കൊറോണ വ്യാപനം; സംസ്ഥാനത്തെ പുതുവത്സര ആഘോഷങ്ങൾ 31 ന് രാത്രി പത്ത് മണിയ്ക്ക് അവസാനിപ്പിക്കണം; കർശന നിയന്ത്രണവുമായി സർക്കാർ:
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം. ഡിസംബർ 31 ന് രാത്രി പത്ത് മണിയ്ക്ക് എല്ലാ പുതുവത്‌സര ആഘോഷ പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. പൊതു സ്ഥലത്ത് കൂട്ടായ്മകൾ പാടില്ലെന്നും കൊറോണ പ്രോട്ടോകോൾ അനുസരിച്ച് മാത്രമെ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പാടുള്ളുവെന്നും നിർദ്ദേശമുണ്ട്.
മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ദുരന്ത നിവാരണ അതോറിറ്റി ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് കളക്ടർമാരും ജില്ലാ പോലീസ് മേധാവിമാരും ഉറപ്പാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.