ലൈവായി തൂങ്ങിമരണം അഭിനയിക്കുന്നതിനിടെ കഴുത്ത് മുറുകി വിദ്യാര്‍ഥിയുടെ മരണം:
ആലപ്പുഴ : സോഷ്യല്‍ മീഡിയയിലൂടെ ലൈവായി തൂങ്ങിമരണം അഭിനയിക്കുന്നതിനിടെ ബെഡ്ഷീറ്റ് കഴുത്തിൽ മുറുകി വിദ്യാര്‍ഥി മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയകുമാറിന്റെയും പ്രമീഷയുടെയും മകന് സിദ്ധാര്‍ഥ് (സിദ്ദു-17) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതിന് തലവടി കിളിരൂര്‍ വാടക വീട്ടിലാണ് സംഭവം.
സംഭവം നടന്ന മുറിയിൽ നിന്ന് ലൈവ് ചിത്രീകരിച്ചിരുന്ന മൊബൈല്‍ഫോണ്‍ കണ്ടെത്തിയിട്ടുണ്ട് . ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ സഹപാഠികളെ കബളിപ്പിക്കാന്‍ ചിത്രീകരിച്ചതാണെന്നാണ് വീട്ടുകാരുടെ സംശയം. മൊബൈല്‍ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് സിദ്ദു.
രാത്രി ഭക്ഷണത്തിനുശേഷം മൊബൈല്‍ഫോണുമായി മുറിയില്‍ കയറിയ സിദ്ധാര്‍ഥിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് മാതാവ് വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് ഫാനില്‍ തൂങ്ങിനില്‍ക്കുന്നതായി കണ്ടെത്തിയത്.സിദ്ധാര്‍ഥിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.