ദില്ലി: അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ മകന്. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. തന്റെ പിതാവ് സ്ഥാനാര്‍ത്ഥിത്വത്തിനായി കെജ്രിവാളിന് ആറ് കോടി രൂപ നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ഇതോടെ പാര്‍ട്ടി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. എഎപിയോ കെജ്രിവാളോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.പശ്ചിമ ദില്ലിയില്‍ എഎപിയുടെ സ്ഥാനാര്‍ത്ഥി ബല്‍ബീര്‍ സിംഗ് ജക്കറിന്റെ മകനാണ്, പണം നല്‍കിയത് കൊണ്ടാണ് തന്റെ പിതാവിന് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതെന്ന് വ്യക്തമാക്കിയത്. തന്റെ പിതാവ് മൂന്ന് മാസം മുമ്പാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്നും, കെജ്രിവാളിന് ആറ് കോടി നല്‍കിയതിന് തന്റെ കൈവശം ശക്തമായ തെളിവുകളുണ്ടെന്നും ബല്‍ബീറിന്റെ മകന് ഉദയ് പറയുന്നു.വെറും മൂന്ന് മാസം മാത്രം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തന പരിചയമുള്ള തന്റെ പിതാവിന് എങ്ങനെയാണ് സീറ്റ് ലഭിക്കുകയെന്നും ഉദയ് ചോദിക്കുന്നു. ജനുവരിയിലാണ് തന്റെ പിതാവ് എഎപിയിലെത്തുന്നത്.അരവിന്ദ് കെജ്രിവാളിനും ഗോപാല്‍ റായിക്കും ആറ് കോടി നല്‍കിയത് കൊണ്ട് മാത്രമാണ് സീറ്റ് ലഭിച്ചതെന്നും ഉദയ് ആരോപിച്ചു.