കൊൽക്കത്ത : മമത സർക്കാരിലെ പൊതുവിദ്യാഭ്യാസത്തിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി സിദ്ദിഖുള്ള ചൗധരി എന്നും വിവാദങ്ങളുടെ നടുവിലാണ്.ഈയടുത്ത കാലത്ത് ബംഗ്ലാദേശ് സർക്കാർ വിസ നിഷേധിച്ച സിദ്ദിഖുള്ള, മുൻപും നിരവധി തവണ വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുള്ളയാളാണ്.ബംഗ്ലാദേശിലെ മതമൗലികവാദത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപണമുള്ള ബീഗം ഖാലിദ സിയയോട് എന്നും അനുഭാവം പ്രകടിപ്പിച്ചിരുന്ന ആളാണ് സിദ്ദിഖുള്ള. അതേസമയം ന്യൂനപക്ഷങ്ങളെ താരതമ്യേന അനുഭാവപൂർവ്വം പരിഗണിക്കുന്ന ഇന്ത്യയുടെ സുഹൃത്തായ ഷെയ്ഖ് ഹസീനയുടെ കടുത്ത വിമർശകനുമാണിയാൾ.
ജാമിയത്ത് ഉലമ പശ്ചിമ ബംഗാൾ ഘടകം മേധാവിയായ സിദ്ദിഖുള്ള മുസ്ലിം വിശ്വാസങ്ങളിൽ കോടതിക്ക് കൈകടത്താൻ അനുവാദമില്ല എന്ന അഭിപ്രായക്കാരനാണ്. മുത്വലാഖ് നിരോധിച്ച സുപ്രീം കോടതി വിധിയെ കഠിനമായി എതിർത്ത സിദ്ദിഖുള്ള യൂണിഫോം സിവിൽ കോഡ് ഇന്ത്യയിൽ നടപ്പിലാക്കിയാൽ അതിന്റെ ഫലം ഭയാനകമായിരിക്കും എന്നും പ്രസ്താവിച്ചിട്ടുണ്ട്. ഇപ്പോൾ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള കലാപങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യുന്നതും മമതയുടെ ഈ മന്ത്രി തന്നെ.
ഇന്ത്യയോട് ഏറ്റവും അനുഭാവം പ്രകടിപ്പിക്കുന്ന ഷെയ്ഖ് ഹസീന സർക്കാരിന്റെ കടുത്ത വിമർശകനും ബീഗം ഖാലിദ സിയയുടെ അടുത്ത സുഹൃത്തുമാണിയാൾ. 1971 ലെ കൊടും ക്രൂരതകൾക്ക് ബംഗ്ലാദേശ് സർക്കാർ വിചാരണ ചെയ്ത പാക് അനുകൂല റസാക്കർമാർ ഇസ്ലാമിക പണ്ഡിതന്മാരാണെന്നാണ് സിദ്ദിഖുള്ളയുടെ വാദം. യുദ്ധക്കുറ്റവാളികളായ ജമ അത്തെ ഇസ്ലാമിയുടെ നേതാക്കളെ തൂക്കിലേറ്റിയതിനെതിരേയും ഇയാൾ വലിയ വിമർശനങ്ങൾ നടത്തിയിരുന്നു. ബർദ്വാൻ ബോംബ് സ്ഫോടനത്തെ തുടർന്ന് ചില മദ്രസകളുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിച്ചപ്പോൾ മദ്രസയെ തൊടാൻ പാടില്ലെന്ന് അന്ത്യശാസനം നൽകിയും ഇയാൾ രംഗത്തെത്തിയിരുന്നു.
ബംഗ്ലാദേശിൽ റസാക്കർമാരുടെ കൊടും ക്രൂരതകൾ നേരിട്ട ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ പൗരത്വം നൽകാൻ ശ്രമിക്കുമ്പോൾ അതേ റസാക്കർമാരെ പിന്തുണയ്ക്കുന്ന സിദ്ദിഖുള്ള അതിനെ എതിർക്കുന്നതും സ്വാഭാവികമാണ്. ഒരു മതനേതാവെന്ന നിലയിൽ ഇത്തരം അഭിപ്രായങ്ങളുണ്ടായേക്കാമെന്ന് സമ്മതിക്കാമെങ്കിലും ഒരു മന്ത്രിയെന്ന നിലയിൽ സിദ്ദിഖുള്ളയുടെ പ്രവർത്തനങ്ങൾ മതതീവ്രവാദത്തെയാണ് പിന്തുണയ്ക്കുന്നതെന്ന് ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞു. മതതീവ്രവാദികൾ മന്ത്രിസഭയിലുണ്ടായാലും സാരമില്ല വോട്ട് മതിയെന്ന മമതയുടെ മനോഭാവമാണിതിന് കാരണമെന്നാണ് ആക്ഷേപം.courtesy…janam