പെരിയ കേസിൽ സി.ബി.ഐ ക്ക് ക്യാമ്പ് ഓഫീസ് അനുവദിച്ച് സർക്കാർ:
കാസർഗോഡ്: പെരിയ ഇരട്ട കൊലപാതകക്കേസ് അന്വേഷിക്കുന്ന സി.ബി.ഐക്ക് കാസർഗോഡ് ക്യാമ്പ് ഓഫീസ് അനുവദിച്ച് ഉത്തരവിറക്കി സർക്കാർ. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലായിരിക്കും ക്യാമ്പ് അനുവദിക്കുക.
ക്യാമ്പിനു പുറമേ ജീവനക്കാരെയും വാഹനവും വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരെ അനുവദിക്കുന്ന കാര്യം പോലീസ് മേധാവിയുടെ പരിഗണനയിലാണ്. അടുത്ത ആഴ്ച അലോട്ട്മെന്റ് ഉണ്ടായേക്കും. സി.ബി.ഐക്ക് ജീവനക്കാരെ നൽകുന്നത് പോലീസിൽ നിന്നാണ്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതകം അന്വേഷിക്കുന്നത്.
സി.ബി.ഐ കാസർഗോഡ് തങ്ങി അന്വേഷണം നടത്താൻ ക്യാമ്പ് ഓഫീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്തയച്ചിരുന്നെങ്കിലും സർക്കാർ തീരുമാനം വൈകിയതോടെ വീണ്ടും സി.ബി.ഐ കത്തയച്ചു. ഇതോടെയാണ് ക്യാമ്പ് ഓഫീസ് അനുവദിക്കാൻ തീരുമാനമായത്. എസ്.പി നന്ദകുമാരൻ നായർ, ഡി.വൈ.എസ്.പി അനന്തകൃഷ്ണൻ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സി.ബി.ഐ അന്വേഷണം.