തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 280 കിലോ കഞ്ചാവ്:
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്താൻ ശ്രമിച്ച 280 കിലോകഞ്ചാവാണ് ഇന്ന് പിടികൂടിയത്. ഇന്നലെ 405 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വഡ് നടത്തിയ പരിശോധനയിലാണ് ആക്കുളം റോഡിൽ വച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച ലോറി പിടികൂടിയത്. പേപ്പർ ഗ്ലാസ് കൊണ്ടുവരുന്ന ലോറിയിലായിരുന്നു കഞ്ചാവ് കടത്ത്.
കഴിഞ്ഞ ദിവസം തച്ചോട്ട് കാവിൽ നിന്ന് പിടിച്ച കേസിലെ പ്രതികളുടെ മൊഴിയിൽ നിന്നാണ് ഇന്ന് ലോറിയിൽ കടത്തുന്ന സംഘത്തെക്കുറിച്ച് വിവരം കിട്ടയത്. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശി അജിനാസ്, ഇടുക്കി സ്വദേശി ബനാഷ് എന്നിവരെ പിടികൂടി.
ആന്ധ്രയിലെ രാജമണ്ഡ്രിയിൽ നിന്നാണ് കഞ്ചാവ് തലസ്ഥാനത്തേക്ക് എത്തിച്ചത്. തിരുമല സ്വദേശി ഹരി, വള്ളക്കടവ് സ്വദേശി അസ്കർ എന്നിവരെ അതിസാഹസികമായാണ് ഇന്നലെ പിടികൂടിയത്. ഇവരെ ഒപ്പം കൊണ്ടു വന്നാണ് എക്സൈസ് സംഘം ലോറി പിടികൂടിയത്. ശ്രീകാര്യം സ്വദേശിക്കാണ് ഈ കഞ്ചാവ് എത്തിച്ചെന്നാണ് എക്സൈസ് വിശദീകരണം. ലോക്ഡൗൺ കാലത്ത് മദ്യശാലകൾ അടഞ്ഞ് കിടക്കുന്ന സാഹചര്യം മുതലാക്കാനാണ് വൻ തോതിൽ കഞ്ചാവ് കേരളത്തിലെത്തിച്ചതെന്നാണ് അധികൃതർ പറയുന്നത്.