സഹകരണാത്മക ഫെഡറലിസവും
ആത്മനിർഭര ഭാരതവും : കെ വി രാജശേഖരൻ:
ഭാരതം വിശിഷ്ടമാകണം, വിശ്വം ജയിക്കണം, എന്ന ദൃഢനിശ്ചയം ഉള്ളിലുറച്ച ദേശീയ ബോധമുള്ള ജനഭൂരിപക്ഷത്തിന്റെ രാഷ്ട്രീയ ശക്തിയിലേക്കാണ് 2014ൽ ജനാധിപത്യം അധികാരം കൈമാറിയത്. അധിനിവേശം കഴിഞ്ഞപ്പോൾ ലോക ജിഡിപിയുടെ ഇരുപത്തഞ്ച് ശതമാനം സ്വന്തമായിരുന്ന ഭാരതത്തിന്റെ വിഹിതം കടത്താവുന്നത്ര കടത്തി മൂന്നുശതമാനമായി കുറച്ചു തകർത്തതിനു ശേഷമാണ് ബ്രിട്ടീഷുകാർ ഇവിടം വിട്ടു പോയത്. 45 മില്യൻ യുഎസ്സ് ഡോളറാണ് (അതായത് ഇന്നത്തെ ഭാരതത്തിന്റെ ഒരു വർഷത്തെ ജിഡിപിയുടെ പതിനഞ്ചിരട്ടി!) അങ്ങനെ അവർ കടത്തിക്കൊണ്ടു പോയതെന്ന് കണക്കാക്കിയിട്ടുള്ളത്. നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കാനുള്ള ദൗത്യത്തിനാണ് ഭാരതം നരേന്ദ്രമോദിയെ ചുമതല ഏൽപ്പിച്ചത് . ആസൂത്രിതമായി വിവിധ ഘട്ടങ്ങളിലൂടെ അഞ്ച് ട്രില്ല്യൻ, പത്തു ട്രില്ല്യൻ യുഎസ്സ് ഡോളർ ലക്ഷ്യങ്ങൾ നേടി, 2047 ആകുമ്പോഴേക്കും അഭിമാനകരമായ തലത്തിലേക്ക് ലോക സമ്പദ് വ്യവസ്ഥയിൽ ഭാരതത്തിന്റെ സ്ഥാനം തിരിച്ചു പിടിക്കണം എന്നതാണ് അക്കാര്യത്തിൽ മോദി മുന്നോട്ടുവെച്ച കർമ്മപദ്ധതി. അതിനുതകുന്ന ആത്മ നിർഭരതയാണ് ഇന്നത്തെ ഭാരത ഭരണകൂടത്തിന്റെ ഉദാത്തമായ മാർഗവും ആത്യന്തികമായ ലക്ഷ്യവും. അതുകൊണ്ടു തന്നെയാണ് തുടക്കം മുതൽ തന്നെ, കേന്ദ്ര സർക്കാരും സംസ്ഥാനസർക്കാരുകളും സഹകരണാത്മകമായ ഫെഡറലിസത്തിലൂടെ സമഗ്രവികസനം സാദ്ധ്യമാക്കി സകലരിലേക്കും വികസനനേട്ടത്തിന്റെ വീതം എത്തിക്കുന്നതിന് പ്രതിജ്ഞാബദ്ധമാകണമെന്ന സന്ദേശം മോദി സർക്കാർ നൽകിക്കൊണ്ടിരിക്കുന്നത്.
നരേന്ദ്രമോദിയുടെ സംഭാവനയായ ‘കോപ്പറേറ്റീവ് ഫെഡറലിസം ‘ ചർച്ചയ്ക്കെടുക്കുമ്പോൾ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് മൂന്നു തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ സകാരാത്മകമായും നകാരാത്മകമായും സമീപിക്കുന്ന രണ്ടുതരം കേന്ദ്രഭരണകൂടങ്ങളെ കണ്ടു പഴകിയതും കണക്കിലെടുക്കേണ്ടതുണ്ട്. . ആദ്യം പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പ്രചോദനകരമായ സഹകരണത്തിന്റെ ഭരണ ശൈലി; പിന്നീട് പ്രധാനമന്ത്രി ഡോ മൻമോഹൻസിങ്ങിനെ നോക്കുകുത്തിയാക്കിയിരുത്തി, പിന്നിൽ നിന്ന് നയിച്ച സോണിയയുടെ വൈര്യനിര്യാതന ബുദ്ധിയോടെയുള്ള സങ്കുചിത രാഷ്ട്രീയവും. ആറര ദശാബ്ദങ്ങളോളം നടത്തിയ നെഹ്രു-ഗാന്ധി കുടുംബ ഭരണത്തിലൂടെ അധീനതയിലാക്കിയ ജുഡീഷ്യറിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്ര അന്വേഷണ ഏജൻസികളെയും വിലയ്ക്കു വാങ്ങി നിലയ്ക്കു നിർത്തിയിരുന്ന മാധ്യമങ്ങളെയും എല്ലാം ദുരുപയോഗം ചെയ്തുകൊണ്ട് ഫെഡറലിസത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളെയൊക്കെ കാറ്റിൽ പറത്തി, ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരെ കുരിശുയുദ്ധം നടത്തുകയായിരുന്നു കേന്ദ്രഭരണം കയ്യിലൊതുക്കിയിരുന്ന സോണിയാ ഗാന്ധി. പക്ഷേ, പകരം വീട്ടാനോ പടവെട്ടാനോ സമയം കളയാതെ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുളള ബന്ധം ഫെഡറലിസത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടാകുമെന്നും അതിന് തന്നിൽ നിന്നും സഹകരണാത്മകതയുടെ സകാരാത്മക സമീപനമുണ്ടാകുമെന്നുമാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദി വ്യക്തമാക്കിയത്.
വ്യക്തമാക്കപ്പെട്ട വികസന ലക്ഷ്യങ്ങൾക്ക് ഉതകും വിധം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ പുനർ നിർവചിക്കുവാൻ മോദിഭരണകൂടം തുടക്കത്തിൽ തന്നെ എടുത്ത നടപടിയാണ് ആസൂത്രണ കമ്മീഷനെ (പ്ലാനിംഗ് കമ്മീഷനെ) പിരിച്ചു വിട്ട്, നീതി ആയോഗ് (നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഫോർ ട്രാൻസ്ഫോമിങ്ങ് ഇൻഡ്യ) ആരംഭിച്ചത്. ഭാരതവികസനം ബഹുദൂരവും അതി ശീഘ്രവുമാക്കുന്നതിനുള്ള നിർണ്ണായക ചുവടുവെപ്പായിരുന്നു അത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏകാധിപതിയായി ഭരണതലപ്പത്തെത്തിയ സ്റ്റാലിനെ പോലെയുള്ളവർ സോവിയറ്റ് യൂണിയനിലാകെ തങ്ങളുടെ പിടുത്തം മുറുക്കാൻ കണ്ടെത്തിയ സംവിധാനമായിരുന്നു അവിടത്തെ ആസൂത്രണ കമ്മീഷൻ. എല്ലാം കേന്ദ്രീകൃതം! ആജ്ഞാപിക്കുകയും അനുസരിപ്പിച്ച് നിയന്ത്രിക്കുകയും ചെയ്യുന്ന കമാൻഡ് ആൻഡ് കൺട്രോൾ സമ്പ്രദായം! പ്രാദേശിക ആവശ്യങ്ങളെയോ മുൻഗണനകളെയോ കണക്കിലെടുക്കാതെ എല്ലാവർക്കും ഒരേ തരത്തിലുള്ള പദ്ധതികൾ! 1950കളിൽ നെഹ്രുഭരണകൂടം സോവിയറ്റ് മാതൃകയിലുള്ള ആസൂത്രണവും വികസന മാതൃകയും പഞ്ചവത്സര പദ്ധതിയും ഭാരതത്തിൽ പ്രാവർത്തികമാക്കിയപ്പോൾ തന്നെ രാഷ്ട്രീയ വ്യത്യാസങ്ങൾ മറികടന്ന് പല മുഖ്യമന്ത്രിമാരും അതിനെ ശക്തമായി വിമർശിച്ചിരുന്നു. അക്കാലത്ത് തമിൾനാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന സി.എൻ. അണ്ണാദുരൈ ശക്തമായ വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു: ‘ആ ആസൂത്രണ മാതൃക കേന്ദ്രത്തെ കൂടുതൽ കരുത്തുറ്റതും സംസ്ഥാനങ്ങളെ ആശ്രിതരുമാക്കും; സംസ്ഥാനങ്ങളോട് വിവേചനവും കൃത്രിമങ്ങളും കാണിക്കുന്നതിനുള്ള അവസരങ്ങൾ തുറക്കും; കേന്ദ്രം ഭരിക്കുന്ന ഭരണകക്ഷിയായ കോൺഗ്രസ്സ് തന്നെ ഭരിക്കുന്ന സംസ്ഥാനങ്ങൾ പ്രത്യേക പരിഗണനകൾക്ക് പാത്രമാകും; പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ അവഗണിക്കപ്പെടും.’
ആസൂത്രണക്കമ്മീഷനിൽ നിന്ന് സംസ്ഥാനങ്ങളുടെ മുൻഗണനാ പരിഗണനയിലുള്ള പല പദ്ധതികൾക്കും പണം കിട്ടാതെയായി. പണം നൽകി അടിച്ചേൽപ്പിച്ച പല പദ്ധതികളും സംസ്ഥാനങ്ങൾക്ക് വേണ്ടാത്തതായി. മാത്രമല്ല അത്തരം പദ്ധതികൾക്ക് സംസ്ഥാനങ്ങളും തക്കതായ തോതിൽ പണംമുടക്കണം എന്ന നിബന്ധനയുണ്ടായിരുന്നതുകൊണ്ട് കൂടുതൽ ഉദ്പാദനക്ഷമമായ പദ്ധതികൾക്ക് മുടക്കാൻ പണം ഇല്ലാത്ത അവസ്ഥയും ഉണ്ടായി. കേന്ദ്രം കൊടുക്കുന്നവരും സംസ്ഥാനങ്ങൾ കൈ നീട്ടി വാങ്ങുന്നവരുമായി മാറിയ അനഭിലഷണീയമായ സാഹചര്യം ഉടലെടുത്തു. അതിനൊക്കെ പരിഹാരമായി, താഴത്തെ നിലയിൽ നിന്ന് മുകളിലേക്ക് ആലോചനകളിലൂടെ പദ്ധതികൾ ഉയർന്നുവരുന്ന ‘ബോട്ടം – അപ്പ്’ സമീപനത്തിലൂടെ സഹകരണാത്മകമായ ഫെഡറലിസത്തിന്റെ സാദ്ധ്യതകൾ തുറക്കുകയാണ് 2015 ജനുവരി 1ന് നീതി ആയോഗ് പ്രാവർത്തികമാക്കുന്നതിലൂടെ നരേന്ദ്രമോദി സർക്കാർ ചെയ്തത്.
ഫെഡറലിസം ശക്തിപ്പെടുത്തുന്ന, മോദിഭരണകൂടത്തിന്റെ, അടുത്ത നടപടി ഫിനാൻസ് കമ്മീഷനുമായി ബന്ധപ്പെട്ടതായിരുന്നു. ഇൻഡ്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള ഫിനാൻസ് കമ്മീഷനുകൾ അഞ്ചുവർഷങ്ങൾ കൂടുമ്പോഴാണ് രൂപിക്കുക. മുൻ സർക്കാരുകളുടെ കാലത്ത് അങ്ങനെ രൂപീകരിക്കപ്പെട്ട 13 കമ്മീഷനുകളും, കേന്ദ്രസർക്കാരിന്റെ നികുതി വരുമാനത്തിൽ നിന്നും പരമാവധി 32% വരെ മാത്രമായിരുന്നു സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകാൻ ഇടവരുത്തിയിരുന്നത്. പക്ഷേ 2014ൽ നിലവിൽ വന്ന മോദി സർക്കാർ, 2015-16 മുതൽ തന്നെ, മുൻ റിസർവ്വ് ബാങ്ക് ഗവർണർ വൈ.വി. റെഡ്ഡി അദ്ധ്യക്ഷനായിരുന്ന പതിന്നാലാം സാമ്പത്തിക കമ്മീഷന്റെ നിർദ്ദേശം സ്വീകരിച്ച്, ആ വിഹിതം 42 ശതമാനമായി വർദ്ധിപ്പിച്ചു കൊണ്ട് ചരിത്രം തിരുത്തി. മുമ്പുണ്ടായിരുന്നതിൽ നിന്ന് സംസ്ഥാന വിഹിതത്തിൽ മൂന്നിലൊന്ന് വർദ്ധന! അങ്ങനെ, ആസൂത്രണ കമ്മീഷൻ ഒഴിവാക്കി നീതി ആയോഗ് കൊണ്ടു വരികയും പതിന്നാലാം ഫിനാൻസ് കമ്മീഷൻ നിർദ്ദേശം സ്വീകരിച്ച് സംസ്ഥാനങ്ങളിലേക്കുള്ള കേന്ദ്രവിഹിതത്തിന്റെ ഒഴുക്കിൽ വലിയ വർദ്ധന വരുത്തുകയും ചെയ്തതിലൂടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം വർദ്ധിപ്പിച്ചും സംസ്ഥാനങ്ങൾക്ക് പദ്ധതികൾ രൂപം നൽകുന്നതിനും നടപ്പിലാക്കുന്നതിനും കൂടുതൽ സക്രിയമായ പങ്കു വഹിക്കുവാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്ത് സഹകരണാത്മക ഫെഡറലിസം എന്ന നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ ആശയമാണ് കേന്ദ്ര സർക്കാർ പ്രാവർത്തികമാക്കിയത്,
ഭാരതമാകെ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഒരു പൊതുനികുതി, ജിഎസ്സ്ടി (ഗുഡ് സർവീസസ്സ് ടാക്സ്) എന്ന പേരിൽ നടപ്പിലാക്കിയതിലൂടെയും സഹകരണാത്മക ഫെഡറലിസത്തിന്റെ മറ്റൊരു പ്രയോഗ സാദ്ധ്യതയാണ് പ്രാവർത്തികമാക്കിയതെന്ന്, ശരിയായി വിശകലനം ചെയ്താൽ, കാണാൻ കഴിയും. കേന്ദ്രവും സംസ്ഥാനങ്ങളും വേർതിരിഞ്ഞു നിന്ന് നികുതി ചുമത്തുന്നതിനു പകരം സഹകരണത്തോടെ ഒന്നിച്ചു ചേർന്ന്, വ്യവസ്ഥാപിതമായ സംവിധാനങ്ങളിലൂടെ നികുതി നിർണ്ണയിക്കുകയും സമാഹരിക്കുകയും വീതം വെക്കുകയും ചെയ്ത് ഭാരതത്തിന്റെ സമഗ്രവികസനം ഉറപ്പാക്കുന്ന പുതിയ സമ്പ്രദായത്തിലേക്കാണ് രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ചത്. ഭാരതത്തിലെ പരോക്ഷ നികുതി വ്യവസ്ഥയിൽ ഭരണഘടനയിലെ യൂണിയൻ ലിസ്റ്റനുസരിച്ച് കേന്ദ്രത്തിനും സംസ്ഥാന ലിസ്റ്റനുസരിച്ച് സംസ്ഥാനങ്ങൾക്കും ഈടാക്കാവുന്ന പരോക്ഷനികുതികൾ വേർതിരിച്ച് നിർവചിച്ചിട്ടുണ്ടായിരുന്നു. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും യഥേഷ്ടം നികുതി ഈടാക്കുന്നതിന് ഇടനൽകിയിരുന്നതായിരുന്നു ആ സംവിധാനം. ഉത്പാദനം മുതൽ അവസാനഉപഭോക്താവിൽ എത്തും വരെ, കേന്ദ്രത്തിന്റെ ഉത്പാദന നികുതിയും സംസ്ഥാനങ്ങളുടെ വിൽപന നികുതിയും എല്ലാം അടക്കം, പലതലങ്ങളിലായി, ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലായിനങ്ങളിലും ഏർപ്പെടുത്തിയിരുന്ന ബഹുതല പരോക്ഷ നികുതികൾ പൊതുജനങ്ങളുടെ മേലുള്ള നികുതി ഭാരം വളരെയേറെയാക്കി. നികുതിക്കുമേൽ നികുതി ഈടാക്കുന്ന നീതികരിക്കാനാകാത്ത അവസ്ഥയും സൃഷ്ടിച്ചു. വ്യത്യസ്ഥ സംസ്ഥാനങ്ങളിലെ നികുതി നിയമങ്ങൾ വ്യത്യസ്ഥങ്ങളായിരുന്നതകൊണ്ട് ഭാരതമാകെയോ വിവിധ സംസ്ഥാനങ്ങളിലോ ബിസിനസ്സ് ചെയ്യുന്നവർക്ക് നികുതിയടവിന് പിന്തുടരേണ്ടിവരുന്ന നടപടിക്രമങ്ങളുടെ വൈവിധ്യവും വലിപ്പവും സംരംഭകരെ വലയ്ക്കുന്നതായി മാറി. ആ സാഹചര്യത്തിലാണ് ഭാരതത്തെ ബിസിനസ്സ് സൗഹൃദമാക്കുവാനും വികസനത്തിന്റ ഗതി വർദ്ധിപ്പിക്കുവാനും രാജ്യത്തിനാകെ ഒരു പൊതു നികുതി സമ്പ്രദായം അനിവാര്യമയി മാറുന്നുയെന്ന ചിന്ത പൊതുവെ ഉതർന്നത്.
നരേന്ദ്രമോദി പ്രധാനമന്ത്രിയും അരുൺ ജറ്റ്ലി ധനമന്ത്രിയായിരിക്കവേ 2017 ജൂലൈ 1ന് ജിഎസ്സടി പ്രാവർത്തികമാക്കിയപ്പോൾ നയരുപീകരണത്തിൽ വിവിധ രാഷ്ട്രീയ നേതാക്കളുടെ സുദീർഘകാലത്തെ വ്യാപകമായ പങ്കും ചരിത്രമാണ്. പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ്, മാർക്സിസ്റ്റ് നേതാവും ബംഗാൾ ധനകാര്യമന്ത്രിയുമായിരുന്ന ഡോ അശോക് മിത്രയെ അദ്ധ്യക്ഷനാക്കി സംസ്ഥാന മന്ത്രിമാരുടെ അധികാരപ്പെടുത്തപ്പെട്ട സമിതി (എംപവേർഡ് കമ്മറ്റി ഓഫ് സ്റ്റേറ്റ് മിനിസ്റ്റേഴ്സ്) രൂപീകരിച്ചത് ജിഎസ്സ്ടി നടപ്പാക്കുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങളുടെ സഹകരണവും വിശ്വാസവും ഉറപ്പാക്കിയതിന്റെ ഉദാത്ത ഇടപെടലായി ചരിത്രം രേഖപ്പെടുത്തുന്നു. ആ പദവിയിലിരുന്നുകൊണ്ട് താനാണ് ജിഎസ്സടിക്ക് രൂപം നൽകിയതിന്റെ എൺപത് ശതമാനം ജോലിയും ചെയ്തതെന്ന് ഡോ മിത്ര തന്നെ അവകാശപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ ജിഎസ്സ്ടിയുടെ ശിൽപ്പിയായി പൊതുവെ പരാമർശിക്കപ്പെടുകയും ചെയ്യുന്നു. ബംഗാൾ ജനത കമ്യൂണിസ്റ്റ് സർക്കാരിനെ പുറത്താക്കിയതോടെ ഡോ മിത്ര രാജിവെച്ചശേഷം സുശീൽ കുമാർ മോദിയും (ഭാരതീയ ജനതാ പാർട്ടി), അബ്ദുൾ റഹിം റാത്തറും (നാഷണൽ കോൺഫറൻസ്), കെ.എം. മാണിയും (കേളാ കോൺഗ്രസ്സ്) അവർ യഥാക്രമം ബിഹാറിലും കശ്മീരിലും കേരളത്തിലും ധനമന്ത്രിമാരായിരുന്നപ്പോൾ എംപവേർഡ് കമ്മറ്റി അദ്ധ്യക്ഷന്മാരായി നിയോഗിക്കപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെ കാലത്താണെങ്കിൽ ത്രിണമൂൽ കോൺഗ്രസ്സ് ഭരിക്കുന്ന ബംഗാളിലെ ധനമന്ത്രി അമിത് മിത്രയെയാണ് എംപവേർഡ് കമ്മറ്റി അദ്ധ്യക്ഷനാക്കിയത്. അങ്ങനെ കേന്ദ്രവും സംസ്ഥാനങ്ങളും ദീർഘകാലം നടത്തിയ നിരന്തര ചർച്ചകളുടെ സൃഷ്ടിയായ ജി.എസ്സ.ടി. ആണ് മോദി സർക്കാർ പ്രാവർത്തികമാക്കിയത്.
ജി.എസ്സ.ടി. സമ്പ്രദായത്തിൽ സംസ്ഥാനങ്ങൾക്ക് യഥേഷ്ടം പരോക്ഷ നികുതികൾ ചുമത്താനുള്ള അവകാശം നഷ്ടപ്പെട്ടപ്പോൾ കേന്ദ്രസർക്കാർ അക്കാര്യത്തിൽ സ്വന്തം അവകാശങ്ങളും ത്യജിച്ചിരിക്കുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും അംഗങ്ങളായ ജിഎസ്സ്ടി കൗൺസിലിലേക്കാണ് ആ അധികാരങ്ങൾ നിക്ഷിപ്തമാക്കിയിട്ടുള്ളത്. പുതിയ നികുതിവ്യവസ്ഥ നിലവിൽ വന്ന 2017 മുതൽ കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ ഇന്നുവരെ ജിഎസ്സടി കൗൺസിലിൽ ഐകകണ്ഠേനയുള്ള തീരുമാനങ്ങൾക്കാണ് അവസരം ഒരുക്കിയതെന്നു പറയുമ്പോൾ ഇന്ന് ഭാരതം ഭരിക്കുന്ന ദേശീയതയുടെ രാഷ്ട്രീയ ശക്തികൾ കേന്ദ്ര സംസ്ഥാന ബന്ധങ്ങൾക്കു കൊടുക്കുന്ന പ്രാധാന്യം വ്യക്തമാകും. പിരിക്കുമ്പോൾ നികുതിയുടെ പകുതി കേന്ദ്രത്തിന് സി.ജി.എസ്സ്.ടി.; പകുതി സംസ്ഥാനങ്ങൾക്ക് എസ്സ്.ജി.എസ്സ്.ടി; കേന്ദ്രത്തിന്റെ പകുതിയിൽ വീണ്ടും സംസ്ഥാനങ്ങൾക്ക് വീതം വെക്കുകയും ചെയ്യുന്നു. ജനങ്ങളുടെ മേൽ നികുതിഭാരം ഗണ്യമായി കുറഞ്ഞു (മറിച്ചുള്ള പ്രചരണങ്ങൾ നേരിന് നിരക്കാത്തതാണ്). വ്യവസായികൾക്ക് നടപടിക്രമങ്ങൾ സുതാര്യവും ലളിതവുമായി. നികുതി യഥാർത്ഥത്തിൽ സഹിക്കേണ്ടിവരുന്ന ജനങ്ങൾ, നികുതി ഈടാക്കി നൽകുന്ന വാണിജ്യവ്യവസായ മേഖല, വരുമാനം ലഭിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, എല്ലാവർക്കും നേട്ടമായി മാറുന്ന, ‘വിൻ-വിൻ സിറ്റുവേഷൻ’! അങ്ങനെ സഹകരണാത്മക ഫെഡറലിസത്തിന്റെ സാദ്ധ്യതകൾ വ്യത്യസ്തമായ തലത്തിലൂടെ തുറക്കുകയാണ് ജിഎസ്സടിയിലൂടെ പ്രായോഗികമാക്കിയത്.
അടിസ്ഥാന വികസന മേഖലയിൽ, വിവേചനമില്ലാതെ വൻ നിക്ഷേപം, താഴേത്തട്ടിലേക്ക് നേരിട്ട് ആനുകൂല്യങ്ങളും സഹായങ്ങളും ബാങ്ക് അക്കൗണ്ടുകളിലൂടെ നേരിട്ടെത്തിക്കുന്ന ഡയറക്ട് ബനഫിറ്റ് സമ്പ്രദായം, പാചകവാതവും വീടും കുടിവെള്ളവും ആരോഗ്യ പരിരക്ഷയും എല്ലാം സമഗ്ര സമൂഹത്തിനും ലഭ്യമാക്കാനുള്ള തീവ്ര പരിശ്രമങ്ങൾ, തുടങ്ങിയവയൊക്കെ നൽകുന്നത് ആത്മനിർഭരതയിലേക്കുള്ള ഭാരതത്തിന്റെ മുന്നേറ്റം ശരിയായ മാർഗവ്യക്തതയോടെയാണെന്നതാണ്. ആ മുന്നേറ്റത്തിന്റെ ഗതി വേഗമാക്കാൻ സഹകരണാത്മക ഫെഡറലിസത്തിന്റെ ഉദാത്ത ഉൾക്കാഴ്ചയോടെ സംസ്ഥാനങ്ങളും കേന്ദ്രവും ഒന്നിച്ചു മുന്നേറണം. അകത്തും പുറത്തുമുള്ള വിഘടന ശക്തികളെ പ്രതിരോധിക്കയും വേണം. .KV Rajasekharan.
News can be sent on Whatts App Number 9037259950.