ന്യൂഡല്‍ഹി: 70-ാമത് ഭരണഘടനാ ദിന വാര്‍ഷികാഘോഷത്തില്‍ ബഹുവര്‍ണ്ണങ്ങളില്‍ തിളങ്ങി പാര്‍ലമെന്റും രാഷ്ട്രപതിഭവനും. 1949 നവംബര്‍ 26-നാണ് ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടത്. രണ്ടു മാസം കഴിഞ്ഞ് 1950 ജനുവരി 26-ന് ഭരണഘടന നിലവില്‍ വന്നു.
ചടങ്ങിന് മുന്നോടിയായി രാഷ്ട്രപതി ഭവനിലും പ്രകാശം തെളിയിച്ചു. പല വിധ വര്‍ണ്ണങ്ങളിലുള്ള എല്‍ഇഡി ബള്‍ബുകളാല്‍ മനോഹരമായാണ് പാര്‍ലമെന്റും രാഷ്ട്രപതി ഭവനും അലങ്കരിച്ചിരിക്കുന്നത്.ഭരണാഘടനാ ദിനത്തിന്റെ തലേ ദിവസം തന്നെ പാര്‍ലമെന്റില്‍ പ്രകാശം തെളിയിച്ചിരുന്നു.
2015-ലാണ് നവംബര്‍ 26-നെ ഭരണഘടനാ ദിവസമായി പ്രഖ്യാപിച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക് തുല്യ നീതിയും അധികാരവും ഉറപ്പു നല്കിയ ദിനത്തെ ‘സംവിധാന്‍ ദിവസ്’ എന്നു കൂടി അറിയപ്പെടുന്നുണ്ട്. ദേശീയ നിയമ ദിനം എന്നായിരുന്നു ഭരണഘടനാ ദിനത്തെ നേരത്തെ അറിയപ്പെട്ടിരുന്നത്.
ഇന്ത്യന്‍ ഭരണഘടന ജാതി,മത ഭേദമില്ലാതെ രാജ്യത്തെ ജനങ്ങള്‍ക്ക് തുല്യ നീതി ഉറപ്പാക്കുന്നു. പൗരന്റെ നീതി, സമത്വം, സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കാനും ഇതിലൂടെ സാധിച്ചു. സാഹോദര്യത്തെ ഉയര്‍ത്തി പിടിക്കുന്ന നിലപാടാണ് ഭരണഘടന പിന്തുടരുന്നത്.