച്ചു. മരണപ്പെട്ട സുഭശ്രീയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ താല്‍ക്കാലിക നഷ്ട പരിഹാരം നല്‍കാനും കോടിതി നിര്‍ദ്ദേശിച്ചു.
പൊതുസ്ഥലങ്ങളില്‍ പരസ്യ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നത് നിരോധിച്ച് 2017 ല്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഇത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. നിയമം നടപ്പാക്കാത്ത ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാര തുക ഈടാക്കാനാണ് കോടതി നിര്‍ദ്ദേശം. പരസ്യ ബോര്‍ഡുകള്‍ക്കെതിരെ ഒരു പ്രസ്താവന പോലും പുറത്തിറക്കാന്‍ മുഖ്യമന്ത്രി തയ്യാറായോ എന്നും കോടതി ചോദിച്ചു. ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലെന്നും ഉദ്യോഗസ്ഥരുടെ ഉദാസീനതയാണ് ഇതെന്നും സര്‍ക്കാരിന് റോഡുകളില്‍ പെയിന്റടിക്കാന്‍ ഇനിയും എത്ര ലിറ്റര്‍ രക്തമാണ് ആവശ്യമായതെന്നും കോടതി ചോദിച്ചു.
ചെന്നൈ സ്വദേശിയായ സുഭശ്രീയുടെ മുകളിലേക്ക് റോഡിന്റെ സെന്റര്‍ മീഡിയനില്‍ സ്ഥാപിച്ച ബാനര്‍ ഇളകി വീഴുകയായിരുന്നു. തുടര്‍ന്ന് സ്കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ വെള്ളവുമായെത്തിയ ടാങ്കര്‍ ലോറി കയറുകയായിരുന്നു. അപകടസ്ഥലത്ത് തന്നെ യുവതി മരിച്ചു.courtesy..janam