മഹാരാഷ്ട്ര …അവസരവാദ രാഷ്ട്രീയത്തിന്റെ അന്ത്യം:

മഹാരാഷ്ട്ര …അവസരവാദ രാഷ്ട്രീയത്തിന്റെ അന്ത്യം:

മഹാരാഷ്ട്ര …അവസരവാദ രാഷ്ട്രീയത്തിന്റെ അന്ത്യം:

സമീപ കാല ഇന്ത്യൻ രാഷ്ട്രീയം കണ്ട ഏറ്റവും അവസരവാദ രാഷ്ട്രീയ സഖ്യമായിരുന്നു മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാദി സഖ്യം.,ഇതിലെ ഘടക കക്ഷികളാകട്ടെ ശിവസേന, കോൺഗ്രസ് ,എൻ സി പി എന്നിവരായിരുന്നു. ഏതുവിധേനയും ബിജെപി യെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തി മഹാരാഷ്ട്രയുടെ അധികാരം കൈയാളുക എന്ന മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൂട്ടിയെടുത്തതായിരുന്നു ഈ രാഷ്ട്രീയ സഖ്യം.മതേതരത്വത്തിന്റെ കപട മുഖം മൂടി അണിയുന്ന കോൺഗ്‌സും, എൻ സിപി യും എക്കാലത്തും ശിവസേനയുമായി ശത്രുതയിലായിരുന്നു.
പരസ്യമായ ഹിന്ദുത്വ നിലപാടായിരുന്നു ശിവസേനയുടെ മുഖ മുദ്ര.

ജന്മം കൊണ്ട് വിദേശ വനിതയായ സോണിയ നേതുത്വത്തിലേയ്ക്ക് വരുന്നതിൽ പ്രതിഷേധിച്ച് ശരത് പവാർ രൂപം കൊടുത്ത പാർട്ടിയായിരുന്നു നാഷണലിസ്റ്റ് കോൺഗ്രസ്സ് എന്ന എൻ സി പി .ആദർശ പരമായി ഒരിക്കലും യോജിക്കാൻ കഴിയാത്ത ഈ മൂന്നു രാഷ്ട്രീയ പാർട്ടികളും ഒരു മുന്നണിയിൽ അണി നിരന്നത് രാഷ്ട്രീയ മോഹം ഒന്നുകൊണ്ടു മാത്രമായിരുന്നു.ശിവസേന സ്വന്തം ആശയാദർശങ്ങൾ പണയം വെച്ച് കോൺഗ്രസ്സ്, എൻ സി പി യുമായി സഖ്യമുണ്ടാക്കിയത് ശിവസേനയുടെ ആശയ അപചയമാണെന്ന അഭിപ്രായം ആ പാർട്ടിയിൽ തുടക്കം മുതലേ ഉണ്ടായിരുന്നു.

മന്ത്രി സഭാ രൂപീകരണ സമയത്ത് തന്നെ ശിവസേനയിൽ അഭിപ്രായ വ്യത്യാസങ്ങൾ ആരംഭിച്ചിരുന്നു.മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർന്നു വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഏക്നാഥ് ഷിന്ഡെക്കെതിരെ പാർട്ടി നേതാക്കളായ സഞ്ജയ് രാവത്തും സുഭാഷ് ദേശായിയും ചേർന്ന് നടത്തിയ ചരട് വലിയിലൂടെയാണ് ഉദ്ദവ് താക്കറെ മഖ്യമന്ത്രി യായത്.മാത്രവുമല്ല ശിവസേനയെ മുൻനിർത്തി കോൺഗ്രസ്സ് , എൻ സി പി നേതാക്കൾ നടത്തിയ അഴിമതികൾ മുഖ്യമന്ത്രി കണ്ടില്ലെന്നു നടിച്ചതും ശിവസേനാ അണികൾക്കിടയിൽ വൻ അതൃപ്തിയുളവാക്കി. നവാബ് മാലിക്കിനെ പോലെയുള്ളവർ നടത്തിയ വൻ അഴിമതി കഥകൾ കൂടി പുറത്ത് വന്നതോടെ ഈ അതൃപ്തിയുടെ ആക്കം കൂടി.


കൂടാതെ ഹനുമാൻ ചാലിസ്സ പാടാൻ തയാറായവരെ അറസ്റ്റു ചെയ്തു ജയിലിലടക്കാൻ തയാറായ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നിലപാട് ശിവസേനയുടെ ഹിന്ദുത്വ മുഖം നഷ്ടപ്പെടുത്തി.തങ്ങളുടെ മുഖമായിരുന്ന ഹിന്ദുത്വത്തെ സഖ്യ കക്ഷികൾക്ക് മുന്നിൽ അടിയറ വെച്ച് അധികാരം നിലനിർത്താൻ ശ്രമിച്ചത് ഉദ്ധവ് താക്കറെയ്ക്കു കനത്ത വെല്ലുവിളിയായി.


ആശയ വൈരുധ്യം കൊണ്ട് ആടി ഉലഞ്ഞു കൊണ്ടിരിക്കുന്ന മഹാരാഷ്ട്ര സർക്കാരിന് പിടിച്ച് നിൽക്കാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ .ഏറ്റവും ഒടുവിൽ ശിവസേനയുടെ 55 എം എൽ എ മാരിൽ 42 ഉം 19 എം പി മാരിൽ 17 ഉം താക്കറെ വിരുദ്ധ പക്ഷത്തായി എന്ന് വ്യക്തമായപ്പോഴാണ് ഉദ്ധവ് താക്കറെ രാജി സന്നദ്ധതയുമായി രംഗത്ത് വന്നത് – അപ്പോഴേക്കും ശിവസേനയെന്ന രാഷ്ട്രീയ പാർട്ടി പൂർണ്ണമായും ഉദ്ധവ് താക്കറെക്കെതിരായി, ഏക്നാഥ് ഷിന്ഡെയോടൊപ്പം നിലകൊള്ളുന്ന കാഴ്ച്ചയാണുണ്ടായത്.നിലവിലുള്ള രാജ്യ നിയമം അനുസരിച്ചു ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ എലെക്ഷൻ കമ്മീഷൻ യഥാർത്ഥ പാർട്ടിയായി അംഗീകരിക്കാനാണ് സാധ്യത.


മഹാരാഷ്ട്രയിലുണ്ടായ ഈ രാഷ്ട്രീയ മാറ്റത്തെ രാഷ്ട്രീയ അട്ടിമറിയാണെന്ന് പറയാൻ കഴിയില്ല.ഇതിന്റെ പേരിൽ ചിലർ ബിജെപി ക്കെതിരെ വിരൽ ചൂണ്ടുന്നത് തികച്ചും ദുരുദ്ദേശപരമാണ്. ബിജെപി വിരോധം മുഖ മുദ്രയാക്കി പടുത്തുയർത്തിയ രാഷ്ട്രീയ സഖ്യത്തിനെതിരെ കഴിഞ്ഞ രണ്ടര വർഷമായി ശിവസേനയിൽ ഉയർന്നു വന്ന അതൃപ്തി ഒന്നോടെ പുറത്തു ചാടിയ അവസ്ഥയുടെ പ്രതിഫലനമാണ് മഹാരാഷ്ട്രയിൽ ഇപ്പോഴുണ്ടായിരിക്കുന്നത് .ഇതിനു നേതൃത്വം നൽകിയ ഏക്നാഥ് ഷിണ്ഡെയ്ക്ക് ഒടുവിൽ മുഖ്യ മന്ത്രി പദം വരെ നൽകാൻ ശിവസേന തയാറായെങ്കിലും അത് നിരസിച്ച് അവർ ബിജെപി യോടൊപ്പം ചേരാൻ തീരുമാനിച്ചെങ്കിൽ അതിലെന്താണ് തെറ്റ് .മഹാരാഷ്ട്രയിൽ ദീർഘകാലം ഒരുമിച്ച് നിൽക്കാൻ ഇപ്പോൾ ശിവസേന വീണ്ടും തീരുമാനിച്ചെങ്കിൽ അതിലെന്താണ് തെറ്റ് ? എന്താണ് കുഴപ്പം ?

ചരുക്കത്തിൽ ആശയപരമായി യോജിക്കാൻ കഴിയാത്ത പാർട്ടികൾ അധികാരത്തിന്റെ അപ്പക്കഷണം പങ്കിട്ടെടുക്കുന്നതിനായി മാത്രം തട്ടിക്കൂട്ടിയ അവസരവാദപരമായ രാഷ്ട്രീയ സഖ്യത്തിന്റെ അനിവാര്യമായ തകർച്ചയാണ് മഹാരാഷ്ട്രയിൽ ഇപ്പോഴുണ്ടായിരിക്കുന്നത് .

നിരീക്ഷണം … വി എം മോഹനൻ പിള്ള