രാഷ്ട്രപതിക്ക് മേൽ കേന്ദ്ര സർക്കാരിന് ഉള്ള നിയന്ത്രണ അധികാരത്തിന് സമാനമായുള്ള അധികാരം ഗവർണ്ണർക്ക് മേൽ സംസ്ഥാന സർക്കാരിന് ഇല്ല എന്നാരാണ് പറഞ്ഞത്?

രാഷ്ട്രപതിക്ക് മേൽ കേന്ദ്ര സർക്കാരിന് ഉള്ള നിയന്ത്രണ അധികാരത്തിന് സമാനമായുള്ള അധികാരം ഗവർണ്ണർക്ക് മേൽ സംസ്ഥാന സർക്കാരിന് ഇല്ല എന്നാരാണ് പറഞ്ഞത്?

രാഷ്ട്രപതിക്ക് മേൽ കേന്ദ്ര സർക്കാരിന് ഉള്ള നിയന്ത്രണ അധികാരത്തിന് സമാനമായുള്ള അധികാരം ഗവർണ്ണർക്ക് മേൽ സംസ്ഥാന സർക്കാരിന് ഇല്ല എന്നാരാണ് പറഞ്ഞത്?

ഇന്ത്യൻ ഭരണഘടന ആണ് പറഞ്ഞത്.
വായിച്ചാൽ മനസ്സിലാവും.

കേന്ദ്ര മന്ത്രിസഭയെ പറ്റി ഭരണഘടനയിൽ പറയുന്നത് അനുച്ഛേദം 74ലാണ്.

Article 74(1) പറയുന്നു: There shall be a Council of Ministers with the Prime Minister at the head to aid and advise the President who shall, in the exercise of his functions, act in accordance with such advises.

തർജ്ജമ: രാഷ്ട്രപതിയെ തന്റെ കർത്തവ്യ നിർവഹണത്തിൽ സഹായിക്കാനും ഉപദേശിക്കാനുമായി കേന്ദ്ര തലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ ഉണ്ടായിരിക്കണം. രാഷ്‌ട്രപതി ആകട്ടെ മേപ്പടി ഉപദേശങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായി തന്നെ പ്രവർത്തിക്കുകയും വേണം.

അതേ സമയം സംസ്ഥാന മന്ത്രിസഭയെ പറ്റി പറയുന്ന 163ആം അനുച്ഛേദത്തിലെ വാചകങ്ങൾക്ക് ഇതിൽ നിന്നൊരു ചെറിയ വ്യത്യാസമുണ്ട്.
അതെന്താണെന്ന് നോക്കൂ.

Article 163(1) – There shall be a council of Ministers with the chief Minister at the head to aid and advise the Governor in the exercise of his functions, except in so far as he is by or under this constitution required to exercise his functions or any of them in his discretion.

തർജ്ജമ: സംസ്ഥാന ഗവർണ്ണറെ, ഭരണഘടന പ്രകാരം അദ്ദേഹം നിർവഹിക്കാൻ ബാധ്യതയുള്ള കടമകളോ തന്റെ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കാവുന്ന കാര്യങ്ങളോ അല്ലാതുള്ള ചുമതലകളിൽ മാത്രം, സഹായിക്കാനും ഉപദേശിക്കാനും സംസ്ഥാന തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ വേണം.

വ്യത്യാസം മനസ്സിലായോ?

രാഷ്ട്രപതിയെ എല്ലാ കാര്യത്തിലും കേന്ദ്ര മന്ത്രിസഭ ഉപദേശിക്കണം.
ഏത് കാര്യത്തിലും ആ ഉപദേശം രാഷ്‌ട്രപതി അനുസരിക്കുകയും വേണം.
കേന്ദ്ര സർക്കാരിന് രാഷ്ട്രപതിക്ക് ഉപദേശം കൊടുക്കാൻ അധികാരമില്ലാത്ത ഒരു വിഷയവുമില്ല.
രാഷ്ട്രപതിക്ക് ആകട്ടെ മന്ത്രിസഭയുടെ ഉപദേശത്തിന് അനുസൃതം ആയല്ലാതെ ഒരു കാര്യത്തിലും പ്രവർത്തിക്കുക സാധ്യവുമല്ല.

നേരെ മറിച്ചു, സംസ്ഥാന മന്ത്രിസഭയ്ക്ക് എല്ലാ വിഷയത്തിലും ഗവർണ്ണറെ ഉപദേശിക്കാൻ അധികാരമില്ല.
ഭരണഘടനാപരമായ ചുമതലകളിലോ വിവേചനാധികാരമുള്ള വിഷയങ്ങളിലോ ഗവർണ്ണർക്ക് സ്വന്തമായി തീരുമാനമെടുക്കാം.
അതല്ലാതുള്ള വിഷയങ്ങളിൽ മാത്രമേ സംസ്ഥാന മന്ത്രിസഭയ്ക്ക് ഗവർണ്ണറെ ഉപദേശിക്കാൻ സാധിക്കൂ.
അതിൽ പോലും, ആ ഉപദേശത്തിന് അനുസൃതമായി തന്നെ നിർബന്ധമായും പ്രവർത്തിച്ചു കൊള്ളണം എന്ന് ഗവർണ്ണർക്ക് മേൽ ഒരു ബാധ്യതയും ഇല്ല.
അദ്ദേഹത്തിന് ആ ഉപദേശങ്ങൾ തിരസ്കരിക്കാനും അവകാശമുണ്ട്.
ആ സ്വാതന്ത്ര്യം ഗവർണ്ണർക്ക് ഭരണഘടന തന്നെ അനുവദിച്ചു കൊടുത്തിട്ടുണ്ട്.

ഭരണഘടനയിലെ ബന്ധപ്പെട്ട വകുപ്പുകൾ ഒന്നു ഓടിച്ചു വായിച്ചു നോക്കിയാൽ പോലും ആർക്കും മനസ്സിലാവുന്ന വ്യത്യാസമാണിത്.
അതിന് പോലും മിനക്കെടാത്ത പണ്ഡിതന്മാർ ആണ് യുക്തി രഹിതമായ താരതമ്യങ്ങളുമായി ഗവർണ്ണറെ ചട്ടം പഠിപ്പിക്കാൻ ഇറങ്ങിയിട്ടുള്ളത്.

ഭരണഘടനയിൽ നിന്ന് തന്നെയുള്ള വേറെയും ഒന്ന് രണ്ട് കൗതുകങ്ങൾ ഞാൻ പറയാം.

1) രാഷ്ട്രപതിയെ ആരും നിയമിക്കുക അല്ല.
പാർലമെന്റിന്റെ ഇരുസഭകളും സംസ്ഥാന നിയമസഭകളും ഉൾപ്പെടുന്ന ഇലക്ട്രൽ കോളേജ് വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുകയാണ്.
എന്നാൽ ഗവർണറെ ആരും ഇൻഡയറക്ട് വോട്ടിങ്ങിലൂടെ എങ്കിലും ജനാധിപത്യപരമായി തിരഞ്ഞെടുക്കുകയല്ല.
രാഷ്‌ട്രപതി, അതായത് പ്രായോഗിക അർത്ഥത്തിൽ കേന്ദ്ര സർക്കാർ തന്നെ, സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയാണ്.

2) രാഷ്‌ട്രപതിയുടെ കാലാവധി അഞ്ചു വർഷം ആണെന്ന് ഭരണഘടനയുടെ Article 56(1) തന്നെ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ ഗവർണ്ണറുടെ കാലാവധിയെ സംബന്ധിച്ച് ഭരണഘടനയിൽ യാതൊരു വ്യക്തതയുമില്ല.
“The Governor shall hold office during the Pleasure of the President” എന്നാണ് Article 156(1) പറയുന്നത്.
156(3)ൽ അഞ്ചു വർഷത്തെ കാലാവധിയെ പറ്റി പറയുന്നുവെങ്കിലും അത് 156(1), (2) വ്യവസ്ഥകൾക്ക് വിധേയമായേ നിലനിൽക്കൂ എന്ന് അതേ വകുപ്പ് പറയുന്നു.
മാത്രമല്ല സമയപരിധി കഴിഞ്ഞാലും പുതിയ ആൾ ചുമതലയെടുക്കും വരെ, അതെത്ര കാലമായാലും, ഗവർണ്ണർക്ക് പദവിയിൽ തുടരാമെന്ന് 156(4)ൽ വ്യവസ്ഥയും ചെയ്തിരിക്കുന്നു.
അതായത് കേന്ദ്ര സർക്കാരിന് ഇഷ്ടമുള്ളത്ര കാലം ഒരാളെ ഗവർണ്ണറായി നിലനിർത്താം.

3) കാലാവധി തീരും മുൻപ് രാഷ്ട്രപതിയെ പുറത്താക്കാൻ “Impeachment” എന്നൊരു നടപടി ക്രമം ഭരണഘടന മുന്നോട്ട് വെക്കുന്നുണ്ട്.
എന്നാൽ ചുമതലയിലുള്ള ഗവർണറെ തൽസ്ഥാനത്തു നിന്നും പുറത്താക്കാനുള്ള ഒരു വകുപ്പും ഭരണഘടനയിൽ ഇല്ല.
അത് പൂർണ്ണമായും കേന്ദ്ര തീരുമാനം ആണ്.
ഗവർണറെ പുറത്താക്കാനും സ്ഥലം മാറ്റാനും കേന്ദ്ര സർക്കാരിനാണ് അധികാരം.

അതായത് ഗവർണറെ നിയമിക്കുന്നതും നിലനിർത്തുന്നതും സ്ഥലം മാറ്റുന്നതും അധിക ചുമതല കൊടുക്കുന്നതും പുറത്താക്കുന്നതും ഒക്കെ കേന്ദ്ര സർക്കാർ തന്നെയാണ്.
എല്ലാ അർത്ഥത്തിലും സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകരാതെ നിലനിൽക്കുന്നു എന്നുറപ്പാക്കാൻ കേന്ദ്രം ചുമതലപ്പെടുത്തിയിട്ടുള്ള നിരീക്ഷകനും അധികാരിയുമാണ് ഗവർണ്ണർ.
അത് കൊണ്ടാണ് മുൻ പ്രസിഡന്റും അതിന് മുൻപ് ഗവർണ്ണറും ആയിരുന്ന വി.വി. ഗിരി “Governor is an ambassador of central government at states” എന്ന് പറഞ്ഞത്.
അത് കൊണ്ട് തന്നെയാണ് ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങൾ ആയിരുന്ന മഹാരഥന്മാർ തന്നെ അവിടെ നടന്ന ചർച്ചകളിൽ “”The Governor is not merely an Agent of Center, rather, he is the Agency which will press for and guard the Central Policy.” എന്ന് സമർത്ഥിച്ചതായി Constituent Assembly Debates’കളിൽ നമുക്ക് വായിക്കാൻ സാധിക്കുന്നത്.

ആ ഗവർണറെ പറ്റിയാണിവർ എന്തോ കുറ്റം പോലെ കേന്ദ്ര സർക്കാരിന്റെ ഏജന്റ് എന്ന് ആക്ഷേപമായി പറയുന്നത്.
ഹലോ.. ഇവിടെ ശ്രദ്ധിച്ചേ..
ഗവർണ്ണർ എന്ന പദവിയെ ആ താൽപര്യത്തിൽ തന്നെയാണ് ഭരണഘടനാ നിർമ്മാതാക്കൾ സൃഷ്ടിച്ചിട്ടുള്ളത്.
അതൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലോ, ഏറ്റു പറച്ചിലോ, കുറ്റ സമ്മതമോ ഒന്നുമല്ല.
അത് ഭരണഘടനയുടെ വീക്ഷണമാണ്.
അതറിയാൻ നിങ്ങൾ CAD വായിക്കണം.

അത് പറഞ്ഞപ്പോളാണ് ഓർത്തത്.
CAD അഥവാ Constituent Assembly Debates എന്ന് വിളിക്കുന്നൊരു രേഖയുണ്ട്.
ഇന്ത്യയുടെ ഭരണഘടന നിർമിക്കാൻ ചുമതലപ്പെടുത്തിയ സഭയുടെ 1946 ഡിസംബർ 9 മുതൽ 1950 ജനുവരി 24 വരെയുള്ള 165 ദിവസങ്ങളിലെ നടപടികളും അവിടെ നടന്ന സംവാദങ്ങളും ക്രോഡീകരിച്ചതാണ് അത്.
നമ്മുടെ ഭരണഘടനയിലെ ഓരോ ആർട്ടിക്കിളുകളും അവയിലെ ഓരോ സബ് ക്ളോസുകളും സുദീർഘമായ ചർച്ചകളിലൂടെയും തർക്കങ്ങളിലൂടെയും ആണവർ ശരി വെയ്ക്കുകയോ തള്ളി കളയുകയോ ചെയ്തത്.
മഹാമേരുക്കളായ ആ മഹാമനീഷികളിലൂടെ മഹത്തായ സംവാദങ്ങളുടെ ഉൽപ്പന്നമാണ് നമ്മുടെ ഭരണഘടന.
അത് കൊണ്ടാണത് മനുഷ്യരാശിക്ക് ആകെ വിസ്മയമായൊരു മാഗ്നാ കാർട്ട ആയത്.
ലോകത്തിലെ ഏറ്റവും നീണ്ടതും വലുതുമായ ഭരണഘടനയായത്.
ഏറ്റവും നല്ല ഭരണഘടനയും ആയത്.
ആ ഭരണഘടനയുടെ ശരിയായ സത്തയെ മനസിലാക്കാൻ ഓരോ ആർട്ടിക്കിളിനു പിന്നിലുള്ള ഉദ്ദേശവും ലക്ഷ്യവും വ്യക്തമാക്കുന്ന CAD സംവാദങ്ങൾ വായിക്കണം.
അല്ലാതെ ഭരണഘടനയുടെ ബെയർ ആക്ടും പ്രിയംബിളും മാത്രം വായിച്ചാൽ പോരാ.
12 വാള്യങ്ങളുള്ള ഗ്രന്ഥ സമുച്ചയമായി Constituent Assembly Debates പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഒട്ടും മുഷിച്ചിൽ ഉണ്ടാക്കാത്തതും വിസ്മയപ്പെടുത്തുന്നതും പലപ്പോഴും രോമാഞ്ചം സൃഷ്ടിക്കുന്നതും ആണ് അതിന്റെ വായനാനുഭവം.

ആ CAD’യിൽ ഗവർണറെ സംബന്ധിക്കുന്ന വകുപ്പുകളെ പറ്റിയുള്ള ഭാഗങ്ങൾ വായിച്ചു നോക്കണം.
Volume 8 page 400 മുതൽ 600 വരെയുള്ള ഭാഗങ്ങളിൽ ആണത് വരുന്നത്.

Volume 8. Page 454.
“I’m in favour of nominated Governors partly because it would keep the Centre in touch with the units and would remove the source of possible separatist tendencies.”

ആരാണ് പ്രാസംഗികൻ എന്നൂഹിക്കാമോ?
ജവാഹർലാൽ നെഹ്‌റു ആണ്.
കേന്ദ്രത്തെ അതിന്റെ യൂണിറ്റുകൾ അഥവാ ഘടകങ്ങൾ ആയ സംസ്ഥാനങ്ങളോട് സമ്പർക്കത്തിൽ നിലനിർത്തുകയും അവയിൽ വന്നേക്കാവുന്ന വിഭജനവാദ സാധ്യതളെ ഇല്ലാതാക്കുകയും ചെയ്യും എന്നത് കൊണ്ട് ഞാൻ കേന്ദ്രം നിയമിക്കുന്ന ഗവർണ്ണർ എന്ന ആശയത്തെ പിന്തുണക്കുക ആണെന്നാണ് അദ്ദേഹം പറയുന്നത്.
ഭരണഘടനാ നിർമ്മാണ സഭയിൽ ഓരോ സംസ്ഥാനത്തും കേന്ദ്ര നിയുക്തനായ ഒരു ഗവർണ്ണർ എന്ന വാദത്തിന്റെ ഏറ്റവും ശക്തരായ അഭിഭാഷകരിൽ ഒരാൾ ആയിരുന്നു നെഹ്‌റു.

Volume 8. Page 502.
Dr. BR Ambedkar’s Retort.

“Because the Provincial Governments are required to work in subordination to the
Central Government and therefore in order to see that they do act in subordination to the Central Government, the Governor will reserve certain things in order to give the President the opportunity to see that the rules under which the Provincial Governments are supposed to act according to the Constitution or in subordination of the Central Government are observed.”

എന്ത് കൊണ്ട് ഗവർണ്ണർക്ക് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി സംസ്ഥാനം പാസ്സാക്കുന്ന നിയമങ്ങളെ പോലും അംഗീകാരം നൽകാതെ റിസർവ് ചെയ്തു വെയ്ക്കാം എന്ന ചോദ്യത്തിന് ഉത്തരമായി ഡോ. ബി.ആർ. അംബേദ്കർ പറയുകയാണ്.
“കാരണം സംസ്ഥാനങ്ങൾ കേന്ദ്രത്തിനു കീഴിലായി ആണ് പ്രവർത്തിക്കേണ്ടത്.
അവരങ്ങനെ തന്നെ ചെയ്യുന്നു എന്നുറപ്പാക്കാനും ഓർമിപ്പിക്കാനും ഗവർണ്ണർക്ക് റിസർവിങ് എന്ന ഉപാധി ഉപയോഗിക്കാം.
അത് വഴി സംസ്ഥാനത്തിന്റെ നടപടിയിൽ തെറ്റില്ലെന്നും അത് ഭരണഘടനയ്ക്ക് വിധേയം ആണെന്നും കേന്ദ്ര സർക്കാരിന് കീഴ്പ്പെട്ട് പ്രവർത്തിക്കുക എന്ന ചട്ടത്തിന് അനുസൃതം ആണെന്നും പരിശോധിച്ച് ഉറപ്പിക്കാൻ രാഷ്ട്രപതിക്ക് അവസരം നൽകാം.”
അംബേദ്കർ ആണ് പറയുന്നത്.
ഭരണഘടനയുടെ ദർശനമാണ് പറയുന്നത്.

ഇനിയങ്ങോട്ട് പോയാൽ Article 356 പ്രകാരം സംസ്ഥാന സർക്കാരിനെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെടാൻ ഗവർണ്ണർക്ക് എന്ത് കൊണ്ട് അധികാരം നൽകുന്നു എന്നൊക്കെ പറയുന്ന ഭാഗങ്ങളാണ്.
അതൊക്കെ എടുത്ത് പറയാനുള്ള സ്ഥലമോ സമയമോ സൗകര്യമോ ഇല്ലാത്തത് കൊണ്ടാണ്.
പറഞ്ഞാൽ പലർക്കും താങ്ങാനാവില്ലെന്ന കരുതലും ഉള്ളത് കൊണ്ടാണ്.
വേണ്ടി വന്നാൽ ഒഴിവുള്ള പിന്നീടൊരിക്കൽ വിശദമായി തന്നെ അതെഴുതാം.

ചുരുക്കത്തിൽ മനസിലാക്കേണ്ട തത്വം ഇതാണ്.
ഇന്ത്യ ഒരു ഫെഡറേഷൻ ആയല്ല, യൂണിയൻ ആയാണ് ഭരണഘടനാ നിർമ്മാണ സഭ വിഭാവനം ചെയ്തിട്ടുള്ളത് എന്നാണത്.
അത് കൊണ്ടാണ് ആ ഭരണഘടനയുടെ ആദ്യ അനുച്ഛേദമായ Article 1 തന്നെ “India, that is Bharat, shall be a Union of States” എന്ന് പറയുന്നത്.
Federation of States എന്നല്ല.
Union of States എന്നാണ് പറഞ്ഞത്.
അതിൽ തന്നെ ‘India, that is Bharat’ എന്നാണ് പറഞ്ഞതും.
യൂണിയനും ഫെഡറേഷനും തമ്മിലുള്ള വ്യത്യാസം പ്രത്യേകം പറയണ്ടല്ലോ.
അങ്ങനൊരു യൂണിയൻ ആണ്‌ ഇന്ത്യ എന്നോർമ്മിപ്പിക്കാൻ ആണ് ഓരോ സംസ്ഥാനത്തും ഓരോ ഗവർണ്ണർ ഉള്ളത്.

ആ ജോലിയാണ് ആരിഫ് മുഹമ്മദ്‌ ഖാൻ ചെയ്തു കൊണ്ടിരിക്കുന്നതും.
നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.courtesy..Sanku T Das(The post is Published in the interest of Public)

Chief Editor .Kaladwani News