കൊല്ലത്ത് ബംഗ്ളാ ദേശികളുടെ അനധികൃത താമസം, നാല് പേര് പോലീസ് പിടിയിൽ:
കൊല്ലം : കൊല്ലത്ത് അനധികൃതമായി താമസിച്ചുവന്ന നാല് ബംഗ്ലാദേശികള്‍ പിടിയില്‍. ആനയടി തങ്കം കാഷ്യു ഫാക്ടറിയില്‍ ജോലിക്കാരായി എത്തിയ നാല് ബംഗ്ലാദേശുകാരാണ് ശൂരനാട് പോലീസിന്റെ പരിശോധനയില്‍ പിടിയിലായത്. കാഷ്യു ഫാക്ടറി ഉടമ കണ്ണമം സ്വദേശി ജെയ്സണ്‍ കാഷ്യു ഫാക്ടറി മാനേജറായ അനില്‍സേവ്യര്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.
ബംഗ്ലാദേശ് സ്വദേശികളായ മുഹമ്മദ് സെയ്ദുള്‍ റഹ്മാന് (22), മുഹമ്മദ് അബ്ദുള്‍ വഹാബ് (28), മുഹമ്മദ് എംദാദുല്‍ (35) മുഹമ്മദ് അലിറ്റന്‍ അലി (42) എന്നിവരാണ് പിടിയിലായത്. കൊറോണയുമായി ബന്ധപ്പെട്ട് ക്രൈം ഡ്രൈവ് സോഫ്റ്റ് വെയറില്‍ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ കണ്ടെത്തി രേഖപ്പെടുത്തുന്നതിനിടയിലാണ് ഇവര്‍ പിടിക്കപ്പെട്ടത്. ഇവരോട് രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യന്‍ സിറ്റിസണ്‍ ആണെന്നുള്ള തിനുള്ള രേഖകളൊന്നും ഇല്ലാതിരുന്നതിനാൽ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളുടെ പാസ്പോര്ട്ടുകള് ലഭിച്ചത്.
ഇവര്‍ വിസിറ്റിംഗ് വിസയില്‍ എത്തി വിസ കാലാവധിക്ക് ശേഷവും ഇവിടെ കഴിഞ്ഞ് വരികയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ശൂരനാട് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.