പാലക്കാട്: കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ജിഹാദികളും , മാവോവാദികളുമെല്ലാം നുഴഞ്ഞ് കയറിയിരിക്കുകയാണെന്ന് അബ്ദുള്ളക്കുട്ടി.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നയിക്കുന്ന നീതിരക്ഷാ മാർച്ചിന്റെ ആദ്യ ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളം കണ്ട ഏറ്റവും ധിക്കാരിയായ ഭരണാധികാരിയാണ് പിണറായി വിജയൻ. പിണറായിക്കെതിരെ ജനരോഷം ശക്തമായി ഉയരും. വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
വാളയാർ അട്ടപള്ളത്ത് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി കെ പത്മനാഭൻ ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് നീതി രക്ഷാ മാർച്ച് ആരംഭിച്ചത്. വാളയാർ കേസിൽ മുഖ്യമന്ത്രിയുടെ പാർട്ടി നേതൃത്വം പ്രതിസ്ഥാനത്ത് നിൽക്കുന്നതിനാൽ പുനരന്വേഷണം തീർച്ചയായും വേണമെന്ന് സികെ പത്മനാഭൻ പറഞ്ഞു.മനസ്സാക്ഷിയുള്ള വ്യക്തിയായിരുന്നു പിണറായി വിജയൻ എങ്കിൽ വാളയാർ വിഷയത്തിൽ ആദ്യ ദിനം തന്നെ പുനരന്വേഷണത്തിന് ഉത്തരവിടുമായിരുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനം കണ്ട നികൃഷ്ടനായ, മനസാക്ഷിയില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നും സുരേന്ദ്രൻ പറഞ്ഞു