അസ്വാരസ്യം ; തമ്മിൽത്തല്ല് ; തിരഞ്ഞെടുപ്പിന് മുൻപേ തന്നെ അടിച്ചുപിരിയാൻ ഒരുങ്ങി ഇൻഡി സഖ്യം ; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സഖ്യകക്ഷികൾ:
2024 ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതു വിധേനയും ബിജെപിയെ തോൽപ്പിക്കണം എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഇന്ത്യൻ നാഷണൽ ഡെവലപ്മെൻ്റ് ഇൻക്ലൂസിവ് അലൈൻസ് എന്ന ഇൻഡി സഖ്യം രൂപീകൃതമായത്. UPA എന്ന സഖ്യപ്പേരു മാറ്റി ഉണ്ടാക്കിയ പ്രതിപക്ഷ പാർട്ടികളുടെ സഖ്യം ആണ് ഇൻഡി സഖ്യം അഥവാ കുത്തു കുത്തു ഇന്ത്യ സഖ്യം . വലിയ ആരവങ്ങളും ആഘോഷങ്ങളും ആയിരുന്നു സഖ്യത്തിന്റെ രൂപീകരണത്തിൽ ഉണ്ടായിരുന്നത്. എന്നാൽ അധികം വൈകാതെ തന്നെ ആരവങ്ങൾ മാറി മുറുമുറുപ്പുകൾ സ്ഥാനം പിടിച്ചു.
ഇപ്പോൾ തിരഞ്ഞെടുപ്പിനു മുൻപേ തന്നെ ഇൻഡി സഖ്യം അടിച്ചു പിരിയുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കാരണം വലിയ അസ്വാരസ്യങ്ങളാണ് സഖ്യത്തിൽ ഉടലെടുത്തിട്ടുള്ളത്. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന ഈ വേളയിൽ ഇൻഡി സഖ്യത്തിലെ നേതൃസ്ഥാനത്ത് ഉള്ള കോൺഗ്രസുമായി പ്രതിപക്ഷ പാർട്ടികൾ പോര് ആരംഭിച്ചു കഴിഞ്ഞു. നേതൃസ്ഥാനത്ത് നിന്നുകൊണ്ടുള്ള കോൺഗ്രസിന്റെ വലിയ ആളാവൽ മറ്റു ചെറു പാർട്ടികൾക്ക് ഒട്ടും സുഖിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം.
ഇൻഡി സഖ്യത്തിനായി ഏറ്റവും കൂടുതൽ ശ്രമിച്ച വ്യക്തിയാണ് ജെഡിയു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. ഇപ്പോൾ അതേ നിതീഷ് കുമാർ തന്നെ സഖ്യത്തെയും കോൺഗ്രസിനെയും തള്ളി പറഞ്ഞിരിക്കുകയാണ്. കോൺഗ്രസ് വളരെ നിരുത്തരവാദപരമായാണ് പെരുമാറുന്നത് എന്നാണ് നിതീഷ്കുമാറിന്റെ പരാതി. നിലവിൽ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസ്സും പ്രാദേശിക കക്ഷികളും തമ്മിൽ അടി തുടങ്ങി കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ബീഹാറിൽ നിന്നും നിതീഷ് കുമാർ ആണെങ്കിൽ ഉത്തർപ്രദേശിൽ ഇൻഡി സഖ്യത്തിനെതിരെ രംഗത്ത് വന്നത് അഖിലേഷ് യാദവ് ആണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 65 സീറ്റുകളിൽ തങ്ങൾ തനിയെ മത്സരിക്കുമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കിയതോടെ ഉത്തർപ്രദേശിലെ ഇൻഡി സഖ്യത്തിന്റെ കാര്യത്തിൽ ഏറെക്കുറെ തീരുമാനമായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെയും അവസ്ഥ മോശമല്ല. എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികൾ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിനെതിരെ തിരിഞ്ഞിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.
ബംഗാളിൽ ഇൻഡി സഖ്യത്തിലെ രണ്ട് കക്ഷികളായ തൃണമൂൽ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും തമ്മിലാണ് ആദ്യം പോര് ആരംഭിച്ചത്. വൈകാതെ തന്നെ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി കോൺഗ്രസിനെതിരെയും തിരിഞ്ഞു. ഇനി തെലങ്കാനയിൽ ആണെങ്കിൽ കോൺഗ്രസും സിപിഎമ്മും തമ്മിലാണ് അടി. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ കോൺഗ്രസുമായി ഒത്തുപോകാൻ ആവില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സിപിഎം 17 മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മധ്യപ്രദേശിൽ ആണെങ്കിൽ സമാജ്വാദി പാർട്ടി, ജെഡിയു, ആം ആദ്മി പാർട്ടി എന്നീ കക്ഷികൾ എല്ലാം തന്നെ കോൺഗ്രസിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
ഇൻഡി സഖ്യത്തിനുള്ളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട് എന്ന് നാഷണൽ കോൺഫറൻസ് നേതാവും ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയും പരസ്യമായി തന്നെ വ്യക്തമാക്കി. രാജസ്ഥാനിൽ ആണെങ്കിൽ ബി എ പി, ജെ കെ എസ് എന്നിങ്ങനെയുള്ള ചെറു പാർട്ടികളുമായാണ് കോൺഗ്രസിന്റെ അടി. കേരളത്തിലാണെങ്കിൽ ഇൻഡി സഖ്യം ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കോൺഗ്രസിന് വലിയ ശക്തി പോരെന്നാണ് പല പ്രാദേശിക പാർട്ടികളുടെയും വാദം. അതുകൊണ്ടുതന്നെ തങ്ങളുടെ കക്ഷികൾക്ക് കൂടുതൽ സീറ്റുകൾ വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ഈ ആവശ്യം അംഗീകരിക്കാൻ കോൺഗ്രസ് ഒരിക്കലും തയ്യാറാവുകയുമില്ല. സ്ഥിഗതികൾ ഇത്തരത്തിൽ തുടരുകയാണെങ്കിൽ അധികം വൈകാതെ തന്നെ ഇൻഡി സഖ്യത്തിൽ വിള്ളൽ ഉണ്ടാവുകയും അടിച്ചു പിരിയുകയും ചെയ്യുമെന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.courtesy.brave india news….news desk kaladwani news, 9037259950.