ന്യൂഡല്‍ഹി: രാജ്യ സുരക്ഷക്കായി ജീവന്മരണ പോരാട്ടം നടത്തിയ മുഴുവന്‍ കരസേനാ അംഗങ്ങള്‍ക്കും പ്രത്യേക പെന്ഷന് നല്കാന് പദ്ധതി തയ്യാറാക്കുകയാണെന്ന് പുതിയ കരസേനാ മേധാവി ജനറല്‍ എം.എം നരവാനേ പറഞ്ഞു. 1965ലും 1971ലും ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിനിര്‍ണ്ണായകമായ ദൗത്യം നിര്‍വ്വഹിച്ച യൂണിറ്റുകളിലെ പൂര്‍വ്വസൈനികര്‍ക്കാണ് കരസേന പെന്ഷന് പദ്ധതി തയ്യാറാക്കുന്നത്.
യുദ്ധകാലഘട്ടത്തില്‍ എമര്‍ജന്‍സി കമ്മീഷന്റ് ഓഫീസര്‍മാര്‍, ഷോര്‍ട്ട് കമ്മീഷന്റ് ഓഫീസര്‍മാര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ സൈനികരേയും പദ്ധതിയുടെ ഭാഗമാക്കുന്ന ശുപാര്‍ശയാണ് കരസേന പ്രതിരോധവകുപ്പിന് നല്‍കുന്നതെന്നും ജനറല്‍ നരവാനേ വ്യക്തമാക്കി. സ്വാതന്ത്ര്യ സേനാനീ പെന്ഷന് സ്ക്കീം എന്ന പോലെയാണ് കരസേനയിലെ പെന്‍ഷനും തയ്യാറാക്കുന്നത്.
‘പരിഗണിച്ചിരിക്കുന്ന രണ്ടുവിഭാഗത്തില്പ്പെട്ടവര്ക്ക് നിലവില്‍ പെന്‍ഷനില്ല. കാരണം അവരെല്ലാം സേനയില്‍ നിന്ന് വിരമിച്ച കാലത്ത് പെന്ഷന് സമ്പ്രദായം നിലവില്‍ വന്നിട്ടില്ല. 1965ലും 71ലും കരസേനയും മറ്റ് രണ്ട് സേനാ വിഭാഗങ്ങളും അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനായി നിരവധിപേരെ അന്ന് സൈന്യത്തിലെടുത്താണ് യുദ്ധം ചെയ്തത്. നാടിനായി പൊരുതാന്‍ നിരവധി യുവാക്കളാണ് അന്ന് എല്ലാംമറന്ന് ത്യാഗം അനുഷ്ഠിച്ചത്’ നരവാനേ സൂചിപ്പിച്ചു.
സൈന്യത്തിലെ കാരണവര്മാര്, അവരുടെ വീരപത്നിമാര്‍, കുട്ടികള്‍ എല്ലാവരും നമ്മുടെ സൈന്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അവരെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കേണ്ട ബാധ്യതയും സൈന്യത്തിനുണ്ട്. ദേശീയ യുദ്ധ സ്മാരകം പോലും നിര്‍മ്മിച്ചത് അവരോടുള്ള ആദരസൂചകമായിട്ടാണ്. ജനറല്‍ നരവാനേ വ്യക്തമാക്കി.
വിരമിച്ച സൈനികര്‍ക്കായി നിരവധി പദ്ധതികളാണ് സൈന്യം നടപ്പാക്കുന്നത്. അതിലൊന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ വിവിധ ജോലികള്‍ക്കായുള്ള പരിശീലനവും ജോലി തരപ്പെടുത്തലുമായിരുന്നു. 240 ഓഫീസര്‍മാര്‍ക്കും 11500 ജവാന്മാര്ക്കും മറ്റ് വിവിധ തസ്തികയില്‍ സൈനിക സേവനമനുഷ്ഠിച്ചവര്‍ക്കും പരിശീലനം വഴി അവരവരുടെ ജില്ലകളില്‍ ജോലിയായി.2020നെ സൈനിക ബന്ധുത്വ വര്‍ഷമായി ആചരിക്കുകയാണെന്നും വിരമിച്ചവരുടെ ക്ഷേമത്തിനാണ് മുന്‍ഗണനയെന്നും നരവാനേ കൂട്ടിച്ചേര്‍ത്തു.courtesy…Janam: