ബിന്ദു പൊലീസ് കരുതലിൽ രഹസ്യകേന്ദ്രത്തിലെന്നു സൂചന ; ശബരിമലയിൽ അതീവ ജാഗ്രതയോടെ ശബരിമല കർമ്മ സമിതിയും,ഭക്തരും:

ബിന്ദു പൊലീസ് കരുതലിൽ രഹസ്യകേന്ദ്രത്തിലെന്നു  സൂചന ; ശബരിമലയിൽ  അതീവ ജാഗ്രതയോടെ ശബരിമല കർമ്മ സമിതിയും,ഭക്തരും:

ശബരിമല: ശബരിമലയിൽ പതിനെട്ടാം ചവിട്ടി അയ്യപ്പദർശനം  നടത്താനുറച്ച്  ബിന്ദു അമ്മിണി. ഇന്നലെ രാത്രി റാന്നി പോലീസിന്റെ സഹായം തേടിയ ബിന്ദു ഇപ്പോഴും പോലീസ് സംരക്ഷണയിലാണെന്ന് സൂചനയുണ്ട് . എന്നാൽ ഭക്തരുടെ ശക്തമായ പ്രതിഷേധം ഉയരുമെന്ന സൂചനയിൽ  പോലീസ് ആശങ്കയിലാണ്.

ഇടവ മാസ പൂജയ്ക്ക് ക്ഷേത്ര നട തുറ ഇന്നലെ തന്നെ ,ക്ഷേത്രത്തിൽ എത്താനായിരുന്നു ബിന്ദു അമ്മിണി ശ്രമിച്ചത്. റാന്നി പോലീസിന്റെ സഹായം ബിന്ദു തേടിയെങ്കിലും ,വിവരമറിഞ്ഞ് ഭക്തജനങ്ങൾ പോലിസ് സ്റ്റേഷനിൽ എത്തിയതോടെ ,ബിന്ദുവിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.

സംഭവം അറിഞ്ഞ് അവിടേയ്ക്കും  അയ്യപ്പഭക്തർ എത്തിയതോടെ ,മഫ്തിയിൽ വനിതാ പോലീസിന്റെ സംരക്ഷണയിൽ എടത്വായിലേക്കും, തുടർന്ന് കോട്ടയം ജില്ലയിലെ പാമ്പാടിയിലേക്കും ബിന്ദുവിനെ മാറ്റി .

ബിന്ദുവിനെ കൊണ്ടുപോകാൻ  സാധ്യതയുള്ള പോലീസ് സ്റ്റേഷനുകൾ എല്ലാം അയ്യപ്പഭക്തരുടെ നിരീക്ഷണത്തിലാണ്.ബിന്ദുവിനെ കൊണ്ട് പോകുന്ന സ്ഥലങ്ങളെല്ലാം തേടിപ്പിടിച്ച് ,അയ്യപ്പ ഭക്തർ എത്തുന്നതാണ് ‘ തുടർച്ചയായി രഹസ്യ കേന്ദ്രങ്ങൾ മാറ്റാൻ പോലീസിനെ പ്രേരിപ്പിക്കുന്നത്.

ഇന്നലെ ബിന്ദുവിന് പൂർണ്ണ സുരക്ഷ ഒരുക്കി ,ശബരിമലയിൽ എത്തിക്കാമെന്ന നിലപാടിലായിരുന്നു  പോലീസ്. എന്നാൽ അയ്യപ്പ ഭക്തരുടെ പ്രതിഷേധം മുന്നിൽക്കണ്ട് നിലപാട് മാറ്റുകയായിരുന്നു. സന്നിധാനത്തടക്കം വിന്യസിച്ച പോലീസിന്റെ നിലവിലെ അംഗ സംഖ്യ കുറവാണെന്നതും നിലപാട് മാറ്റാൻ കാരണമായി.

മാവോയിസ്റ്റ് – ജിഹാദി പിന്തുണയോടെ പ്രവർത്തിക്കുന്നതെന്ന്  പറയപ്പെടുന്ന ഒരു  ഓൺലൈൻമാധ്യമത്തിന്റെ മറവിൽ മാധ്യമ പ്രവർത്തക എന്ന നിലയിലാണ് ശബരിമലയിൽ പോകാൻ ബിന്ദു ശ്രമിക്കുന്നതെന്നും സൂചനയുണ്ട്. ബിന്ദുവിന്റെ ഓരോ നീക്കവും നിരീക്ഷിച്ച് ശബരിമല കർമ്മ സമിതി പ്രവർത്തകരടക്കം രംഗത്തുള്ളത് പോലീസിന് തലവേദന സൃഷ്ടിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ സർക്കാർ പിന്തുണയോടെ പോലീസ് യുവതികളെ വീണ്ടും സന്നിധാനത്ത് എത്തിക്കുമെന്ന ആശങ്കയിലാണ് ഭക്തജനങ്ങൾ. അതു കൊണ്ട് തന്നെ 19 ന് രാത്രി നട അടക്കുന്നതു വരെ അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ഇവർ ജാഗ്രത പുലർത്തുന്നുമുണ്ട്.