പെരിയ ഇരട്ടക്കൊലപാതകം; പ്രതികളുടെ ജാമ്യം ഹൈക്കോടതി തള്ളി, കേസ് വൈകിപ്പിച്ചതില്‍ സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം:

പെരിയ ഇരട്ടക്കൊലപാതകം; പ്രതികളുടെ ജാമ്യം ഹൈക്കോടതി തള്ളി, കേസ് വൈകിപ്പിച്ചതില്‍ സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം:

എറണാകുളം : കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സിപിഎം പ്രവര്‍ത്തകരായ പത്ത് പേരുടെ ഹര്‍ജിയാണ് കോടതി തള്ളിയത്.

കേസില്‍ ജാമ്യത്തിനായി ആദ്യം പതിമൂന്ന് പ്രതികളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍ മൂന്ന് പേര്‍ ഹര്‍ജി പിന്‍വലിച്ചിരുന്നു. സെഷന്‍സ് കോടതിയെ സമീപിക്കാനാണ് ഹര്‍ജി പിന്‍വലിച്ചതെന്നായിരുന്നു വിശദീകരണം. എന്നാല്‍ ജാമ്യഹര്‍ജി പിന്‍വലിച്ചത് കോടതിയുടെ വിമര്‍ശനത്തിന് കാരണമായിരുന്നു. നേരത്തെ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ച സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ കോടതി കേസ് പരിഗണിക്കവെ വിമര്‍ശിച്ചു.

കഴിഞ്ഞ നവംബര്‍ മാസത്തില്‍ പ്രതികള്‍ ജാമ്യത്തിനായി കാസര്‍കോട് ജില്ലാ സെഷന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികള്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

ഇതിനിടെ പെരിയ കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. നിലവില്‍ കേസില്‍ സിബിഐ അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ ഒക്ടോബര്‍ 24 നാണ് പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ ഏറ്റെടുത്തത്. തുടര്‍ന്ന് 14 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ എറണാകുളം സിജെഎം കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17 നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്.courtesy..janam: