കോവിഡ് വാക്സിൻ വിതരണത്തിന് വ്യോമസേന സജ്ജം :
ഡല്‍ഹി: കോവിഡ് വാക്സിന് വിതരണത്തിന് ആവശ്യം വന്നാല്‍ ഉപയോഗിക്കുവാനായി ചരക്ക് വിമാനങ്ങളും ഹെലികോപ്ടറുകളും അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാക്കി ഇന്ത്യന്‍ വ്യോമസേന. രാജ്യത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് വാക്സിന് എത്തിക്കാനുള്ള ദൗത്യം വ്യോമസേനയെ ഏല്‍പ്പിച്ചാല്‍ അത് നടപ്പാക്കാനുള്ള മുന്നൊരുക്കമാണ് വ്യോമസേന പൂര്‍ത്തിയാക്കിയിരിക്കുന്നു.
വ്യോമസേനയുടെ വലിയ ചരക്ക് വിമാനങ്ങള്‍ ഉപയോഗിച്ചാണ് വാക്സിന് നിര്‍മ്മാണ കമ്പനികളില്‍ നിന്ന് വാക്സിന് ശേഖരിച്ച് ശീതികരിച്ച 28,000 കേന്ദ്രങ്ങളിലെത്തിക്കുക. അവിടെ നിന്ന് ചെറിയ കേന്ദ്രങ്ങളിലേക്ക് വാക്സിന് എത്തിക്കാന്‍ ചെറു വിമാനങ്ങളും, ഹെലികോപ്റ്ററുകളും ഉപയോഗിക്കും.
സമാനമായി 2018-ല്‍ റുബെല്ല, മീല്സിസ് വാക്സിനുകള്‍ എത്തിക്കാന്‍ വ്യോമസേന നിര്‍ണായക പങ്ക് വഹിച്ചിരുന്നു. കൂടാതെ നോട്ട് നിരോധന കാലത്ത് പുതിയ നോട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാന്‍ വ്യോമസേനയെ ഉപയോഗിച്ചിരുന്നു.