കൊച്ചി: കൊച്ചി കോർപ്പറേഷൻ പരിധിയിലെ റോഡുകൾ യുദ്ധകാല അടിസ്ഥാനത്തിൽ ശരിയാക്കണമെന്ന് ഹൈക്കോടതി. ഈ മാസം 15ന് ഉള്ളിൽ നടപടി ആയില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുമെന്ന മുന്നറിയിപ്പും കോടതി നൽകി. കൊച്ചി കോർപറേഷനും ജിസിഡിഎയ്ക്കുമാണ് നിർദ്ദേശം.
കനാൽ നന്നാക്കാൻ ഡച്ച് കമ്പനിക്ക് ടെൻഡർ നൽകിയത് പോലെ റോഡിന്റെ കുഴി അടക്കാൻ ഇനി അമേരിക്കയിൽ നിന്ന് ആള് വരേണ്ടി വരുമോ എന്ന് കോടതി പരിഹസിച്ചു.റോഡിന്റെ തകർച്ച എല്ലാവർക്കും നാണക്കേടാണെന്ന വാക്കാൽ പരാമർശവും കോടതി നടത്തി.
കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹർജികളിലാണ് ഹൈക്കോടതിയുടെ പരാമർശം ഉണ്ടായത് . കൊച്ചി കോർപ്പറേഷന് വേണ്ടി അഭിഭാഷകൻ ഇന്ന് കോടതിയിൽ ഹാജരായില്ല. അതേസമയം മഴ മൂലമാണ് ടാറിംഗ് വൈകിയതെന്ന് കൊച്ചി മേയർ പ്രതികരിച്ചു.