‘അദ്ദേഹം ഇന്ത്യയോടൊപ്പമുള്ളത് നമുക്ക് അഭിമാനം‘; ഡൊണാൾഡ് ട്രമ്പിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി:
ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ സന്ദർശനം നമുക്ക് അഭിമാനമാണെന്നാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. നാളെ അഹമ്മദാബാദിൽ നടക്കുന്ന ‘നമസ്തേ ട്രമ്പ്‘ പരിപാടിക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
അമേരിക്കൻ പ്രസിഡന്റിനെ സ്വാഗതം ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ട്വീറ്റ് ചെയ്ത വീഡിയോയും പ്രധാനമന്ത്രി പങ്ക് വെച്ചിട്ടുണ്ട്. നാളെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിൽ എത്തുന്നത്. ഭാര്യ മെലാനിയ ട്രമ്പും മകൾ ഇവാങ്കയും മരുമകനും അദ്ദേഹത്തിനൊപ്പം ഉണ്ടാകും. അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം ചരിത്രപരമാക്കാൻ വിപുലമായ പരിപാടികളാണ് കേന്ദ്രസർക്കാർ തയ്യാറാക്കിയിരിക്കുന്നത്.
ഗുജറാത്തിലും ആഗ്രയിലും ഡൽഹിയിലുമാണ് ഡൊണാൾഡ് ട്രമ്പ് പ്രധാനമായും സന്ദർശനം നടത്തുന്നത്. മോദിയും ട്രമ്പും തമ്മിലുള്ള സുദൃഢമായ ബന്ധത്തിന്റെ ഉദാഹരണമാണ് ഈ ചരിത്ര സന്ദർശനമെന്ന് അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി തരണജിത്ത് സിംഗ് സന്ധു വ്യക്തമാക്കിയിരുന്നു. ഇന്ത്യ സന്ദർശനത്തിനായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഡൊണാൾഡ് ട്രമ്പും വ്യക്തമാക്കിയിരുന്നു.
അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിന്റെ ഭാഗമായി അതീവ സുരക്ഷയാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പതിനായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അമേരിക്കൻ എയർ ഫോഴ്സിന്റെ മൂന്ന് കൂറ്റൻ വിമാനങ്ങളും ട്രമ്പിന്റെ ലിമോസിൻ ബീസ്റ്റും ഇന്ത്യയിൽ എത്തിയിട്ടുണ്ട്. അമേരിക്കാൻ സുരക്ഷാ വിഭാഗവും ഇന്ത്യൻ സുരക്ഷാ വിഭാഗവും സംയുക്തമായാണ് സുരക്ഷാ കാര്യങ്ങൾ നിയന്ത്രികുന്നത്.courtesy..Brave india news: