കൊൽക്കൊത്ത :ബംഗാളിൽ അമിത്ഷായുടെ റാലിക്ക് നേരെയുണ്ടായ അക്രമങ്ങളെ തുടർന്നുള്ള പ്രതിഷേധവും തൃണമൂൽ കോൺഗ്രസ് – ബി.ജെ.പി സംഘർഷവും രൂക്ഷമായ പശ്ചാത്തലത്തിൽ 19ന് വോട്ടെടുപ്പ് നടക്കേണ്ട ഒൻപത് മണ്ഡലങ്ങളിലെ പ്രചാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ദിവസം വെട്ടിക്കുറച്ചു.ഭരണഘടനയുടെ 324 വകുപ്പ് നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് കമ്മിഷന്റെ ഈ അറ്റകൈ പ്രയോഗം.മേയ് 17ന് സമാപിക്കേണ്ട പ്രചാരണം 16ന് രാത്രി പത്ത് മണിക്ക് അവസാനിപ്പിക്കാനാണ് കമ്മീഷൻ ഉത്തരവിട്ടത്. ബി. ജെ. പി – –തൃണമൂൽ സംഘർഷം തുടരുന്നതിനാലാണ് കമ്മിഷന്റെ വിട്ടുവീഴ്ചയില്ലാത്ത നടപടി. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അനാവശ്യമായി ഇടപെട്ടതിന് ബംഗാളിലെ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയേയും കുറ്റാന്വേഷണ വിഭാഗം അഡിഷണൽ ഡയറക്ടർ ജനറലിനെയും മാറ്റാനും കമ്മിഷൻ ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്കാണ് പകരം ചുമതല.