ഭരണഘടന അപകടത്തിലെന്നു പറഞ്ഞ് ഭയപ്പെടുത്തെണ്ട; നരേന്ദ്ര മോദിയിൽ ഭാരതത്തിന് പൂർണ്ണവിശ്വാസമുണ്ട് //കെ വി രാജശേഖരൻ//
(സുപ്രീം കോടതി അഭിഭാഷകൻ കാളീശ്വരം രാജ് , ദി ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സിൽ (ജൂലൈ 28) ദി ഫ്യൂച്ചർ ഓഫ് ഇൻഡ്യൻ കോൺസ്റ്റിറ്റ്യൂഷൻ എന്ന ലേഖനത്തി നോടുള്ള പ്രതികരണം)
നിറഞ്ഞൊഴുകുന്ന നദിയ്ക്കക്കരെയുള്ള വീട്ടിലെ കൂട്ടിൽ പൂട്ടിയിട്ടിരിക്കുന്ന പട്ടിയുടെ തുടൽ പൊട്ടിയാൽ കടി കിട്ടിയതുതന്നെ എന്ന് പറഞ്ഞ് ഒരു പക്ഷേ എട്ടും പൊട്ടും തിരിയാത്തവരെ പേടിപ്പിച്ച് ഓടിക്കാൻ കഴിയുമായിരിക്കും. പക്ഷേ, നദി വറ്റിക്കിടന്ന കാലത്ത് അഴിച്ചു വിട്ടിരുന്ന പട്ടി കടിക്കാൻ ചാടിവന്നപ്പോൾ പോലും അടിച്ചോടിച്ച് അതിന്റെ യജമാനന്റെ വളപ്പിൽ കയറ്റിയിട്ടുള്ള മിടുക്കന്മാരായ ചുണക്കുട്ടന്മാരോട് അതും പറഞ്ഞു ചെന്നാൽ ‘പോ മോനേ ദിനേശാ’ എന്നായിരിക്കും മറുപടി. പ്രമുഖ സുപ്രീം കോടതി അഭിഭാഷകൻ കാളീശ്വരം രാജ് ദി ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സിൽ (ജൂലൈ 28) ദി ഫ്യൂച്ചർ ഓഫ് ഇൻഡ്യൻ കോൺസ്റ്റിറ്റ്യൂഷൻ എന്ന ലേഖനം എഴുതി ഭാരതത്തിന്റെ ഭരണഘടനയുടെ ഭാവിയെ കുറിച്ച് ആശങ്ക പരത്താൻ കഠിനാദ്ധ്വാനം ചെയ്യുന്നത് കാണുമ്പോൾ വിയോജിക്കുകയോ അവഗണിക്കകയോ ചെയ്യുന്നതാകും ഭാരതത്തോടൊപ്പം നിൽക്കുന്ന സാധാരണജനങ്ങളുടെ സ്വാഭാവിക പ്രതികരണം. കാരണം, ‘ഞങ്ങൾ, ഈ രാജ്യത്തെ ജനങ്ങൾ’ ആ ഭരണഘടന അംഗീകരിച്ചു സ്വന്തമാക്കിയവരാണ്. 1950 ജനുവരി 26 മുതൽ ഏഴു ദശാബ്ദങ്ങളിലധികം, ജനാധിപത്യ ഭാരതം കടന്നു പോന്ന വഴികൾ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞവരുമാണ്. അടിയന്തരാവസ്ഥയോട് പോരടിച്ച് ജനാധിപത്യം തിരിച്ചുകൊണ്ടുവരുവാനും 2014ൽ ഭാരതത്തിൽ ചരിത്രപരമായ വഴിത്തിരിവിന് ഇടവരുത്തുവാനും കഴിഞ്ഞ ജനകീയ ശക്തിയാണവരുടേത്. ആ തീരുമാനമായിരുന്നു ശരിയെന്നവർക്ക് ബോദ്ധ്യപ്പെട്ടതുകൊണ്ടു തന്നെയാണ് 2019ലും നരേന്ദ്രമോദി നയിക്കുന്ന ഭാരതീയ ദേശീയതയുടെ ശക്തികൾക്ക് ഭരണതുടർച്ചയ്ക്കുള്ള ജനവിധി നൽകിയത്.
ഈ വിഷയം ചർച്ച ചെയ്യുമ്പോൾ ഡോ ശശി തരൂരിന്റെ ‘ഗ്രേറ്റ് ഇൻഡ്യൻ നോവൽ’ എന്ന രചന ശ്രദ്ധേയമാണ്. അദ്ദേഹം മഹാഭാരതത്തിൽ നിന്ന് ഭാരത ചരിത്രപഠനത്തിനുതകുന്ന പ്രതീകങ്ങളെ സൃഷ്ടിച്ചെടുത്തത് വളരെ കരുതലോടെയാണ്. തരൂരിന്റെ നോവലിൽ ജവഹർലാൽ നെഹ്രു അന്ധനായ ധൃതരാഷ്ടരാണ്. നെഹ്രുവിന്റെ പുത്രി ഇന്ദിര നൂറു കൗരവരുടെ കരുത്തും കഠോരതയും സ്ത്രീരൂപമെടുത്ത പ്രിയദുര്യോധനിയും. ആ ‘ധൃതരാഷ്ട്രരും’ ബ്രിട്ടീഷ് വൈസ്റോയിയായിരുന്ന വിസ്ക്കൗണ്ട് ദ്രുപദിന്റെ പത്നി ലേഡീ ജോർജിനാ ദ്രുപദും പ്രണയത്തിലായിരുന്നു. ആ പ്രണയത്തിലുണ്ടായ പുത്രി ദ്രൗപദി മൊക്രാസിയാണ് ‘ജനാധിപത്യം’. ആ ജനാധിപത്യത്തിന് അഞ്ചു ഭർത്താക്കന്മാർ: 1) ധർമ്മവും നീതിയും സത്യസന്ധതയും വിശിഷ്ടതയുമാണ് മുഖമുദ്രയെങ്കിലും പ്രഹര ശേഷിയില്ലാതായിപ്പോയ യുധിഷ്ഠിരനെപ്പോലെയുള്ള ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥ 2) ഭീമതുല്യമായ ശക്തിയുടെ പ്രതീകവും കളങ്കപ്പെടുത്താനാവില്ലാത്തതുമായ ഭാരതത്തിന്റെ പ്രതിരോധ സംവിധാനം 3) വില്ലാളിവീരനും കുരുക്ഷേത്രത്തിൽ പാണ്ഡവപക്ഷത്തിന്റെ പ്രധാന പോരാളിയുമായിരുന്ന അർജുനന്റെ രൂപത്തിലുള്ള ഭാരതത്തിലെ വാർത്താ മാധ്യമമേഖല 4) നകുലൻ പ്രതീകവത്കരിക്കപ്പെട്ട ഭാരത ഭരണകൂടം (സിവിൽ സർവീസ്); 5) സഹദേവൻ പ്രതീകവത്കരിക്കപ്പെട്ട ഭാരതത്തിന്റെ വിദേശകാര്യ വിഭാഗം (ഫോറിൻ സർവീസ്). ധൃതരാഷ്ടതുല്യനായി ജവഹർലാൽ നെഹ്രുവും പ്രിയദുര്യോധനീതുല്യയായി ഇന്ദിരയും പ്രധാനമന്ത്രിമാരായിരുന്ന കാലത്ത് ദ്രൗപദി ജനാധിപത്യവും പഞ്ചപാണ്ഡവന്മാർ ജനാധിപത്യത്തെ ഭരിക്കുന്ന അഞ്ചു പ്രധാന ഘടകങ്ങളുമായിരുന്നുയെന്ന് പറയുമ്പോൾ തന്നെ എങ്ങനെയായിരുന്നു ആ ഭരണ കാലഘട്ടമെന്നും ആരുടെയാണ് അവിടെ ഉടുവസ്ത്രം അഴിക്കപ്പെട്ടതെന്നും ആരൊക്കെയാണവിടെ ചതിക്കുഴികളിലും കൊലക്കെണികളിലും പെടുത്തപ്പെട്ടതെന്നും വളരെ വ്യക്തമാണല്ലോ?
സർഗധനനായ തരൂർ, കക്ഷിരാഷ്ട്രീയക്കാരനാകുന്നതിന് മുമ്പ്, താൻ കണ്ടറിഞ്ഞ സത്യം ആഖ്യായികയുടെ രൂപത്തിൽ പറയേണ്ടതു പോലെ പറഞ്ഞുവെച്ചത് കഴിഞ്ഞ കാല ഭാരതത്തിന്റെ നേർ ചിത്രമല്ലേ നൽകുന്നത്? നെഹ്രുകുടുംബ ഭരണത്തിൽ നിന്ന് മോചനം ലഭിക്കും വരെ എന്തായിരുന്നു സ്വതന്ത്ര ഭാരതത്തിലെ ധർമ്മ പക്ഷത്തിന്റെ അവസ്ഥയെന്നത് അതിൽ തന്നെ വ്യക്തം. അരക്കില്ലങ്ങളെ അതിജീവിച്ച, വനവാസവും അജ്ഞാതവാസവും അപമാനഭാരവും എല്ലാം അനുഭവിച്ച, ഭാരതത്തിലെ ധാർമ്മികതയുടെ ജനകീയ പക്ഷത്തേക്ക് 2014ൽ അർഹതപ്പെട്ട അധികാരം കൈമാറ്റപ്പെട്ടപ്പോൾ അസഹിഷ്ണത വളർന്ന അശ്വത്ഥാമാക്കൾ ഇരുട്ടിന്റെ മറവിൽ ഭാരതത്തിന്റെ വരുംതലമുറയെ പോലും ചുട്ടൊടുക്കുവാൻ പതുങ്ങിയടുക്കുകയാണിന്ന്. അവരുടെ ദുഷ്ടലക്ഷ്യങ്ങൾക്ക് കളമൊരുക്കുവാൻ അപവാദങ്ങൾ പടച്ചു വിടുന്നവർ പരാജയപ്പെടും. കാരണം, ദ്വാപര യുഗത്തിൽ കൃഷ്ണൻ കരുതലിലും കാവലിനുമായി കണ്ണടയ്ക്കാതെ കാത്തുനിൽക്കുകയായിരുന്നെങ്കിൽ ഇന്ന് രാഷ്ട്രീയ സ്വയം സേവകസംഘം വളർത്തിയെടുത്ത ജനകിയ ശക്തി ആ കർത്തവ്യം നിർവഹിക്കാൻ പ്രതിജ്ഞാബദ്ധമാണ്.
ഇല്ലാത്തത് പറഞ്ഞും അപവാദങ്ങൾ പ്രചരിപ്പിച്ചും ഭാരതത്തിന്റെ ഭരണഘടനയുടെ ഭാവിയെ കുറിച്ച് വല്ലാത്ത ആശങ്കൾ പടർത്തുകയാണ് പലരുടെയും കുതന്ത്രം. അതിന് ചില നിയമ വിദഗ്ധരും കൂടെകൂടുന്നതും കാണാൻ കഴിയും. അവിടെ ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. അഭിഭാഷകർ അവരെ സമീപിക്കുന്ന കക്ഷികൾക്ക് നീതി ഉറപ്പാക്കാൻ വേണ്ടി കോടതിമുമ്പാകെ തങ്ങളുടെ കർത്തവ്യം നിർവഹിക്കുവാൻ ചുമതലപ്പെട്ടവരാണ്, ബാദ്ധ്യതപ്പെട്ടവരാണ്. അങ്ങനെ ചെയ്യുന്നത് അവരുടെ തൊഴിൽപരമായ അവകാശവുമാണ്.. നീതിപീഠങ്ങൾക്ക് ധർമ്മനിർവഹണത്തിന് രണ്ടുപക്ഷത്തും പ്രഗത്ഭരായ അഭിഭാഷകരുടെ സേവനം അനിവാര്യവുമാണ്. അതുകൊണ്ടുതന്നെ, പൊതുജീവിതത്തിൽ അഴിമതിക്കെതിരെ ശബ്ദമുയർത്തിയിരുന്ന രാം ജഠ്മലാനി അഴിമതിക്കേസുകളിൽ പ്രതികൾക്കു വേണ്ടി ഹാജരായിരുന്നതിനെയോ മാറാടു കേസിൽ മാർക്സിസ്റ്റ് നേതാവ് അഡ്വക്കേറ്റ് ജനാർദ്ദനക്കുറുപ്പ്, എട്ട് പാവപ്പെട്ട ഹിന്ദുക്കളെ കൊന്നു തള്ളിയ ഇസ്ലാമിക തീവ്രവാദികളായ പ്രതികൾക്ക് വേണ്ടി ഹാജരായതിനെയോ തൊഴിൽ പരമായ ദൗത്യം എന്നു കരുതി ആരും വിമർശിക്കുകയില്ല. അതുകൊണ്ടു തന്നെ, തീവ്ര ഇസ്ലാമിക വർഗീയതുടെ വക്താവാണെങ്കിലും തന്ത്രപൂർവ്വം ചുവന്ന കൊടിപിടിച്ച് കമ്യൂണിസ്റ്റ് മുഖം മൂടിയണിയുന്ന കെ.ടി. ജലീലിനെപ്പോലുള്ളവരുടെ വക്കാലത്തേറ്റെടുത്ത് സേവനം നൽകുന്നതും ഫീസുവാങ്ങുന്നതും ഒന്നും ഒരുതരത്തിലും ചർച്ചാ വിഷയമാക്കേണ്ട കാര്യമേയല്ല. അത്തരം തൊഴിൽ ദൗത്യങ്ങങ്ങളിൽ ഇടപെടുമ്പോൾ തന്നെ പ്രാഗത്ഭ്യം തെളിയിച്ച അഭിഭാഷകരെന്ന നിലയിൽ ഭരണഘടനയുടെയും ഭാരതത്തിന്റെയും ഭാവിയെ കുറിച്ചുമൊക്കെ അവർ പങ്കുവെക്കുന്ന അഭിപ്രായങ്ങൾ വിലയേറിയതുമാണ്.
പക്ഷേ, വിവേക് അഗ്നി ഹോത്രിയുടെ ‘കാശ്മീരി ഫയൽ’ എന്ന ചിത്രത്തിൽ ദേശവിരുദ്ധ പക്ഷത്താൽ പരാമർശിക്കപ്പെട്ടിട്ടുള്ളതുപോലെ ജനങ്ങൾ തിരഞ്ഞെടുത്ത ഭരണത്തലവന്മാർ ആരാണെങ്കിലും കോടതിയും മാധ്യമങ്ങളും ഭരണകൂടവും അടങ്ങുന്ന ഭാരതീയ ദേശീയതക്കു വിരുദ്ധമായ ഒരു ആവാസവ്യവസ്ഥ (എക്കോ സിസ്റ്റം), കളം കയ്യടക്കിയിരിക്കുന്ന ഒരു കാലഘട്ടമാണിതെന്നുള്ളത് അവഗണിക്കാനാകില്ല. അതുകൊണ്ട്, തീവ്രന്യൂനപക്ഷ വർഗീയതയ്ക്കും അതുയർത്തുന്ന ദേശവിരുദ്ധ രാഷ്ട്രീയത്തിനും ഒപ്പമള്ളവർക്കുവേണ്ടി കോടതികളിൽ കേസുകൾ വാദിക്കുന്ന ദൗത്യം ഏറ്റെടുത്തവർ, ദേശീയതയുടെ രാഷ്ട്രീയപക്ഷത്തിനെതിരെ അപവാദപ്രചരണങ്ങൾ കൊണ്ട് പുകമറ സൃഷ്ടിച്ച്, പൊതുബോധത്തെ തങ്ങളുടെ കക്ഷികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കനുകൂലമാക്കുവാൻ വേണ്ടിയുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിനോട് പ്രതികരിച്ചേ മതിയാകൂ. കണ്ണടച്ച് പൂച്ച പാലും കുടിക്കും പോലെയാണ് അവർ അത്തരം പ്രവർത്തികൾ ചെയ്യുന്നത്. പക്ഷേ, അവരിൽ ഉണ്ടാകാനിടയുള്ള താത്പര്യങ്ങളുടെ സംഘർഷം (‘കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ്സ്) പൊതുസമൂഹത്തിന്റെ കാഴ്ചയിൽ നിന്ന് രക്ഷപെടുകയില്ല. അതുകൊണ്ടുതന്നെ ബൗദ്ധിക മേഖലയിലെ അത്തരം ഇടപെടലുകളെ ‘ഒരു നുള്ള് ഉപ്പും’ ചേർത്തേ പൊതുസമൂഹം രുചിച്ചു നോക്കുകയുള്ളൂ. അതിനെയൊക്കെ അങ്ങനെയങ്ങ് മുഖവിലയ്ക്കെടുക്കുന്നത് അപകടങ്ങൾ വിളിച്ചുവരുത്തും.
അഡ്വക്കേറ്റ് കാളീശ്വരം രാജ് അദ്ദേഹത്തിന്റെ ചർച്ചയുടെ കേന്ദ്ര ബിന്ദുവായി എടുത്തത് ആദരണീയനായ സൂപ്രീം കോടതി മുഖ്യ ന്യായാധിപൻ ശ്രീ എൻ.വി. രാമണ്ണയുടെ ഒരു പ്രസംഗത്തിലെ സൗകര്യപൂർവ്വം അടർത്തിയെടുത്ത ചില നിരീക്ഷണങ്ങളാണ്. മുഖ്യന്യായാധിപന്റെ വാക്കുകൾ പറഞ്ഞ സന്ദർഭം വ്യക്തമാക്കാതെയും പൂർണ്ണമായും കൃത്യമായും ഉദ്ധരിക്കാതെയുമാണ് ലേഖകന്റെ പരാമർശങ്ങൾ. രാജ്യത്തെ രാഷ്ട്രീയ മേഖലയിൽ പ്രതിപക്ഷത്തിന് ഇടം കുറവാകുന്നതിനെ അദ്ദേഹം വിമർശിച്ചുയെന്നും പാർലമെന്റിൽ ജനാധിപത്യ സംവാദം കുറഞ്ഞുപോകുന്നതിനെ കുറിച്ച് അദ്ദേഹം സന്ദേഹം പ്രകടിപ്പിച്ചുമെന്നുമാണ് ലേഖകൻ എടുത്തു പറയുന്നത്. ആ നിരീക്ഷണങ്ങൾ പ്രഥമദൃഷ്ട്യാ രാഷ്ട്രീയ വിഷയങ്ങളെന്നു തോന്നുമെങ്കിലും അത് അടിസ്ഥാനപരമായി ഭരണഘടനയുടെ ആശങ്കളായിട്ടു വേണം കണക്കാക്കേണ്ടതെന്നാണ് ലേഖകന്റെ പക്ഷം. അത്തരം ഒരു മുഖവുര തന്നിട്ട് നിലവിൽ കേന്ദ്ര ഭരണത്തിന് ജനാധിപത്യ വ്യവസ്ഥയിൽ 2014ലും 2019ലും ഭാരതം തിരഞ്ഞെടുത്ത നരേന്ദ്രമോദി സർക്കാരിനെതിരെ കടന്നാക്രമിക്കാൻ ആവേശപൂർവ്വം കളമൊരുക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് അഡ്വക്കേറ്റ് കാളീശ്വരംരാജ്. ജനങ്ങൾ ഭരണനിർമ്മാണ സഭയുടെയും ഭരണകൂടത്തിന്റെയും എതിരെയുള്ള പരാതികളുമായ പരാതികളുമായി കോടതികളെ സമീപിക്കേണ്ടി വരേണ്ടതിന്റെ സാഹചര്യം വർദ്ധിക്കുന്നത് എപ്പോഴൊക്കെയാണോ പ്രതിപക്ഷം തങ്ങളുടെ ജോലിചെയ്യാത്തപ്പോഴാണെന്ന് മുഖ്യന്യായാധിപൻ അതേ പ്രസംഗത്തിൽ പറഞ്ഞതിന്റെ ഗൗരവം പോലും കണക്കിലെടുക്കാതെയാണ് ലേഖകൻ തന്റെ വാദങ്ങളുമായി പൊതുസമൂഹത്തിലേക്ക് എത്തിയിരിക്കുന്നതാണിവിടെ ശ്രദ്ധേയം.
2022 ജൂലൈ 16ന് കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാൻ അസംബ്ലിയിൽ പാർലമെന്റെറി ജനാധിപത്യത്യത്തിനറെ 75 വർഷങ്ങൾ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ നിയമനിർമ്മാണത്തിന് മുമ്പ് വേണ്ടത്ര സംവാദങ്ങളുണ്ടാകുന്നില്ലെന്ന് മുഖ്യ ന്യായാധിപൻ പറഞ്ഞത് ഉൾക്കൊണ്ടുകൊണ്ട്, ഭരണ പക്ഷം ഗുണപരമായ മാറ്റങ്ങൾ ഉറപ്പുവരുത്തേണ്ടതാണെന്നതിലാർക്കും സംശയമില്ല. അതുപോലെ തന്നെ, ജൂലൈ 30 ന് ദില്ലിയിൽ നടന്ന ആൾ ഇൻഡ്യാ ഡിസ്ട്രിക്റ്റ് അതോറിറ്റീസ് ലീഗൽ മീറ്റിനെ അഭിസംബോധന ചെയ്യവേ, ദീർഘകാലം തടങ്കലിൽ കഴിയേണ്ടിവരുന്ന വിചാരണത്തടവുകാരുടെ കാര്യത്തിലും മറ്റ് നിയമവ്യവഹാരങ്ങളിലും സുതാര്യതയും വേഗതയും വർദ്ധിപ്പിച്ച് കെട്ടിക്കിടക്കുന്ന കേസുകെട്ടുകളുടെ എണ്ണം കുറയ്ക്കുവാൻ ആധുനിക സാങ്കേതിക വിദ്യകളെ പരമാവധി ഉപയോഗിക്കുന്നതു പോലെയുള്ള ഇടപെടലുകൾ കോടതികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതിനോട് സുപ്രീം കോടതിയും സകാരാത്മകമായി പ്രതികരിക്കേണ്ടതുമുണ്ട്. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ മുഖ്യന്യായാധിപനോ ഒക്കെ ഭരണഘടനാ സംവിധാനത്തിന്റെ വിവിധ ഘടകങ്ങളിൽ നിലവിലുള്ള പോരാഴികകളെ ചൂണ്ടിക്കാട്ടുകയോ ഉറപ്പാക്കേണ്ട ഗുണപരമായ മാറ്റങ്ങളെ ഉയർത്തിക്കാട്ടുകയോ ചെയ്യുന്നത് ചലനാത്മകമായ ഒരു ജനാധിപത്യ വ്യവസ്ഥയിൽ അനിവാര്യമാണ്, സ്വാഗതാർഹവുമാണ്. പക്ഷേ, അതിൽ തിരഞ്ഞെടുത്ത പരാമർശങ്ങളെ ഉയർത്തിക്കാട്ടി തങ്ങൾക്കിഷ്ടമില്ലാത്തവരോടുള്ള വിരോധം തീർക്കാൻ ഉപയോഗിക്കുന്നത് അപലപനീയമായ പ്രവണതയാണെന്നു തന്നെ പറയേണ്ടിവരും.
രാഷ്ട്രീയ സംവാദങ്ങളിൽ പ്രതിപക്ഷത്തിന് ഇടം കുറയുന്നതിന് ആരാണുത്തരവാദികളെന്ന് മുഖ്യന്യായധിപൻ പറഞ്ഞിട്ടില്ല. അവിടെ ഉയരുന്ന ചോദ്യം ജനാധിപത്യത്തിൽ ഭരണപക്ഷമാണെങ്കിലും പ്രതിപക്ഷമാണെങ്കിലും സ്വന്തം ഇടം പോരാടി തേടുകയല്ലേ വേണ്ടതെന്നതാണ്. പൊതുജനത്തിന് സ്വീകാര്യമായുള്ള രാഷ്ട്രീയ ലക്ഷ്യങ്ങൾ, സുതാര്യവും ആകർഷകവുമായ പ്രവർത്തന ശൈലി, കറപുളരാത്ത കഴിഞ്ഞകാലചരിത്രം ഇതെല്ലാം ഫലപ്രദമായി ജനസമക്ഷത്ത്, കർമ്മശേഷിയുള്ള നേതൃത്വങ്ങളിലൂടെ ഓരോ രാഷ്ട്രീയ കക്ഷികളും അവതരിപ്പിക്കുമ്പോൾ, താരതമ്യം ചെയ്ത് കൂടുതൽ സ്വീകാര്യതയുള്ളവരെ സമ്മതിദായകർ തിരഞ്ഞെടുക്കുന്നു. അവിടെ ജനം ചിലരെ നിർദ്ദാക്ഷിണ്യം തിരസ്കരിക്കുകയും മറുപക്ഷത്തെ ആവേശപൂർവ്വം സ്വീകരിക്കുകയും ചെയ്യുമ്പോൾ ഭരണപക്ഷം പ്രബലവും പ്രതിപക്ഷം ശുഷ്കവുമാകും. അതൊഴിവാക്കുന്നതിന് ജനങ്ങൾ തിരസ്കരിക്കുന്നവർക്ക് മിനിമം സീറ്റുകൾ സംവരണം ചെയ്യുന്ന സമ്പ്രദായം നമ്മുടെ ഭരണഘടന വിവക്ഷ ചെയ്തിട്ടില്ലല്ലോ? 1952ലെ ആദ്യ തിരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷം ലഭിച്ച ജവഹർലാൽ നെഹ്രുവിന്റെ കോൺഗ്രസ്സ് പോലും കുറച്ചു പേരെ രാജിവെപ്പിച്ചിട്ട് ആ സീറ്റുകൾ ജനസംഘത്തിനോ വേണ്ട, കമ്യൂണിസ്റ്റുകൾക്കെങ്കിലും കൊടുത്ത് ‘ആരോഗ്യകരമായ’ ഒരു കീഴ് വഴക്കം തുടങ്ങാമെന്ന് കരുതിയില്ലല്ലോ? അതുമാത്രമോ? ഭരണഘടനാ നിർമ്മാണത്തിൽ നിർണ്ണായക സംഭാവന ചെയ്ത ഡോ ഭീം റാവ് റാംജി അംബേദ്കറെയെങ്കിലും എതിരില്ലാതെ തിരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നതിന് തയാറാകാതെ അദ്ദേഹത്തെ എതിർത്തു തോൽപ്പിച്ചതിലൂടെ പ്രതിപക്ഷമുക്ത രാഷ്ട്രീയം സ്വീകാര്യമായ ലക്ഷ്യമാണെന്ന് ജവഹർലാൽ നെഹ്രു തന്നെ വ്യക്തമാക്കുകയായിയുന്നില്ലേ? അതാണ് ചരിത്രമെന്നു കാണുമ്പോൾ സ്വന്തം കയ്യിലിരിപ്പുകാരണം ജനം തിരസ്കരിച്ച ദീർഘകാലം ഭാരതം ഭരിച്ചവരും ഇപ്പോൾ അവരോട് ചേർന്നു നിൽക്കുന്നവരും അടങ്ങുന്ന പ്രതിപക്ഷത്തിന് ഇന്ന് ഇടം കുറവാണെന്ന് പറഞ്ഞിട്ടു കാര്യമുണ്ടോ? പരാതിയുള്ളവർ തങ്ങളുടെ പദവികളിൽ നിന്ന് ഇറങ്ങിക്കഴിയുമ്പോഴോ അല്ലെങ്കിൽ സ്വന്തം തൊഴിലും വരുമാനവും ത്യാഗം ചെയ്തോ തങ്ങൾക്കിഷ്ടമുള്ള രാഷ്ട്രീയ പക്ഷം തിരഞ്ഞെടുത്ത് അവിടെയിരുന്ന് ഇടം മിനക്കെടുത്തുന്ന കുടുംബാധിപത്യം ഉൾപ്പടെയുള്ള അനഭിലഷണീയ പ്രവണതകൾ വെച്ചുപുലർത്തുന്നവരെ ഒഴിവാക്കി പ്രതിപക്ഷത്തെ ശക്തിപ്പെടുത്തി, ഇടം വളർത്തണം. അതല്ലാതെ പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുന്ന ജോലിയും ഭരണപക്ഷം ഏറ്റെടുക്കണമെന്ന് പറയുന്നത് അസ്വീകാര്യമാണ്, അപ്രായോഗികവുമാണ്.
പാർലമെന്റ് സംവാദങ്ങളെ കുറിച്ചുള്ള പരാമർശത്തിലാണെങ്കിൽ മുഖ്യ ന്യായാധിപൻ ഭരണപക്ഷത്തെയോ പ്രതിപക്ഷത്തെയോ പേരെടുത്ത് വിമർശിച്ചിട്ടില്ല. 2014നു ശേഷം എന്തോ മാറ്റം വന്നെന്നൊന്നും അദ്ദേഹം പറഞ്ഞിട്ടുമില്ല. അവിടെയും സാമാന്യ യുക്തികൊണ്ട് കാരണം കണ്ടെത്താവുന്നതേയുള്ളു. ഡോ ശ്യാമപ്രസാദ് മുഖർജിയും എ,കെ. ഗോപാലനും രാം മനോഹർ ലോഹ്യയും അടൽ ബിഹാരി വാജ്പേയിയും ജ്യോതിർമയി ബാസുവും ലാൽ കൃഷ്ണ അദ്വാനിയും സോമനാഥ് ചാറ്റർജിയും ചന്ദ്രശേഖരനും ജോർജ്ജ് ഫെർണ്ണാണ്ടസ്സും സി എം സ്റ്റീഫനും സുഷമാ സ്വരാജും അരുൺ ജറ്റ്ലിയും ഇരുന്ന പ്രതിപക്ഷ ബഞ്ചുകളിൽ അവരിലാരോടെങ്കിലും കിടപിടിക്കുന്ന അഞ്ചുപേര ഇന്ന് ചൂണ്ടിക്കാണിക്കാനാകുമോ? ഡോ ശശി തരൂരിനെയോ മനീഷ് തിവാരിയെയോ പോലുള്ളവർ ഉണ്ടായിട്ടു പോലും ആവരെയൊന്നും പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് പരിഗണിക്കാതെ ആ ജോലിക്ക് ‘നിയോഗിക്കപ്പെട്ട’ അധിരഞ്ചൻ ചൗധരിമാരിൽ നിന്ന് സംവാദങ്ങളിൽ പരിതാപകരമായ ഇടപെടലുകളാണ് കാണുന്നതെങ്കിൽ അതിനും നരേന്ദ്ര മോദിയെയോ ഭരണപക്ഷത്തെയോ കുറ്റപ്പെടുത്താനാകുമോ?
സർക്കാർ സംവിധാനവും അവരുടെ പാർട്ടി സംവിധാനവുമെല്ലാം പരമാവധി ഉപയോഗിച്ച് പരുവപ്പെടുത്തിയിട്ടാണ് ഭരണപക്ഷം ഒരു നിയമനിർമ്മാണത്തിനുള്ള നിർദ്ദേശവുമായി സഭയിലെത്തുന്നത്. അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ജനങ്ങളിലെത്തിക്കാൻ അവസരം പൊട്ടിച്ചു. അതുപോലെ ഒരു കടന്നാക്രമണം, ദീർഘകാലം പ്രതിപക്ഷത്തും അടൽ ബിഹാരി വാജ്പേയിയുടെയും നരേന്ദ്രമോദിയുടെയും നേതൃത്വത്തിൽ പതിമൂന്നു വർഷം ഭാരത ഭരണപക്ഷത്തും പ്രവർത്തിച്ചിട്ടും, ഭാരതീയ ജനതാ പാർട്ടി ഏതെങ്കിലും മറുപക്ഷ നേതാവിനോട് കാട്ടിയിട്ടുണ്ടോ?
7) ഇക്കാലത്ത് ചില സംസ്ഥാനങ്ങളിൽ ഭരണകക്ഷികളുടെ ഉള്ളിൽ ഉയരുന്ന വിമതശബ്ദങ്ങൾ ഭരണമാറ്റത്തിന് ഇടവരുത്തുന്നുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ അവിടെയൊക്കെ ഭാരതീയ ജനതാ പാർട്ടി രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യസംവിധാനം അംഗീകരിക്കുന്ന ഇടപെടലുകൾ നടത്തുന്നുമുണ്ട്. അതിലെ രാഷ്ട്രീയധാർമ്മികത ചോദ്യം ചെയ്യുന്നതിൽ കുറ്റമൊന്നുമില്ല. പക്ഷേ, സംസ്ഥാന സർക്കാരുകളെ തന്നിഷ്ടപ്രകാരം പിരിച്ചു വിട്ടിരുന്ന കോൺഗ്രസ്സ് ഭരണാനുഭവം നിരവധിയുള്ള ഒരു രാജ്യമാണിതെന്നത് ഓർക്കണം. 1959ലെ കേരളത്തിലെ കമ്യൂണിസ്റ്റുഭരണം കിരാതമായിരുന്നെന്നും അതിൽ നിന്നുമുള്ള വിമോമോചനം അനിവാര്യമായിരുന്നെന്നതും രാഷ്ട്രീയമായി ശരി തന്നെയായിരുന്നു. പക്ഷേ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട കേരളസർക്കാരിനെതിരെ നടന്ന നീക്കത്തെ, വീരസവർക്കറും ഗുരുജി ഗോൾവൾക്കറും പോലും അവരുടെ കമ്യൂണിസ്റ്റുകളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ മറന്ന് വിമർശിച്ചിട്ടും നെഹ്രുവിന്റെ ഭാരതസർക്കാർ കേരള സർക്കാരിനെ പിരിച്ചുവിടുകയായിരുന്നു. ആ പിരിച്ചുവിടൽ അതിശക്തമായ ജനകീയ വിമോചന സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നെങ്കിൽ 1992ൽ ഭാരതീയ ജനതാ പാർട്ടിക്ക് പൂർണ്ണ ഭൂരിപക്ഷമുണ്ടായിരുന്ന ഉത്തർ പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് സർക്കാരുകളെ കോൺഗ്രസ്സിന്റെ ഭാരത സർക്കാർ പിരിച്ചു വിടുമ്പോൾ അന്നാട്ടിലൊന്നും ഒരു ‘വിമോചനസമരവും’ ഉണ്ടായിരുന്നിട്ടില്ലെന്നതും കൂടി ഓർക്കുക. മാത്രമല്ല കോൺഗ്രസ്സുകാർ തങ്ങൾക്കിഷ്ടമില്ലാത്ത നിരവധി സംസ്ഥാന സർക്കാരുകളെ അങ്ങനെ പിരിച്ച വിട്ടതിന്റെ ചരിത്രം നിരവധിയാണ്. പക്ഷേ നരേന്ദ്രമോദി അധികാരത്തിലിരുന്ന എട്ടു വർഷങ്ങളിലെത്ര തവണ അത്തരം ജനാധിപത്യ വിരുദ്ധ നടപടികളെടുത്തിട്ടുണ്ട്?
കിട്ടുമെങ്കിൽ പോലും എതിർപ്പുകളുയർന്നുവരാനിടയുള്ള ചർച്ചയെ പ്രോത്സാഹിപ്പിക്കാൻ ഭരണപക്ഷം പ്രത്യേകം ഉത്സാഹിക്കുമെന്ന് കരുതാനാവില്ല. എന്നിരുന്നാലും ഫലപ്രദമായ ഇടപെലിൽ കൂടി ശക്തമായ വാദങ്ങളുമായി സഭയിലെത്തിയാൽ മറുപടി പറയുകയല്ലാതെ സംവാദം മുടക്കാനൊന്നും ഭരണപക്ഷം മുതിരില്ല. കാരണം സഭയുടെ അംഗീകാരം തേടേണ്ടത് അവരുടെ ആവശ്യവും ലക്ഷ്യവുമാണ്. അതുകൊണ്ട് പാർലമെന്റിൽ സംവാദം ശക്തമാകേണമെങ്കിൽ എണ്ണത്തിൽ കുറവുള്ളവരാണെങ്കിൽ പോലും പ്രതിപക്ഷം പറയുവാൻ കഴിവുള്ളരാകണം; പറയുന്നതിൽ കഴമ്പുണ്ടാകണം.
കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളെ കുറിച്ചും ചിലത് ചർച്ച ചെയ്യേണ്ടതുണ്ട്. കേരളത്തിൽ നിന്നുള്ള സാമാജികരിൽ, കാര്യങ്ങൾ പഠിച്ച് സംവാദത്തിന് വരുന്ന ഡോ ശശിതരൂരും എൻ.കെ. പ്രമേചന്ദ്രനും ഇടി മുഹമ്മദ് ബഷീറുമൊക്കെ പാർലമെന്റ് നടക്കണമെന്നാഗ്രഹിക്കും. മുടങ്ങാതിരുന്നെങ്കിലെന്നു മോഹിക്കും. പേരെടുത്തു പറയാതെ തന്നെ വായനക്കാർ ഊഹിച്ചെടുക്കാനിടയുള്ള കേരളത്തിൽ നിന്നുള്ള പല പാർലമെന്റംഗങ്ങളും വാദിക്കാൻ കുറിച്ച പോയിന്റുകൾക്ക് പകരം പ്ലാക്കാർഡുകളും മുദ്രാവാക്യങ്ങളുമായി സഭയിലെത്തുമ്പോൾ അവർക്ക് സഭ നടന്നാലെന്താ മുടക്കിയാലെന്താ? ആനയ്ക്ക് ഉത്സവം നന്നാകണമെന്നുണ്ടോ? ഇക്കാര്യം ചർച്ച ചെയ്യുമ്പോൾ, എത്ര പ്രതികൂല സാഹചര്യത്തിലും കേരള നിയമ സഭയിൽ ചർച്ച നടക്കുന്നൂയെന്നത് മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിലെ പ്രതിപക്ഷ/ഭരണകക്ഷി എംഎൽഎ മാരെ പോലെ പാർലമെന്റിലെ കേരളത്തിൽ നിന്നുള്ള എംപി മാർക്കും ഗൃഹപാഠം ചെയ്താൽ സംവാദങ്ങളിൽ സജീവമാകാൻ കഴിയും. അതിന് ഇംഗ്ലീഷോ ഹിന്ദിയോ അറിയണമെന്നില്ല. മലയാളത്തിലും പങ്കെടുക്കാം. കാര്യങ്ങളറിയണം; കാഴ്ചപ്പാടുണ്ടാകണം; അത്രമാത്രം!
സംവാദ വിഷയത്തിൽ അടുത്ത കാലത്തുണ്ടായ ഒരു ഉദ്ദാഹരണം കൂടി എടുത്തു കാണിക്കാവുന്നതാണ്. ആദരണീയയായ രാഷ്ട്രപതിയെ കോൺഗ്രസ്സ്പക്ഷം അധിക്ഷേപിച്ചതിനെതിരെ മന്ത്രി സ്മൃതി ഇറാണി അതിശക്തമായി പ്രതിഷേധിച്ചു; കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയോട് ഉത്തരം ചോദിച്ചു. കഴിവുണ്ടായിരുന്നെങ്കിൽ സഭയിൽ എഴുനേറ്റു നിന്ന് അതിന് ശക്തമായ പ്രതിരോധം തീർക്കാനുള്ള അവസരം സോണിയാ ഗാന്ധിക്ക് തേടുകയും ഉപയോഗിക്കുകയും ചെയ്യാമായിരുന്നില്ലേ? എന്തു കൊണ്ട് അതിനു തയാറാകാതെ സഭയിൽ അനൗചാരിക വാഗ്വാദത്തിനു പോയി സ്വയം ചെറുതായി? ഒരു പക്ഷേ അവസരം ചോദിച്ചിട്ട് നൽകിയില്ലായിരുന്നെങ്കിൽ ലോകസഭാ സ്പീക്കർ കടുത്ത വിമർശനത്തിന് തന്നെ വിധേയനാകേണ്ടി വരുമായിരുന്നു. അവിടെ സ്വാഭാവിക കാരണം കഴിവില്ലായ്മയായിരുന്നു എന്ന പരമാർത്ഥം തിരിച്ചറിഞ്ഞ് അങ്ങനെയുള്ളവരോട് പദവികളൊഴിഞ്ഞ് സ്വന്തം പാർട്ടികൾക്കുള്ളിലേ കഴിവുള്ളവർക്ക് അവസരങ്ങൾ കൊടുക്കാൻ പറയുകയല്ലേ പ്രതിപക്ഷത്തിന്റെ ഇടം വളർത്താനും സംവാദത്തിന്റെ തലം വളർത്താനും ഏറ്റവും ഫലപ്രദമായ മാർഗം? ഒരു പക്ഷേ, അവരിലൊക്കെ കൂടി പ്രകടമാകുന്ന സംവാദങ്ങളിലെ വിഭവ ദാരിദ്ര്യം കൂടി മനസ്സിലാക്കിയതുകൊണ്ടാകാം മുഖ്യന്യായാധിപൻ അദ്ദേഹത്തിന്റെ അതേ പ്രഭാഷണത്തിൽ പാർലമെന്റംഗങ്ങളോട് വേണ്ട തരത്തിൽ നിയമവിശാരദന്മാരുടെ ഉപദേശംതേടാനും ന്യായാധിപന്മാരെ പോലെ ഗുമസ്തന്മാരുടെ സേവനം തേടാനും ഉപദേശിച്ചത്.
മാർക്സിസ്റ്റ് വിപ്ലവത്തിന്റെ ശൈലിയിലാണെങ്കിലും ജധാധിപത്യ ശൈലിയിലാണെങ്കിലും അധികാരം പാർശ്വത്കരിക്കപ്പെട്ട സമുഹത്തിലേക്ക് മാറിക്കഴിയുമ്പോൾ അതുവരെ അധികാരത്തിന്റെ തണലിൽ അമിതാവകാശങ്ങളും അധിക സൗകര്യങ്ങളും അനുഭവിക്കുകയും ചെയ്തവർക്ക് ഒഴിവാക്കാനാത്ത ചില അസൗകര്യങ്ങളുണ്ടാകും. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ അവഗണിക്കപ്പെട്ട, അടിച്ചമർത്തപ്പെട്ട, പാർശ്വവത്കരിക്കപ്പെട്ട ഹൈന്ദവ സമൂഹത്തിനും മതവ്യത്യാസങ്ങൾക്കപ്പുറം പട്ടിണിപ്പാവങ്ങളുടെ വിശാല സമൂഹത്തിനും പരിഗണന ലഭിച്ചു. അയോദ്ധ്യയിൽ ക്ഷേത്രം ഉയരുന്നതിന് അന്തരീക്ഷമൊരുക്കിയതും, ഒപ്പം തന്നെ, പാർപ്പിടവും പാചകവാതവും ശൗചാലയവും പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്കും എത്തിച്ചതും നരേന്ദ്രമോദി സർക്കാരായിരുന്നു. എല്ലാവരോടുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും മതവിശ്വാസം (‘സബ്കേ സാഥ്, സബ്കേ വികാസ്, സബ്കേ വിശ്വാസ്’) എന്നത് രാജ്യം ഭരിക്കുന്ന പ്രധാന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതും പ്രയോഗിക്കുന്നതുമായ നയസമീപനമായി മാറിയപ്പോൾ പങ്കുവെക്കൽ അനിവാര്യമായി വന്നു. അത് മറ്റുള്ളവരെ അകറ്റിനിർത്തി എല്ലാം കയ്യടക്കി വെച്ചിരുന്ന സംഘടിത ന്യൂനപക്ഷങ്ങളുടെയും അതുവരെ പൊതുമുതൽ കയ്യിലൊതുക്കിയിരുന്നവരുടെയും മേൽക്കൈ സ്വാഭാവികമായും അവസാനിക്കുന്നതിനിടവരുത്തി. ആ മാറ്റത്തെ പ്രതിരോധിച്ച് തങ്ങളുടെ സ്ഥാപിത താത്പര്യങ്ങൾ പുന:സ്ഥാപിക്കാൻ പാടുപെടുന്നവർക്കു വേണ്ടിയാണ് ബുദ്ധിജീവികളായി അറിയപ്പെടുന്നവരിൽ ചിലർ കഠിനാദ്ധ്വാനം ചെയ്യുന്നതെന്നുള്ളതാണ് ദൗർഭാഗ്യകരമായ വസ്തുത.
പ്രതിപക്ഷത്തെ ദുർബലമാക്കി സ്വയം പ്രബലമാകുവാൻ ഭരണപക്ഷം പരിശ്രമിക്കുന്നത് ജനാധിപത്യം അംഗീകരിക്കുന്ന രീതിയാണ്. അതിലാരും കുറ്റം പറയേണ്ട കാര്യവുമില്ല. സ്വീകരിക്കുന്ന രണതന്ത്രം നകാരാത്മകമാണോയെന്ന് മാത്രം വിലിരുത്തിയാൽ മതി. അതിന് തങ്ങളുടെ നാടുകളിൽ പ്രതിപക്ഷത്തെ അനങ്ങാനനുവദിക്കാത്ത ചൈനയുമായോ ഉത്തര കൊറിയയുമായോ റഷ്യയുമായോ താരതമ്യം ചെയ്യണമെന്ന് ഇവിടത്തെ ‘ഇടതുലിബറൽ ബുദ്ധിരാക്ഷസന്മാരാർ’ പോലും നിർദ്ദേശിക്കാനിടയില്ല. അക്കാര്യത്തിൽ, കയ്യിലിരുപ്പുകാരണം, ഇന്ന്, ശുഷ്കമായ പ്രതിപക്ഷമായി മാറിയ കോൺഗ്രസ്സും കമ്യൂണിസ്റ്റുകളുൾപ്പെടുന്ന കൂട്ടുകക്ഷികളോടും തന്നെ താരതമ്യം വേണ്ടിവരും. കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ ഭരണം കയ്യാളിയിരുന്നപ്പോൾ അവർ പ്രതിപക്ഷത്തുള്ളവരോട് എടുത്ത സമീപനങ്ങളെ സംബന്ധിച്ച് ഇനി കുറിക്കുന്നതുപോലെ ചില ചോദ്യങ്ങൾ ചോദിക്കേണ്ടിവരും.
1) കമ്യൂണിസ്റ്റ് പാർട്ടിയും ജനസംഘവും മാധ്യമങ്ങളും ഉയർത്തിയ വിമർശനങ്ങൾ ഒഴിവാക്കാൻ, അഭിപ്രായ സ്വാതന്ത്ര്യമനുവദിക്കുന്ന ആർട്ടിക്കിൾ 19ന് കൂച്ചുവിലങ്ങിടാൻ, ജവഹർലാൽ നെഹ്രു ഒന്നാം ഭരണഘടനാഭേദഗതി കൊണ്ടുവന്നത് ഓർക്കുക. അത്തരം ഏതെങ്കിലും നടപടിക്ക് അടൽ ബിഹാരി വാജ്പേയിയോ നരേന്ദ്രമോദിയോ മുതിർന്നിട്ടുണ്ടോ?
2) ഇന്ദിര സ്വന്തം കസേര പോകാതിരിക്കാൻ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിയും, ചൈനയുടെ കടന്നാക്രമണവും, അവസരം മുതലെടുക്കാൻ ചെയ്യാൻ പാടില്ലാത്തതൊക്കെ ചെയ്യുന്ന പ്രതിപക്ഷവും ചേർന്ന് അസാധാരണ സാഹചര്യം ഉയർത്തിയിട്ടും അടിയന്തിരാവസ്ഥയിലുടെ ഭരണകൂടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന നടപടിക്ക് നരേന്ദ്ര മോദി സർക്കാർ തയാറായോ?
3) വഴിവിട്ട കശ്മീർ നയത്തെ എതിർത്തതിന് ഭാരതീയ ജനസംഘം നേതാവ് ഡോ ശ്യാമ പ്രസാദ് മുഖർജിയെ കാരാഗ്രഹത്തിലടച്ച് മരണത്തിനിടവരുത്തിയ നെഹ്രുവിന്റെ ശൈലിയുടെ നിഴലെങ്കിലും ഇന്നത്ത ഭരണകൂടം പ്രകടിപ്പിച്ചിട്ടുണ്ടോ?
4) പാർലമെന്റിലെ പ്രമുഖ പ്രതിപക്ഷ നേതാക്കളായ മൊറാർജി ദേശായിയെയും അടൽ ബിഹാരി വാജ്പേയിയെയും ലാൽകൃഷ്ണ അദ്വാനിയെയും ജോർജ്ജ് ഫെർണാണ്ടസ്സിനെയും കോൺഗ്രസ്സിനുള്ളിൽ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ച ചന്ദ്രശേഖറെയും കാരാഗ്രഹത്തിലടച്ച ഭരണകൂട ഭീകരത ഇന്ന് ദൃശ്യമാണോ?
5) തമിഴ് നാട് നിയമസഭയിൽ മുഖ്യമന്ത്രി കരുണാനിധി പക്ഷം ജയലളിതയോട് പ്രവർത്തിച്ചതുപോലെയോ യുപി നിയമസഭയിൽ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് പക്ഷം മായാവതിയോട് പ്രവർത്തിച്ചതു പോലെയോ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയോ നരേന്ദ്ര മോദിയോ പാർലമെന്റിനെ നയിക്കുമ്പോൾ എന്നെങ്കിലും സോണിയയോട് പ്രവർത്തിച്ചിട്ടുണ്ടോ?
6) ജ്യോതി ബസു സർക്കാർ മമതാ ബാനർജിയെ വേട്ടയാടി. കേരളത്തിലെ മുഖ്യമന്ത്രിയായിരുന്നപ്പോൾ പോലും ഉമ്മൻ ചാണ്ടിയുടെ തല കമ്യൂണിസ്റ്റ് പക്ഷം എറിഞ്ഞു’ആയിരം എലികളെ തിന്ന ശേഷം പൂച്ച ഹജ്ജിനു പോയി’ എന്നു പറയുന്ന വടക്കേ ഇൻഡ്യൻ പഴഞ്ചൊല്ലിലെപ്പോലെയാണ് ഭരണത്തിലായിയുന്നപ്പോൾ പ്രതിപക്ഷത്തോടെന്നും ധിക്കാരപൂർവ്വം പെരുമാറിയിട്ടുള്ളവർ ഇന്നത്തെ ഭാരതം ഭരിക്കുന്ന ദേശീയതയുടെ രാഷ്ട്രീയ ശക്തിയെ ജനാധിപത്യത്തിന്റെ ഉദാത്ത മാതൃകകൾ പഠിപ്പിക്കാൻ പുതിയ ആളുകളെ ചുമതലപ്പെടുത്തുന്നത്! കുറ്റം പറയേണ്ടതില്ല. പക്ഷേ അവരെഴുതുന്ന വരികൾക്കിടയിലും അപ്പുറവുമുള്ള കുതന്ത്രങ്ങൾ തിരിച്ചറിയാൻ ഉതകുന്ന അറിവും അനുഭവവുമുള്ളവരാണ് പൊതുജനമെന്നത് അവരെ തിരിച്ച് പഠിക്കണമെന്നു മാത്രം.
Courtesy to K V Rajasekharan # kaladwani news#