കമ്യൂണിസ്റ്റ് പക്ഷത്തിനും ദേശീയപക്ഷത്തിനും വിശാല സമൂഹത്തിനും വ്യക്തമായ സന്ദേശങ്ങളുമായി കേരളാ ഗവർണർ.
//കെ വി രാജശേഖരൻ//
‘എന്റെ അടിസ്ഥാന മൂല്യങ്ങളിലും വിശ്വാസങ്ങളിലും ഒരു വിട്ടു വീഴ്ചയ്ക്കും ഞാൻ തയാറില്ലെന്ന്’ വ്യകതമായി പ്രഖ്യാപിച്ചുകൊണ്ട് കേരളാ ഗവർണർ, ഡോ ആരിഫ് മുഹമ്മദ് ഖാൻ, ഈ സംസ്ഥാനത്തെ ജനതയോട് പറയേണ്ടത്, പറയേണ്ടതു പോലെയും പറയാവുന്നതു പോലെയും പറഞ്ഞപ്പോൾ പൊതുസമൂഹത്തിന്റെ മുമ്പിൽ അദ്ദേഹത്തിന്റെയും അദ്ദേഹം അലങ്കരിയ്ക്കുന്ന പദവിയുടെയും ഔന്നത്യം ഉയർന്നുയരുകയായിരുന്നു. കുറ്റവാളി തന്നെ വിധികർത്താവ് ആകാനിടവരുത്തുന്നതിന് അനുവദിക്കില്ലായെന്ന് വ്യക്തമാക്കിയപ്പോൾ അത് വിശാല മാനവ സമൂഹത്തിന്റെ നീതി ബോധത്തിന്റെ അടിസ്ഥാന ഭാവങ്ങളിലൊന്നിന് അടിവരയിട്ടു. അതിന്റെ പേരിൽ കേരള നിയമസഭ പാസ്സാക്കിയ ലോകപാൽ നിയമത്തിന്റെ ഭേദഗതി ബില്ല് ചവറ്റുകുട്ടയിലെറിയപ്പെടുമെങ്കിൽ അങ്ങനെ സംഭവിക്കട്ടേയെന്ന് അഴിമതിയുടെ പക്ഷം പിടിക്കാനാവാത്തവർക്കാർക്കും പറയാതിരിക്കാനാവാത്ത അവസ്ഥ വന്നു. സർവ്വകലാശാലകളുടെ സ്വയം ഭരണത്തെ ഹനിക്കുന്നതും അവിടം രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ബന്ധുക്കൾക്കും ആശ്രിതർക്കും അനധികൃത നിയമനങ്ങൾക്കുള്ള ഇടമാക്കിമാറ്റുന്നതിന് വഴിയൊരുക്കുന്നതുമായ നിയമ നിർമ്മാണത്തെ പ്രതിരോധിക്കുമെന്ന നയം വ്യക്തമാക്കിയത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷ ഉയർന്നു. അത് വളരുന്ന തലമുറകളിൽ ആവേശകരമായ അനുഭവമായി മാറി. കേരള നിയമസഭയുടെ ആ നിയമനിർമ്മാണ ശ്രമവും പരാജയപ്പെടുന്നത് ആഘോഷിക്കുവാൻ പൊതുസമൂഹം തയാറെടുക്കുമെന്നതും വ്യക്തമായി. അതിനിടെ അഡ്വക്കേറ്റ് കാളീശ്വരം രാജിനെയും മുൻ ലോക സഭാ സെക്രട്ടറി ജനറൽ പിഡിടി ആചാരിയെയും ഉദ്ധരിച്ചുകൊണ്ട് ഗവർണർ ആ നിയമനിർമ്മാണ രേഖകൾക്ക് അനുമതി നിഷേധിക്കുകയോ തടഞ്ഞുവെക്കുകയോ ചെയ്താൽ സംസ്ഥാന സർക്കാരിന് കോടതിയിൽ പരിഹാരം തേടാമെന്ന് പറഞ്ഞതായി ചില മാധ്യമങ്ങൾ സർക്കാരിനുവേണ്ടി ശബ്ദം മുഴക്കുന്നു. ഗവർണർക്ക് സ്വീകരിക്കാവുന്ന നടപടിക്രമങ്ങളിലൂടെ ലഭ്യമായ സമയ പരിധിയിൽ നിന്നുകൊണ്ട് പൊതുതാത്പര്യത്തിനും ഭരണഘടനയ്ക്കും നിരക്കുന്ന ഉചിതമായ തീരുമാനമെടുക്കുവാൻ അദ്ദേഹം തയാറാകുമെന്ന ബോദ്ധ്യമുള്ള ഈ രാജ്യത്തെ ജനങ്ങൾ അത്തരം വിദഗ്ദ്ധോപദേശങ്ങൾ കേട്ട് ആവലാതിപ്പെടാനിടയില്ലെന്നു മാത്രമാണ് അതിനുള്ള മറുപടി.
രാഷ്ട്രീയ സ്വയം സേവക സംഘവുമായി ഗവർണർക്കുള്ള സൗഹൃദത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ നിലപാടുകളുടെ മേൽ നിഴൽ വീഴ്ത്തുവാൻ ശ്രമിച്ചതിനെ പ്രതികരിച്ചതും സമാനതകളില്ലാത്ത വിശകലനവ്യക്തതയോടെയായിരുന്നു. ഫലമോ നാളിതുവരെ സംഘത്തിന്റെ അധികാരികളോ സ്വയം സേവകരോ, ഗുണഭോക്താക്കളോ, നിഷ്പക്ഷരും സകാരാത്മക വീക്ഷണവുമുള്ളവരുമായ ഉന്നത വ്യക്തികളോ പോലും സമാജത്തെ സംബോധന ചെയ്തപ്പോൾ വ്യക്തമായതിലൊക്കെ കൂടുതൽ ശക്തമായി രാഷ്ട്രീയ സ്വയം സേവക സംഘം എന്താണെന്ന നേർ ചിത്രം കാലത്തിന്റെ ചുവരെഴുത്തായി ഗവർണർ കോറിയിട്ടു. ഒരു പക്ഷേ ഡോ. ആരിഫ് മുഹമ്മദ് ഖാന് മാത്രം കഴിയുന്ന ശൈലിയിൽ! അത് സ്വയം സേവകർക്ക് കൂടുതൽ സ്വയം സ്ഫുടം ചെയ്ത് സമസ്തസമാജത്തിലേക്കും നടന്നടുക്കുന്നതിന് പ്രചോദനമായി. സംശയ ദൃഷ്ട്യാ മാറിനിന്നവർക്കും സത്യം തിരിച്ചറിയുന്നതിന് അവസരം നൽകി. പക്ഷേ അതിനോട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ച രീതി വിചിത്രമായിരിക്കുന്നു! 1963ൽ നെഹ്രു പ്രധാനമന്ത്രിയായിരുന്നപ്പോൾ സ്വയംസേവകർ റിപ്പബ്ളിക്ക് ദിന പരേഡിൽ പങ്കെടുത്തതിന്റെ രേഖ വിവരാവകാശനിയമ പ്രകാരം ആരോ ചോദിച്ചപ്പോൾ കിട്ടാഞ്ഞതുകൊണ്ട് അത് തെറ്റായ അവകാശവാദമാണെന്നും ഗവർണർ നെഹ്രുവിനോട് ക്ഷമ ചോദിക്കണമെന്നും! അങ്ങനെയാണെങ്കിൽ ഒരു വ്യക്തിയുടെ ജനനം രേഖപ്പെടുത്തിയ രജിസ്റ്റർ ബന്ധപ്പെട്ട സർക്കാരാഫീസിൽ ലഭ്യമല്ലെന്നു വന്നാൽ ആ വ്യക്തി ജനിച്ചിട്ടേയില്ലെന്ന നിലപാടാകുമോ കെ. സുധാകരൻ എടുക്കുന്നത്? രമേശ് ചെന്നിത്തല, ഏതായാലും, അങ്ങനെയൊന്നും പറഞ്ഞില്ല. അന്നത്തെ ആർഎസ്സ്എസ്സ് അല്ലാ ഇന്നത്തേത് എന്നാണ് അദ്ദേഹം പറഞ്ഞത്. ചെറുപ്പത്തിൽ സംഘശാഖയിൽ പോയിട്ടുണ്ടെന്ന് വിമർശനം ഉയർത്തുന്ന കമ്യൂണിസ്റ്റുകാരുൾപ്പടെയുള്ള വരോട് ഞാൻ ജനിച്ചപ്പോൾ മുതലേ ഹിന്ദുവിരോധിയാണെന്ന് പറയേണ്ട ബാദ്ധ്യതയുണ്ടെങ്കിൽ അദ്ദേഹം അങ്ങനെ പറഞ്ഞ് രക്ഷപെട്ടുകൊള്ളട്ടെ! കോൺഗ്രസ്സ് പ്രമുഖനായ വീരപ്പാ മൌലിയാണെങ്കിൽ നെഹ്രുവിന്റെ ആത്മകഥയിൽ അക്കാര്യം പറഞ്ഞില്ലെന്ന വാദമാണുയർത്തിയതെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. 1936ൽ എഴുതിയ തന്റെ ആത്മകഥയിൽ 1963 ജനുവരി 26ന് നടന്ന സംഭവത്തെ കുറിച്ച് രേഖപ്പെടുത്താഞ്ഞതിൽ സംഘപക്ഷത്തുള്ളവർ ഏതായാലും നെഹ്രുവിന്റെ ആത്മാവിനോട് പരാതി പറയാൻ മുതിരില്ല!
അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിക്കൊണ്ട് ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഫാസിസ്റ്റ് ഭരണാധികാരി പിണറായി വിജയന്റെ മര്യാദകെട്ട പ്രകോപനപരങ്ങളായ പ്രതികരണങ്ങൾക്ക് ഗവർണർ ഡോ ആരിഫ് മുഹമ്മദ് ഖാൻ ഉരുളയ്ക്കുപ്പേരിപോലെ മറുപടി കൊടുത്തപ്പോൾ ഉത്തരം മുട്ടിയ മാർക്സിസ്റ്റ്-ജിഹാദി രാഷ്ട്രീയ പക്ഷം അപ്രസക്തമായ ചില മറുചോദ്യങ്ങൾ ഉയർത്തുകയാണ് ചെയ്യുന്നത്. ഒന്നാമതു ചോദ്യം, ഭരണാപദവിയിലിരുന്നുകൊണ്ട് പത്ര സമ്മേളനം നടത്തി പ്രതികരിക്കാമോയെന്നതാണ്. എന്തുകൊണ്ട് പാടില്ലായെന്നതാണ് യുക്തിസഹമായി ഉയരുന്ന മറു ചോദ്യം. അങ്ങനെ പാടില്ലായെന്ന് ഭരണഘടനയിലോ ഭാരതത്തിൽ നിലവിലുള്ള ഏതെങ്കിലും നിയമങ്ങളിലുമോ പറയുന്നില്ല. ശരിയാണ്, വാക്കുകൾ കൊണ്ടാണെങ്കിലും വാളുകൊണ്ടാണെങ്കിലും ആരെയെങ്കിലും കടന്നാക്രമിക്കുന്നത് തെറ്റാണ്. പക്ഷേ, ആക്രമിക്കപ്പെട്ടാൽ പ്രതിരോധിക്കുന്നതിനുള്ള അവകാശം ആർക്കും നിഷേധിക്കാൻ കഴിയില്ല. ഉദ്ദാഹരണത്തിന് വാടിക്കൽ രാമകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തിയത് ശിക്ഷയാവശ്യപ്പെടുന്ന കുറ്റമായിരുന്നു. പക്ഷേ, ആ കൊലപാതകശ്രമത്തെ പ്രതിരോധിക്കാൻ ഇരയായ രാമകൃഷ്ണൻ കയ്യിൽ കിട്ടുന്ന ആയുധം എടുത്ത് ആത്മരക്ഷാർത്ഥം തിരിച്ചാക്രമിക്കുകയും അതിൽ അദ്ദേഹത്തെ ആക്രമിച്ചയാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നെങ്കിൽ അതിന് നിയമപരമായ പരിരക്ഷ കിട്ടുമായിരുന്നു. അതേ തരത്തിൽ, മുഖ്യമന്ത്രിയും പിണറായി വിജയനും കൂടെയുള്ളവരും നിരന്തരം കടന്നാക്രമിച്ചപ്പോൾ അതിന് രാജ്ഭവനിൽ പത്രസമ്മേളനം നടത്തി മറുപടി നൽകിയതിലൂടെ സ്വയം പ്രതിരോധിക്കാനുള്ള അവകാശമാണ് ഗവർണർ ഉപയോഗിച്ചത്. അതിൽ ധാർമ്മികമായോ നൈതികമായോ ഒരു അപാകതയുമില്ല. മാത്രമല്ല, സുപ്രീം കോടതിയിലെ നാലു ജഡ്ജിമാർ (1. മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രിയുടെ മകൻ, ജസ്റ്റിസ് രഞ്ചൻ ഗോഗോയ് 2. മുൻ തെലുങ്ക് ദേശം നേതാവ്, ജസ്റ്റീസ് ചെലമേശ്വർ 3. മുൻ കേരളാ കോൺഗ്രസ്സ് നേതാവ്, ജസ്റ്റീസ് കുര്യൻ ജോസഫ് 4. പാക്കിസ്ഥാൻ ന്യായാധിപന്മാരുടെയിടയിൽ നിരവധി സുഹൃത്തുക്കളുള്ള, ജസ്റ്റീസ് മദൻ ലോക്കൂർ), പുറത്തുവന്ന് പത്രസമ്മേളനം നടത്തിയതും അവരുടെ അടുക്കളവാതിൽക്കൽ ഒളിഞ്ഞുനിന്ന് ആശയങ്ങളും അടുക്കും പറഞ്ഞുകൊടുക്കുവാൻ കമ്യൂണിസ്റ്റ് ദേശീയ നേതാവ് ഡി. രാജ ഉണ്ടായിരുന്നുയെന്നതും ഇവിടെയെല്ലാവരും മറന്നു പോയിട്ടില്ല.
ഇടതു മുന്നണിക്ക് ഭരണം പിടിക്കാൻ അക്കാലത്ത് അനുവാദം നൽകാതിരുന്നതിന് അന്നത്തെ ഗവർണർ ജ്യോതി വെങ്കടാചലത്തെ മര്യാദകെട്ട ഭാഷയിൽ ഇടതു പക്ഷം കടന്നാക്രമിച്ച ചരിത്രം കേരളം മറന്നിട്ടില്ല. അതുപോലെ, പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ ലാവ്ലിൻ അഴിമതിക്കേസിൽ അന്വേഷണത്തിന് സിബിഐക്ക് അനുവാദം കൊടുത്ത ഗവർണർ ആർ. എസ്സ്. ഗവായിയെ തെരുവിൽ തെറിപറഞ്ഞു നടന്നതും കേരളം അവജ്ഞയോടെ ഓർക്കുന്നു. സ്വന്തം അഴിമതി മൂടിവെക്കാൻ, അന്നത്തെ ഗവർണറെ സമ്മർദ്ദത്തിലാക്കാൻ, മുഖ്യമന്ത്രി സ്ഥാനത്ത് പാർട്ടി സഖാവ് അച്ചുതാനന്ദൻ ആയിരുന്നിട്ടുപോലും, കഴിയാതെ വന്നപ്പോൾ നടത്തിയത് ഭ്രാന്തൻ പ്രതികരണമായിരുന്നു. അവിടെയൊന്നും ഗവർണർമാർ അർഹിക്കുന്ന മറുപടിക്ക് മുതിർന്നില്ല. അതുപോലെ തന്നെ ഇപ്പോഴത്തെ ഗവർണറും, ഇതിനു മുമ്പ്, അദ്ദേഹത്തിൽ നിന്ന് നീതി പ്രതീക്ഷിച്ച ജനങ്ങളെ നിരാശപ്പെടുത്തിക്കൊണ്ട് മുഖ്യമന്തി ചെയ്ത പല തെറ്റായ കാര്യങ്ങളുടെയും ചെയ്യേണ്ടിയിരുന്നിട്ടും ചെയ്യാതിരുന്ന പല ശരിയായ നടപടികളുടെയും നേർക്ക് അസ്വീകാര്യമായ മൗനം അവലംബിച്ചിട്ടുണ്ടായിരുന്നു. അതിൽ നിന്നൊക്കെ വ്യത്യസ്ഥമായി, ഇന്ന്, ബഹുമാനപ്പെട്ട ഗവർണർ, തല ഉയർത്തി നിന്നുകൊണ്ട്, മുഖ്യമന്തി അർഹിക്കുകയും പൊതുജനം പ്രതീക്ഷിക്കയും ചെയ്യുന്ന മറുപടി നൽകിയെങ്കിൽ മുഖ്യമന്ത്രി സ്വയം തിരുത്തുവാനുള്ള മാന്യത പുലർത്തുകയാണ് വേണ്ടത്.
രണ്ടാമത് ഉയരുന്ന വിഷയം ഗവർണർ ഉയർത്തിയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വയം സേവക സംഘവുമായുള്ള സൗഹാർദ്ദപരമായ ബന്ധത്തെ ചോദ്യം ചെയ്യുന്നതാണ്. അവിടെയും ധാർമ്മികതയും നൈതികതയും പിണറായി പക്ഷത്തെ പിന്തുണയ്ക്കാനില്ലെന്നതാണ് പരിതാപകരമായ അവസ്ഥ. രാഷ്ട്രീയ സ്വയം സേവക സംഘവും അതുയർത്തുന്ന ഹൈന്ദവ സാംസ്കാരിക ദേശീയതയും സകാരാത്മകമായി ഭാരതീയ ജനാധിപത്യത്തെ സമീപിക്കുന്നവർക്ക് സ്വീകാര്യമായതോ ചർച്ച ചെയ്യാവുന്നതോ ആയ ലോക വീക്ഷണമാണ്. അതുകൊണ്ടാണ് ഹിന്ദുത്വത്തിന് തന്റേതായ നിർവചനം നൽകിയ വീര വിനായക ദാമോദർ സാവർക്കറെ അദ്ദേഹം വിദ്യാർത്ഥിയായിരുന്നപ്പോൾ താമസിച്ചിരുന്ന ലണ്ടനിലെ ഇൻഡ്യാ ഹൗസിൽ പല പ്രാവശ്യം പോയി കണ്ട് ചർച്ചകളിലേർപ്പെടുവാൻ റഷ്യൻ വിപ്ലവ നേതാവായിരുന്ന വ്ലാദ്മീർ ലെനിൻ തയാറായത്. അതുകൊണ്ടാണ് ആയുധ നിർമ്മാണത്തിനും വിതരണത്തിനും സവർക്കർ സജീവമായിരുന്ന ഭാരതീയ യുവസ്വാതന്ത്ര്യ ദാഹികളുടെ സംഘത്തെ സഹായിക്കാൻ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ റഷ്യയിലുൾപ്പടെയുണ്ടായിരുന്ന സോഷ്യലിസ്റ്റ്/സാമ്രാജ്യത്വ വിപ്ലവകാരികൾ തയാറായത്. അതുകൊണ്ടാണ് അക്കാലത്ത് ജർമ്മനിയിൽ ലെനിൻ ഉൾപ്പടെയുള്ളവർ ഭാഗമായിരുന്ന സോഷ്യലിസ്റ്റ് ഇന്റർനാഷണലിൽ പങ്കെടുക്കവാൻ വീര സാവർക്കറെ ക്ഷണിച്ചതും അദ്ദേഹത്തിന്റെ സഹപ്രവർത്തകയായിരുന്ന മാഡം ഭിക്കാജി ഗാമാ പങ്കെടുത്തതും അവിടെ സാവർക്കറും സഹപോരാളികളും രൂപം കൊടുത്ത ഭാരതീയ ദേശീയ പതാക ഉയർത്തിയതും. അക്കാലത്തെ സാർവദേശീയ കമ്യൂണിസ്റ്റ് പക്ഷവും സാവർക്കറെ അംഗീകരിച്ചിരുന്നതിന്റെ മറ്റൊരു തെളിവാണ് ബ്രിട്ടീഷ് കപ്പലിലെ തടവിൽ നിന്ന് സമുദ്രത്തിലേക്ക് ചാടിയിറങ്ങി ഫ്രാൻസിലേക്ക് നീന്തിക്കയറിയ സാവർക്കറെ ഇംഗ്ലീഷുകാർക്ക് കൈമാറുന്നതിനെതിരെ ഹേഗ് അന്തരാഷ്ട്ര കോടതിയിൽ കേസ് നടത്തിയപ്പോൾ സാവർക്കർക്കുവേണ്ടി നിയമ പോരാട്ടം നടത്താൻ കമ്യൂണിസം കണ്ടുപിടിച്ച കാറൽ മാർക്സിന്റെ കൊച്ചുമകൻ ജീൻ ലോറന്റ് ഫ്രെഡറിക്ക് ലോംഗ്വറ്റ് അരയും തലയും മുറുക്കി രംഗത്തു വന്നത്. കമ്യൂണിസ്റ്റുകളുടെ സവർക്കറോടുള്ള താത്പര്യം 1950 കളിൽ ഇൻഡ്യൻ പാർലമെന്റിൽ അദ്ദേഹത്തിന് അഞ്ഞൂറു രൂപ പെൻഷൻ നൽകാനുള്ള പ്രമേയം പാസ്സാക്കാൻ പടപൊരുതിയത് എ.കെ. ഗോപാലനുൾപ്പടെയുള്ള കമ്യൂണിസ്റ്റ് പാർട്ടി ലോകസഭാ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നുയെന്നതും ചരിത്രമാണ്. 1966ൽ സാവർക്കർ ആത്മസമർപ്പണം ചെയ്തശേഷം ഇൻഡ്യൻ പാർലമെന്റിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ തയാറാകാതിരുന്ന കോൺഗ്രസ്സ് പക്ഷത്തെ എതിർത്തുകൊണ്ട് ആ ധീര ദേശാഭിമാനിക്കുവേണ്ടി ശബ്ദം ഉയർത്താൻ കമ്യൂണിസ്റ്റ് പ്രമുഖനായിരുന്ന ഹിരൺ മുഖർജിയും ഉണ്ടായിരുന്നെന്നതും മറക്കാതിരിക്കുക. നെഹ്രുവിന്റെ കുടുംബരാഷ്ട്രീയത്തോടും ഇസ്ലാമിന്റെ വർഗീയ രാഷ്ട്രീയത്തോടും വിധേയത്വം പിടിച്ചു നിൽക്കാനുള്ള അടവുനയമായും പണവും പദവികളും സമ്പാദിക്കാനുള്ള ലളിതതൊഴിലായും സ്വീകരിച്ച ശേഷം മാത്രമാണ് ഹിന്ദുത്വരാഷ്ട്രീയ പക്ഷത്തിനെതിരെ കുരയ്ക്കുന്നതും കടിയ്ക്കുന്നതും ഇൻഡ്യയിലെ കമ്യൂണിസ്റ്റുകളുടെ പാർട്ടി പരിപാടിയായി മാറിയത്. കേരളാ ഗവർണർ ഡോ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയ സ്വയം സേവക സംഘം സർസംഘചാലകിനെ സന്ദർശിച്ചതിൽ കുറ്റം കണ്ടുപിടിക്കാൻ പാടുപെടുന്നവർ 1967ൽ കേരളസർക്കാർ രൂപീകരണത്തിനുവേണ്ടി മുസ്ലീം ലീഗിനെ കൂട്ടു പിടിക്കും വരെ വിനായക ദാമോദർ സാവർക്കറോടു പോലും അവർ പുലർത്തിയ സമീപനം എന്തായിരുന്നുവെന്നത് മറക്കാതിരിക്കണം.
ആദ്യ സർസംഘചാലക് ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറുമായി മഹാത്മാ ഗാന്ധിക്ക് സംഭാഷണമാകാമായിരുന്നു. 1930കളിൽ ഗാന്ധിജിക്ക് വാർധായിൽ സംഘശിബിരം സന്ദർശിക്കാമായിരുന്നു. ഡോ ഭീം റാവ് രാംജി അംബേദ്കർക്ക് സംഘശിബിരത്തിൽ പങ്കെടുക്കാമായിരുന്നു. കശ്മീർ ഭാരതത്തോട് ചേർക്കാൻ രാജാ ഹരിസിംഗിനെ സ്വാധീനം ചെയ്യുവാൻ നെഹ്രുവിന്റെ ഭാരത സർക്കാരിന് അന്നത്തെ സർസംഘചാലക് ഗുരുജി ഗോൾവക്കറുടെ സഹായം തേടാമായിരുന്നു. 1963ലെ റിപ്പബ്ളിക്ക് ദിനപരേഡിൽ സംഘസ്വയം സേവകരെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു സർക്കാരിന് ക്ഷണിച്ചു പങ്കെടുപ്പിക്കാമായിരുന്നു. 1965ൽ പാക്കിസ്ഥാൻ യുദ്ധഭീഷണി മുഴക്കിയപ്പോൾ ലാൽ ബഹദൂർ ശാസ്ത്രിക്ക് അന്നത്തെ സർസംഘചാലക് ഗുരുജി ഗോൾവാൾക്കറെ പ്രതിരോധത്തിന്റെ ജനകീയ പക്ഷം കരുത്തുറ്റതാക്കുവാൻ കൂടെ കൂട്ടാമായിരുന്നു. മുൻ രാഷ്ട്രപതിമാരായിരുന്ന ഡോ സക്കീർ ഹുസൈനും എപിജെ അബ്ദുൾ കലാമിനും പ്രണാബ് മുഖർജിക്കും സംഘവുമായോ അവരുടെ കാലത്തെ സർസംഘചാലകന്മാരുമായി സംവദിക്കുകയോ സംഘപരിപാടികളിൽ പങ്കെടുക്കുകയോ ആകാമായിരുന്നു. ന്യൂനപക്ഷത്തു നിന്നും ഭാരത രാഷ്ട്രീയത്തിലെ ഉന്നതവേദികളിൽ ഇടം പിടിച്ച പ്രമുഖർ എംസി ഛംഗ്ലയും സിക്കന്ദർ ഭക്തും ജോർജ്ജ് ഫെർണ്ണാണ്ടസ്സും എല്ലാം സംഘപരിവാറിന്റെ പൂമുഖത്തിരിക്കുന്ന് ഹൈന്ദവ ദേശീയതയുടെ രാഷ്ട്രീയ പക്ഷത്തോട് ആശയങ്ങൾ പങ്കുവെച്ചതും ഒന്നിച്ച് നിന്നതും ചരിത്രമാണ്. ആ കൂട്ടായ്മയുടെ ചരിത്രം ഇന്ദിരയുടെ അടിയന്തിരാവസ്ഥയെ അട്ടിമറിക്കുന്ന രാഷ്ട്രീയ ശക്തിയായി മാറിയതും രാജീവിന്റെ അഴിമതിഭരണത്തിന് അറുതി വരുത്തിയ ജനാധിപത്യ ശക്തിയായി മാറിയതും കാലം മറക്കാത്ത വസ്തുതകളാണ്. പലപ്പോഴും തലയിൽ മുണ്ടിട്ടുകൊണ്ടായിരുന്നെങ്കിലും കമ്യൂണിസ്റ്റ് നേതാക്കളും പിന്നാമ്പുറങ്ങളിൽ ആ കൂട്ടായ്മകൾക്ക് കൂട്ടു നിന്നതും സഖാക്കൾ മറക്കാൻ ശ്രമിച്ചാലും അവരുടെ ഇപ്പോഴത്തെ യജമാനന്മാരായ സോണിയാ കോൺഗ്രസ്സുകാരോട് ഇടയ്ക്കെങ്ങാനും വല്ല കുരുത്തക്കേടും കാണിക്കുമ്പോൾ അവർ ഓർമ്മിപ്പിക്കാറുണ്ടല്ലോ?
അങ്ങനെ ഓരോന്നും ഓർത്തെടുക്കുമ്പോൾ സംഘവും സംഘചാലകന്മാരും ഹിന്ദുവും ഹിന്ദുത്വവും എല്ലാം എതിർക്കപ്പെടേണ്ടതാണെന്ന സീതാറാം യച്ചൂരിയുടെയും പിണറായി വിജയന്റെയും കെ.ടി. ജലീലിന്റെയും മുഹമ്മദ് റിയാസിന്റെയും കാലത്തെ കമ്യൂണിസം കരുതിപ്പോരുന്നത് പ്രത്യയശാസ്ത്രപരമായ പുനർ ചിന്തനത്തിന്റെയോ പൊളിച്ചെഴുത്തിന്റെയോ പരിണതഫലമായല്ലെന്നും അന്നവും അധികാരവും തേടുവാനുള്ള അടവുമാത്രമാണെന്നുമാണ് വ്യക്തമാകുന്നത്. അതിനു തെളിവുകൾ പലതാണ്. പഞ്ചായത്തിൽ മാത്രം അധികാരം കിട്ടേണ്ടപ്പോൾ അവിടെ ഭൂരിപക്ഷമുള്ള ജാതികൾക്കോ ജാതിക്കൂട്ടായ്മകൾക്കോ വേണ്ടി കൃസ്ത്യൻ മുസ്ലീം ന്യൂനപക്ഷങ്ങളെ എതിർക്കുന്നത് സഖാക്കളുടെ പതിവായിരുന്നില്ലേ? പ്രാദേശിക സംഘർഷങ്ങൾ ഉടലെടുപ്പിക്കുമ്പോഴും മുതലെടുക്കുമ്പോഴും കമ്യൂണിസ്റ്റുകാർ ക്രിസ്ത്യൻ/മുസ്ലീം പക്ഷത്തിനെതിരെ നിലപാടുകളെടുക്കുന്നത് കേരളത്തിലെ വ്യാപകമായ പ്രാദേശിക അനുഭവങ്ങളിൽ പ്രകടമല്ലേ? ശബരിമല തീവെപ്പിലും രാമസിംഹൻ കൊലപാതകത്തിലും കേരളത്തിലെ ഹിന്ദുക്കൾ സഹിക്കെട്ടപ്പോൾ 1957ൽ ഹിന്ദുവിനൊപ്പമെന്ന അടവുനയമെടുത്തതിനുശേഷമാണ് ഏലങ്കുളത്തെ തിരുമേനി ചന്ദനക്കുറിയും തൊട്ട് മുഖ്യമന്ത്രിയാകാൻ സത്യപ്രതിജ്ഞയ്ക്കൂ പോയത്. 1967ൽ മുസ്ലീം ലീഗുമായി കൂട്ടുകൂടി അതേ തിരുമേനി വീണ്ടും മുഖ്യമന്ത്രിയായി. പിന്നീട് ക്രിസ്ത്യൻ വർഗീയ പാർട്ടിയായ കേരളാ കോൺഗ്രസ്സിനെയും കൂടെ കൂട്ടിയെങ്കിലും നിലയ്ക്കൽ പ്രശ്നത്തിൽ ഹിന്ദു ഉണർന്നത് മനസ്സിലാക്കുകയും അത് രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ ഹിന്ദുത്വപക്ഷം ശക്തിയാർജിച്ചിട്ടില്ലായിരുന്നുയെന്നത് തിരിച്ചറിയുകയും ചെയ്തപ്പോൾ മാർക്സിസ്റ്റ് പക്ഷം മുസ്ലീം ലീഗിനെയും കേരളാ കോൺഗ്രസ്സിനെയും മൊഴിചൊല്ലി ഹൈന്ദവ പിന്തുണ തേടാൻ വേണ്ടി ‘യഥാർത്ഥ മതേതരത്വത്തിന്റെ’ കുപ്പായമണിഞ്ഞു! അതിനുശേഷം നടന്ന തിരഞ്ഞെടുപ്പൽ ഇ.കെ. നായനാരുടെ നേതൃത്വത്തിൽ വിജയിക്കുകയും ചെയ്തു. ചുരുക്കത്തിൽ നാളെ ഏതെങ്കിലും അത്ഭുതം സംഭവിച്ച് ഭാരതത്തിന്റെ അധികാരം തിരഞ്ഞെടുപ്പിലൂടെ കയ്യിൽ കിട്ടാവുന്ന അവസ്ഥയുണ്ടായാൽ കമ്യൂണിസ്റ്റുകൾ കളം മാറ്റി ചവിട്ടും; കാവിയുടുക്കും; കുങ്കുമ തിലകവും അണിയും. കാരണം ക്രിസ്തുമതത്തെ ഇല്ലാതാക്കുന്നതുപോലെയല്ല ഇസ്ലാമിനെ ഇല്ലാതേക്കേണ്ടതെന്ന് പാർട്ടി സഖാക്കൾക്ക് വിശദീകരണം നൽകി ഖിലാഫത്തിനൊപ്പം ചേർന്ന് ഇസ്ലാമിക സാമ്രാജ്യത്വത്തിനോട് സഖ്യം ചേർന്ന സ്റ്റാലിന്റെ റഷ്യയാണ് 1921ൽ ആംഗ്ലോ സോവിയറ്റ് ട്രേഡ് എഗ്രിമന്റ് ഒപ്പിട്ടശേഷം ഖിലാഫത്തു പക്ഷത്തെ കാലുവാരി ഇംഗ്ലീഷ് നേതൃത്വത്തിലുള്ള ക്രിസ്ത്യൻ സാമ്രാജ്യത്വ ശക്തികളുടെ വിജയത്തിന് വഴിയൊരുക്കിയത്. അതൊക്കെ വ്യക്തമാക്കുന്നത് ഗവർണർ ഡോ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയ സ്വയം സേവക സംഘം സർ സംഘചാലക് മോഹൻ ഭഗവത്തിനെ കണ്ടതിനെ വിമർശിക്കുന്നത് മുസ്ലീം വർഗീയതയോടും ജിഹാദി രാഷ്ട്രീയത്തോടും ക്രിസ്ത്യൻ വിഭാഗത്തിലെ മതപരിവർത്തനവാദികളുൾപ്പെടുന്ന വർഗീയവാദികളോടും കൂട്ട് കൂട്ടി പിണറായിയുടെ കുടുംബാധിപത്യത്തിന്റെ വഴി സുഗമമാക്കുവാൻ വേണ്ടി മാത്രമാണെന്നും ആ നിലപാടുകൾക്കൊന്നും ആദർശപരമായ ഒരു അടിത്തറയുമില്ലെന്നതുമാണ്.
മാക്സിസം-ലെനിനിസം-മാവോയിസത്തിൽ ഇന്നും പ്രതീക്ഷ പുലർത്തുന്ന, പ്രത്യയയശാസ്ത്രത്തോട് പ്രതിബദ്ധതയുള്ള, കറതീർന്ന കമ്യൂണിസ്റ്റുകൾ, പിണറായിയും പക്ഷവും പയറ്റിത്തുടരുന്ന അടവുനയങ്ങളും അവസരവാദങ്ങളും പാർട്ടിയെ പതനത്തിൽ നിന്ന് പിടിച്ചുയർത്തുവാൻ പര്യാപ്തമാണോയെന്ന് പരിശോധിച്ചു നോക്കേണ്ടതുണ്ട്. നിലവിൽ കേരളമാണ് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് ഭാരതത്തിൽ പിടിച്ചു നിൽക്കുവാനുള്ള അവസാനത്തെ കച്ചിത്തുരുമ്പ്. ഹിന്ദുവിനെ ശത്രുപക്ഷത്തു നിർത്തിക്കൊണ്ട് മുസ്ലീം കൃസ്ത്യൻ വർഗീയ പ്രീണനം തുടർന്നാൽ കമ്യൂണിസ്റ്റുകാർക്കിവിടെ നേട്ടം കൊയ്യാനാകുമോ? ഇല്ല. കാരണം, കമ്യൂണിസ്റ്റ് ബാന്ധവം ആ വർഗീയ പക്ഷങ്ങളുടെ നിയമസഭയിലെയും ലോകസഭയിലെയും സാന്നിദ്ധ്യ സാദ്ധ്യതകൾക്ക് ഉറപ്പേകുമെന്നു മാത്രം. കേരളത്തിലെ നിലവിലെ വിവിധ മതവിഭാഗങ്ങളുടെ ജനവിന്യാസം ലോകസഭയിലേക്ക് മൂന്നും നിയമസഭയിലേക്ക് 25 സീറ്റുകൾ വരെ മുസ്ലീം വർഗീയ പക്ഷത്തിന് സ്വന്തമാക്കാം എന്ന നിലയിലാണ്. അത്രയും തന്നെ കൃസ്ത്യൻ മതവിഭാഗത്തിനും സാദ്ധ്യതയുണ്ട്. പക്ഷേ കേരളാ കോൺഗ്രസ്സ് നിരന്തരം പിളർന്നതും സോണിയയുടെ വരവിനുശേഷം ആ ഇറ്റാലിയൻ റോമൻ കത്തോലിക്കാ വനിതയിലൂടെ ഭാരതത്തിൽ ഒരു ക്രിസ്ത്യൻ പക്ഷ ഭരണകൂടത്തിന്റെ സാദ്ധ്യത സ്പ്നം കണ്ട ഒരുവിഭാഗം വർഗീയപക്ഷം കോൺഗ്രസ്സിലേക്ക് തിരിച്ചു പോകുകയും ചെയ്തതോടെ കേരളത്തിലെ ക്രിസ്ത്യൻ രാഷ്ട്രീയ ശക്തി വിഘടിച്ചു പോയെന്നതും വസ്തുതയാണ്. പക്ഷേ എന്നു വെച്ച് ക്രിസ്ത്യൻ പ്രബല മണ്ഡലങ്ങളിൽ കമ്യൂണിസ്റ്റുകാർക്ക് നേരിട്ടു മത്സരിച്ച് ജയിച്ച് തങ്ങളുടെ നിയമ/ലോക സഭാ പ്രാതിനിധ്യം വർദ്ധിപ്പിക്കാമെന്നോന്നും വ്യാമോഹിച്ചുപോകെണ്ട. ചുരുക്കത്തിൽ നിയമസഭയിലെ അമ്പത് സീറ്റും ലോകസഭയിലെ ഏഴോളം സീറ്റുകളും മുസ്ലീം/ക്രിസ്ത്യൻ വർഗീയശക്തികൾക്ക് സ്വന്തമായിത്തുടരും. മുന്നണി സംവിധാനം വീട്ട് കക്ഷികൾ ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിച്ചാലും അതൊക്കെത്തന്നെയാകും അവസ്ഥ. അങ്ങനെ വരുമ്പോൾ മാർക്സിസ്റ്റ് പാർട്ടിക്ക്, 140ൽ ബാക്കിയുള്ള 90 സീറ്റുകളിൽ മത്സരിച്ച് 71 നേടി കേരളം ഭരിക്കുന്നതിനോ 20ൽ ബാക്കിയുള്ള 13 ലോകസഭാ സീറ്റുകളിൽ 11നേടി കേരളത്തിൽ നിന്നുള്ള ലോകസഭാ അംഗങ്ങുളുടെ ഭൂരിപക്ഷം നേടുന്നതിനോ സാധാരണഗതിയിൽ കഴിയില്ലായെന്ന വസ്തുത അവഗണിക്കാവുന്നതല്ല. അപ്പോൾ പിന്നെ അവർക്ക് ലഭിക്കാവുന്ന പരമാവധി സീറ്റുകൾ നേടി ലോകസഭയിലും ദേശീയ അധികാരത്തിലും അവരുടെ വിലപേശൽ ശക്തി വർദ്ധിപ്പിക്കാനല്ലേ മുസ്ലീം/ക്രിസ്ത്യൻ വർഗീയ കക്ഷികൾ നോക്കൂ. അതിനല്ലേ മുസ്ലീം വർഗീയ പക്ഷം ഇന്നും നോക്കുന്നത്. വിഘടിതഭാവം മാറ്റി ഐക്യപ്പെട്ട് ക്രിസ്ത്യൻ പക്ഷവും അത്തരം ഒരു സമീപനത്തിലേക്ക് മാറാനാണുള്ള സാദ്ധ്യത തള്ളിക്കളയാനാകുമോ? അല്ലെങ്കിൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടിക്ക് പണവും പിന്തുണയും ഒഴുക്കുന്ന ചൈനയെപ്പോലെ തന്നെ മുസ്ലീം വർഗീയ ശക്തികളെ നിയന്ത്രിക്കുന്ന സാർവ്വദേശീയ ഇസ്ലാമിക ശക്തികളും ക്രിസ്ത്യൻ വർഗീയതയെ നിയന്ത്രിക്കുന്ന പാശ്ചാത്യ ശക്തികളും തങ്ങൾക്ക് വേണ്ടപ്പെട്ടവരെ വേണ്ടതുപോലെ തിരുത്തുവാനിടപെടുകയില്ലെന്ന് കരുതുവാൻ കഴിയുമോ? അതോടൊപ്പം മറ്റൊരു വസ്തുത കൂടി ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ കണക്കിലെടുക്കേണ്ടതുണ്ട്. നിലവിൽ ഭാരതത്തിൽ ഭാരതീയ ജനതാ പാർട്ടി ഒറ്റയ്ക്ക് വ്യക്തമായി ഭൂരിപക്ഷം അനുഭവിക്കുന്നതുകൊണ്ട് ഇതുപോലെയുള്ള ചെറുഗ്രൂപ്പുകളുടെ വിലപേശൽ ശേഷി ഒട്ടും ഇല്ലാത്ത അവസ്ഥയാണിന്ന്. അങ്ങനെ സംഭവിക്കാൻ ഒരു സാദ്ധ്യതയും നിലവിലില്ലെങ്കിലും, ഏകകക്ഷിയ്ക്ക് ഭൂരിപക്ഷമുള്ള അവസ്ഥയിലന്തെങ്കിലും മാറ്റമുണ്ടായാൽ തങ്ങൾക്ക് സ്വന്തമായി രണ്ടോ മൂന്നോ സീറ്റുകൾ വെച്ച് വില പറയാവുന്ന ഒരു സാഹചര്യം വന്നാൽ കമ്യൂണിസ്റ്റ് ദല്ലാളന്മാരെ ഒഴിവാക്കി നേരിട്ട് ഭാരതത്തിലെ പ്രബലരാഷ്ട്രീയ പാർട്ടികളോട് ചർച്ചകളിലേർപ്പെടാൻ അവർ തയാറാകാനും കമ്യൂണിസ്റ്റുകൾക്ക് ഇപ്പോഴുള്ള പ്രസക്തി പോലും ഇല്ലാതാകാനാണ് സാദ്ധ്യതയെന്നതും കാണാതെ പോകരുത്.
സഖാക്കളേ മുന്നോട്ട് ഇനി പോകണമെങ്കിൽ അടവും ചുവടും തിരുത്തുക. ഭാരതത്തോടും ജനാധിപത്യത്തോടും കളങ്കമില്ലാത്ത പ്രതിബദ്ധത പുലർത്തുക; സർവ്വധർമ്മ സമഭാവനയോട് താത്പര്യമില്ലെങ്കിൽ പോലും ഹിന്ദുവിനെയും മുസ്ലീമിനെയും ക്രിസ്ത്യാനിയെയും വിവേചനമില്ലാതെ വീക്ഷിക്കുന്ന സകാരാത്മക മതേതരത്വമെങ്കിലും സമീപനമായി സ്വീകരിക്കുക; അദ്ധ്വാനിക്കുന്ന അടിസ്ഥാന വിഭാഗത്തെ അധികാരം പിടിച്ചെടുക്കാനുള്ള ഉപാധിയായി കാണാതെ അവരോടൊപ്പം ആത്മാർത്ഥമായി നിലകൊള്ളുക. സഖാക്കളെ, ഭാരതീയ ജനാധിപത്യത്തിൽ എല്ലാം ഇല്ലാതായവരായവരാണ് നിങ്ങൾ! നഷ്ടപ്പെടുവാൻ കാര്യമായി നാലു ലോകസഭാംഗങ്ങളോ അഞ്ച് ശതമാനം ജനപിന്തുണയോ പോലും ഇല്ലാതായിപ്പോയ ശപിക്കപ്പെട്ട രാഷ്ട്രീയ ജന്മം! നെഹ്രു മുതൽ മോദി വരെ രാജ്യം ഭരിച്ചവരുടെ ജനാധിപത്യബോധം ചൈനയ്ക്കും പാക്കിസ്ഥാനുമൊക്കെ ചാരപ്പണി ചെയ്തിട്ടും നിങ്ങളുടെ കൈകളിൽ വിലങ്ങുകൾ സ്ഥിരമായി ഇടാഞ്ഞതുകൊണ്ട് അതുപോലും നഷ്ടപ്പെടാനായി ബാക്കിയില്ല. അതുകൊണ്ട് സ്വയം തിരുത്തലുകളോടെ പുതിയ ഭാരതത്തിലേക്ക്, ആത്മനിർഭരതയിലേക്ക്, നടന്നു മുന്നേറാനാകുമെന്ന തിരിച്ചറിവ് നേടുന്നതിന് നിങ്ങൾക്ക് ഉതകട്ടെ, ഗവർണറുടെ ചൂണ്ടിക്കാട്ടലുകൾ!
kaladwani news …സത്യസന്ധമായ വാർത്തകൾക്കും അവലോകങ്ങൾക്കും 9037259950 .