എന്നെ ഇനിയും വേദനിപ്പിക്കരുത്,രാഷ്ട്രീയത്തിലേക്കുള്ള വരവ് ഇനിയുണ്ടാവില്ലെന്ന് ആവര്‍ത്തിച്ച് ; രജനീകാന്ത്:

എന്നെ ഇനിയും വേദനിപ്പിക്കരുത്,രാഷ്ട്രീയത്തിലേക്കുള്ള  വരവ് ഇനിയുണ്ടാവില്ലെന്ന് ആവര്‍ത്തിച്ച് ; രജനീകാന്ത്:

എന്നെ ഇനിയും വേദനിപ്പിക്കരുത്, രാഷ്ട്രീയത്തിലേക്കുള്ള വരവ് ഇനിയുണ്ടാവില്ലെന്ന് ആവര്‍ത്തിച്ച് ; രജനീകാന്ത്:

ചെന്നൈ: രാഷ്ട്രീയത്തിലേക്കുള്ള തന്റെ വരവ് ഇനിയുണ്ടാവില്ലെന്ന് ആവര്‍ത്തിച്ച് സൂപ്പര്‍താരം രജനീകാന്ത്. താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും തന്റെ ആരാധകരും അനുയായികളും നടത്തുന്ന പ്രക്ഷോഭത്തില്‍ നിന്നും അവര്‍ പിന്‍വാങ്ങണമെന്നും രജനീകാന്ത് പറഞ്ഞു.തന്റെ ചില ആരാധകരും രജനീമക്കള്‍ മണ്‍റത്തില്‍ നിന്നും പുറത്താക്കപ്പെട്ട എതാനും പേരും താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുകയാണ്.

ആരോഗ്യാവസ്ഥ മുന്‍നിര്‍ത്തി താന്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാനില്ലെന്ന് തീരുമാനം എടുത്തതാണ്. ഇക്കാര്യം വിശദീകരിച്ചതുമാണ്. ആ തീരുമാനത്തില്‍ മാറ്റമില്ല. വീണ്ടും വീണ്ടും സമരം നടത്തി തന്നെ സമ്മര്‍ദ്ദത്തിലാക്കി വേദനിപ്പിക്കരുത്’, രജനീകാന്ത് പ്രസ്താവനയില്‍ അറിയിച്ചു.

സമാധാനപരമായി പ്രതിഷേധം നടത്തിയവരോടുള്ള എന്റെ അഭിനന്ദനം ഞാന്‍ അറിയിക്കുന്നു. അതിന് പുറമെ നേതൃത്വത്തിന്റെ നിര്‍ദേശം മാനിച്ച് പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നവരോടുള്ള നന്ദിയും ഞാന്‍ അറിയിക്കുകയാണ്.

എന്തുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാത്തത് എന്നതിന്റെ കാരണങ്ങള്‍ ഞാന്‍ ഇതിനകം വിശദീകരിച്ചു കഴിഞ്ഞതാണ്. ഞാന്‍ എന്റെ തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തരം പ്രതിഷേധങ്ങള്‍ ഇനിയും നടത്തരുത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനായി എന്നില്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് ഞാന്‍ എല്ലാവരോടും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. പ്രതിഷേധത്തില്‍ തന്റെ അനുയായികള്‍ പലരും പങ്കെടുത്തത് തന്നെ വേദനിപ്പിച്ചെന്നും രജനീകാന്ത് പറഞ്ഞു.

രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും രജനീകാന്ത് പിന്‍വാങ്ങിയതിനെതിരെ തമിഴകത്ത് ആരാധകരുടെ കനത്ത പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ആരാധകരോട് അഭ്യര്‍ത്ഥനയുമായി രജനീകാന്ത് രംഗത്തെത്തിയത്.ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് രജനീകാന്തിനോട് ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടത്. ഡിസംബര്‍ 31 ന് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് തൊട്ടുമുന്‍പായി രജനീകാന്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റാവുകയും ചെയ്തു.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം നിര്‍ദേശിച്ചു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയപ്രവേശനം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി അദ്ദേഹം എത്തിയത്. ഇതോടെ ആരാധകര്‍ ഒന്നടങ്കം ഇളകുകയായിരുന്നു.