സ്വർണകള്ളക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്:
കൊച്ചി: സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. സ്വർണക്കടത്തിനെക്കുറിച്ചുള്ള സകല വിവരങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളവർക്ക് അറിയാമായിരുന്നു എന്ന് ഇഡി വ്യക്തമാക്കി. ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി ലഭിക്കാനുള്ള അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്ന ഇഡിയുടെ പരാമർശംഉണ്ടായിരിക്കുന്നത്.
സ്വര്‍ണക്കടത്തിനെക്കുറിച്ചും നയതന്ത്ര ചാനല്‍ വഴിയുള്ള ഇലക്ട്രോണിക്‌സ് കള്ളക്കടത്തിനെക്കുറിച്ചും ശിവശങ്കറിനും ടീമിനും അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഈ ടീമുള്ളത്. ലൈഫ് മിഷന്‍ അഴിമതി, കെ.ഫോണ്‍ ഇടപാടുകളിലെ അഴിമതി എന്നിവ സംബന്ധിച്ചും ശിവശങ്കറിന് അറിയാമായിരുന്നുവെന്നും ഇഡി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്തും ലൈഫ് മിഷനിലെ കമ്മീഷനുമെല്ലാം ശിവശങ്കറിന്റെ അറിവോടെയാണെന്ന് സ്വപ്നയും മൊഴി നൽകിയിട്ടുണ്ട്. ശിവശങ്കറിൻ്റെ നിർദ്ദേശപ്രകാരമാണ് താൻ ലോക്കർ കൈകാര്യം ചെയ്തതെന്നും സ്വപ്ന ഇഡിക്ക് മൊഴി നൽകിയിരുന്നു. ഇതോടെ ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസും കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.