ഭീകരതയെ തകർത്തെറിഞ്ഞ മോദി സ്ട്രൈക്ക്:വിഷ്ണു അരവിന്ദ്
വിഷ്ണു അരവിന്ദ് – ഗവേഷകൻ, ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി, ന്യൂ ഡൽഹി
ഭാരതത്തിന്റെ സാമ്പത്തിക വളർച്ച, നിക്ഷേപങ്ങൾ, വിദേശ ബന്ധങ്ങൾ എന്നിവയുമായി ഇഴചേർന്ന് കിടക്കുന്ന മേഖലയാണ് ദേശീയ സുരക്ഷ. രാജ്യത്തെ ഇസ്ലാമിക-മാവോയിസ്റ്റ് വിഘടനവാദ പ്രവർത്തനങ്ങൾ, അവരുണ്ടാക്കിയിരുന്ന അക്രമങ്ങൾ, സ്ഫോടനങ്ങൾ, ജാതി -മത കലാപങ്ങൾ, പ്രാദേശിക വാദം, പാലായനങ്ങൾ തുടങ്ങിയവയിലൂടെ സുരക്ഷിതമല്ലാത്ത രാജ്യമെന്ന പ്രതിച്ഛായയാണ് അറുപത് വർഷത്തെ കോൺഗ്രസ് ഭരണം ഭാരതത്തിന് സമ്മാനിച്ചത്. പാകിസ്താനുമായുള്ള നിരന്തര പോരാട്ടം, പാക് പിന്തുണയോടെയുള്ള നുഴഞ്ഞു കയറ്റങ്ങളും ഭീകരവാദ പ്രവർത്തനങ്ങളും, അയൽ രാജ്യങ്ങളുമായുള്ള തർക്കങ്ങൾ, ദേശീയ സുരക്ഷയ്ക്ക് ഭീക്ഷണിയാകും വിധം രാജ്യത്തിന് ചുറ്റും കരയിലും കടലിലുമുള്ള ചൈനീസ് സൈനിക സാന്നിധ്യം എന്നിവയാൽ ദുർബലമായ അവസ്ഥയിലായിരുന്നു യു. പി. എ ഭരണകാലത്ത് ഭാരതം. ഇവകൂടാതെ, രാഷ്ട്രീയ അസ്ഥിരത, കള്ളപ്പണം, കള്ളനോട്ടുകൾ, വിലക്കയറ്റം, അഴിമതി എന്നിവയുടെ സാന്നിധ്യം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെയും ദോഷകരമായി ബാധിച്ചിരുന്നു. ഇന്ധന സുരക്ഷ, പാരിസ്ഥിതിക സുരക്ഷ, ഭക്ഷ്യ- ആരോഗ്യ സുരക്ഷ, സ്ത്രീ സുരക്ഷ തുടങ്ങിയ ദേശീയ സുരക്ഷയുടെ പാരമ്പര്യേതര മേഖലകളിലും രാജ്യത്തിന്റെ പ്രവർത്തനങ്ങൾ അത്രയ്ക്ക് മികച്ചതായിരുന്നില്ല. കാലഘട്ടത്തിനനുസരിച്ച് ശക്തമാക്കുന്നതിൽ അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണകൂടത്തിന് താല്പര്യമുണ്ടായിരുന്നില്ല. പകരം അധികാരത്തിൽ മാത്രമായിരുന്നു അവർക്ക് താല്പര്യം.
https://youtube.com/shorts/bg7a7DR4DMw (Kaladwaninews yuutube link)
സുരക്ഷിതവും ഭദ്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ആത്മനിർഭര ഭാരതമാണ് മോദി സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ദേശീയ സുരക്ഷയ്ക്ക് മുൻഗണന നൽകികൊണ്ട് ഭീകരതയോട് സന്ധിയില്ലാത്ത നയമാണ് 2014 മുതൽ അദ്ദേഹം സ്വീകരിച്ചത്. ഭീകരതയെന്ന വിപത്തിനെ നേരിടാൻ നയതന്ത്രത്തെയും സൈനിക ആക്രമണത്തെയും ബഹുരാഷ്ട്ര വേദികളെയും ഉപയോഗിച്ചുകൊണ്ടുള്ള ത്രിതല സമീപനം പ്രധാനമന്ത്രി അവലംബിച്ചു. തീവ്രവാദ ഗ്രൂപ്പുകളെയും അതിന്റെ നേതാക്കന്മാരെയും ഭീകരതയെ ഒരു നയമായി ഉപയോഗിക്കുന്ന രാജ്യങ്ങളെയും തുറന്നുകാട്ടാനും ഒറ്റപ്പെടുത്താനുമുള്ള നയതന്ത്ര സമീപനമാണ് ഇതിൽ ആദ്യത്തേത്. ഭീകരപ്രവർത്തനങ്ങൾക്ക് സൈനികമായി തന്നെ ശക്തയമായ മറുപടി നൽകുകയെന്നതായിരുന്നു സ്വീകരിച്ച രണ്ടാമത്തെ നയം. ഭീകരരതയെ ചെറുക്കുന്നതിന് ആഗോള തലത്തിലെ ബഹുരാഷ്ട്ര വേദികൾ ഉപയോഗപ്പെടുത്തുകയെന്നതായിരുന്നു സ്വീകരിച്ച മൂന്നാമത്തെ നയം.
സാധാരണയായി ഭീകരർക്ക് മേൽ നടപടികളെടുക്കുമ്പോൾ വിവിധ സംഘടനകളെയും, ആഗോള ഏജൻസികളെയും, മാധ്യമങ്ങളെയും ഉപയോഗിച്ച് മനുഷ്യാവകാശത്തിന്റെ പേരിൽ സർക്കാരുകളെ സമ്മർദ്ദത്തിലാക്കുന്ന സ്ഥിരം തന്ത്രങ്ങൾ മോദി ഭരണകാലഘട്ടത്തിൽ വിലപോയില്ല. 2008-ൽ ഭാരതത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ പാകിസ്ഥാൻ പിന്തുണയുള്ള ഇസ്ലാമിക ഭീകരർ ആക്രമണം നടത്തി. നിരവധി ആളുകൾ കൊല്ലപ്പെട്ടു. എന്നാൽ രാഷ്ട്രത്തിനും ജനങ്ങൾക്കും അവരുടെ ക്ഷേമത്തിനും മുൻഗണന നൽകിയ കഴിഞ്ഞ ഒരു ദശാബ്ദം അതിർത്തിയിലൊഴികെ ഭാരതത്തിലെ ഒരു സാധാരണ പൗരന്റെയും ജീവൻ ഭീകരാക്രമണത്തിലൂടെ നഷ്ടമായില്ലയെന്നുള്ളത് ശ്രദ്ധേയമാണ്. എല്ലാ ശ്രമങ്ങളെയും അതിർത്തികളിൽ തന്നെ തടയുവാൻ വിവിധ സുരക്ഷ ഏജൻസികൾക്ക് സാധിച്ചു. പ്രതിരോധത്തിന് മാത്രമല്ല ഭീകരവാദത്തിന്റെ ഉറവിടത്തെ തേടി പോകുവാനും അവ തുടച്ചു നീക്കുവാനുമുള്ള സ്വാതന്ത്ര്യവും രാഷ്ട്രീയ പിന്തുണയും സുരക്ഷ ഏജൻസികൾക്ക് നൽകി. കോൺഗ്രസ് ഭരണത്തിൽ രാഷ്ട്രീയ മത താല്പര്യങ്ങളുടെ ഇരകളായി സ്വന്തം കടമ നിർവഹിക്കാനാവാതെ ചങ്ങലയിട്ട അവസ്ഥയിലായിരുന്നു സുരക്ഷ ഏജൻസികൾ.
എന്നാൽ 2015-ൽ മ്യാന്മാറിലും, 2016-ലെ ഉറി ഭീകരാക്രമണത്തെ തുടർന്നും പാകിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനും 2019-ൽ നടത്തിയ ബാലകോട്ട് വ്യോമാക്രമണം നടത്തുവാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകികൊണ്ട് സ്വന്തം പ്രദേശത്തോ പുറത്തോയുള്ള മണ്ണിൽ രാജ്യത്തിനെതിരെ പ്രവർത്തിക്കാൻ ഭാരത വിരുദ്ധ ശക്തികളെ അനുവദിക്കുകയില്ലെന്ന വ്യക്തമായ സന്ദേശം ഭാരതം നൽകി. ഇതിന്റെ ഭാഗമായി തന്നെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ ഭീകരവാദ സംഘടനകളെ നിരോധിക്കുകയും ചെയ്തു. കൂടാതെ ഭീകരവാദികൾക്ക് സാമ്പത്തിക പിന്തുണ നൽകുന്ന രാജ്യങ്ങളുടെ യു.എൻ ഗ്രേ ലിസ്റ്റിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്തിക്കുവാനും ഭാരതത്തിന് സാധിച്ചു. ഇന്ന് ലോകത്തെ വിവിധ രാജ്യങ്ങൾ ഭാരതത്തിന്റെ സുരക്ഷ സംബന്ധമായ ആശങ്കകൾ മനസിലാക്കുകയും ന്യൂ ഡൽഹിയുടെ അഭ്യർത്ഥനകൾ പാലിക്കുന്നതിന് മുൻഗണന നൽകുകയും ചെയ്യുന്നു. ഇവ കൂടാതെ ഇന്റലിജൻസ് വിവരങ്ങൾ കൈമാറുക, കുറ്റവാളികളെ കൈമാറുക തുടങ്ങിയവിലൂടെ മറ്റ് രാജ്യങ്ങളും ഭാരതവുമായി സഹകരിക്കുന്നു.
ഭാരതത്തിന്റെ വടക്കുകിഴക്കൻ മേഖലയിലും സമാധാനം ഉറപ്പാക്കുവാനുള്ള പരിശ്രമങ്ങൾ മോദി സർക്കാർ നടത്തുകയുണ്ടായി. രാജ്യത്തിന്റെ ‘അഷ്ഠലക്ഷ്മി’മാരെന്നാണ് ഈ സംസ്ഥാനങ്ങളെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. വടക്ക്- കിഴക്കിലെ പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുവാനും, മേഖലയിലെ ഭൂമി ശാസ്‌ത്രപരമായ പ്രത്യേകതകളും അതിലൂടെയുള്ള വ്യാപാര വാണിജ്യ സാദ്ധ്യതകളും തത്ഫലമായുണ്ടാക്കാവുന്ന സാമ്പത്തിക അഭിവൃദ്ധി മനസിലാക്കിയുമാണ് മേഖലയ്ക്ക് അഷ്ഠലക്ഷ്മിയെന്ന വിശേഷണം അദ്ദേഹം നൽകിയത്. ദശാബ്ദങ്ങളായി അസമിനെ മാത്രം ഒഴിവാക്കിയുള്ള സപ്തസുന്ദരി പ്രയോഗത്തിന് പിന്നിൽ ഒളിഞ്ഞിരിഞ്ഞിരുന്ന വിഭാഗീയതയ്ക്കെതിരെയുള്ള ഉത്തരം കൂടിയായിരുന്നു ഇത്. സമാധാന പൂർണമായ അന്തരീക്ഷമായിരുന്നു മേഖലയിലെ വികസനത്തിന് ആവശ്യമായിരുന്നത്. ഇതിന്റെ ഭാഗമായി നിരവധി നടപടികൾ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ മോദി സർക്കാർ സ്വീകരിക്കുകയുണ്ടായി. രാജ്യത്തിന്റെ വിദേശ നയത്തിൽ മേഖലയ്ക്ക് പ്രത്യേക സ്ഥാനം നൽകുകയും ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കും മ്യാന്മാർ, തായ്‌ലൻഡ് തുടങ്ങിയ ദക്ഷിണ കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കുള്ള കവാടമായി മേഖലയെ പ്രധാനമന്ത്രി മാറ്റി. ഒപ്പം മേഖലയിലെ അടിസ്ഥാന സൗകര്യ മേഖലകളിലും വലിയ പരിവർത്തനമുണ്ടാക്കി.
റോഡ്, റെയിൽ, വ്യോമ ഗതാഗതങ്ങൾ മെച്ചപ്പെടുകയും നിക്ഷേപങ്ങളും തൊഴിലാവസരങ്ങളും വർദ്ധിച്ചത് ജനങ്ങളുടെ മനസിലും പരിവർത്തനമുണ്ടാക്കി. വിവിധ ശ്രമങ്ങളുടെ ഫലമെന്നോണം 2015-ൽ, നാഗാ വിമത ഗ്രൂപ്പായ നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡുമായി (ഐസക്-മുയിവ) – എൻ.എസ്.സിഎൻ (ഐ.എം) സർക്കാർ ഒരു സമാധാന കരാർ ഒപ്പുവെച്ചു. 2021-ൽ ആസാമിലെ ഒരു പ്രധാന വംശീയ സമൂഹമായ കർബികളുടെ പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഒപ്പുവെച്ച ‘കർബി ആംഗ്ലോംഗ് ത്രികക്ഷി കരാർ’ ആയിരുന്നു മറ്റൊന്ന്. ഇത് വലിയ മാറ്റമാണ് മേഖലയിൽ സൃഷ്ടിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം മേഖലയിൽ 2014-ൽ 824 അക്രമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2022-ൽ അത് 201 ആയി കുറഞ്ഞു.
https://youtu.be/s3vokN_zOPA
മറ്റൊന്ന് 2019 -ൽ റദ്ദ് ചെയ്ത ആർട്ടിക്കിൾ 370 പ്രകാരമുള്ള കാശ്മീരീന്റെ പ്രത്യേക അധികാരമായിരുന്നു. ഇരുതല മൂർച്ചയുള്ള വാളായിരുന്നുവെന്നതാണ് രാജ്യത്തിന്റെ അനുഭവം. ഒരു വശത്ത് രാജ്യത്തിൻറെ അഖണ്ഡതയ്ക്കും ഐക്യത്തിനും അത് ഭീക്ഷണി സൃഷ്ടിച്ചു. മറു വശത്ത് പാക് പിന്തുണയോടെ അതിർത്തി കടന്നുള്ള ഭീകരവാദത്തിനും ഐ.എസ്.ഐ യുടെ വിഘടന വാദ പ്രവർത്തനങ്ങൾക്കും അത് നിലമൊരുക്കി. കശ്മീരിന് നൽകിയിരുന്ന പ്രത്യേക അവകാശങ്ങൾ രാജ്യത്തിനെതിരെ മനോഭാവം വളർത്തുവാനുള്ള സൗകര്യമായി രാജ്യത്തിനകത്തെ പാക്- ചൈനീസ് ഏജന്റുമാർ ഉപയോഗിച്ചു. എന്നാൽ പ്രത്യേക അധികാരം അവസാനിപ്പിച്ച് നാല് വർഷത്തിനിപ്പുറം കശ്മീർ ഏറെ മാറിയിരിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2022-ൽ പുറത്ത് വിട്ട കണക്ക് പ്രകാരം 2018-ൽ 228 ഭീകര ആക്രമണ സംഭവങ്ങൾ കശ്മീരിൽ അരങ്ങേറിയപ്പോൾ 2022-ൽ അത് 125 ആയി കുറഞ്ഞു. 2018-ൽ 189 ഭീകര വിരുദ്ധ ഓപ്പറേഷൻസ് നടത്തിയപ്പോൾ 2019-ൽ അത് 102 ആയും 2022-ൽ 117 ആയും കുറഞ്ഞു. 2019-ൽ 91 സുരക്ഷ ഉദ്യോഗസ്ഥർ വീര മൃത്യുവരിച്ചപ്പോൾ 2022-ൽ അത് 32 ആയി കുറഞ്ഞു. 2018-ൽ 55 സാധാരണക്കാർക്കാണ് ജീവൻ നഷ്ടമായതെങ്കിൽ 2022-ൽ അത് 31 ആയി കുറഞ്ഞു. 2018-ൽ 257 ഭീകരവാദികൾ മരണപ്പെട്ടപ്പോൾ 2022 ൽ അത് 187 ആയി കുറഞ്ഞു. 2017-ൽ 419 അതിർത്തി ലംഘനങ്ങളുണ്ടായപ്പോൾ 2018 -ൽ 328 ആയും 2022-ൽ 53 ആയും അത് കുറഞ്ഞു.ഇങ്ങനെ കശ്മീരിലെ ആഭ്യന്തര സുരക്ഷയിൽ വലിയ മാറ്റമാണ് ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിന് ശേഷം ഉണ്ടായിരിക്കുന്നത്. കൂടാതെ സംസ്ഥാനത്തെ ഭരണപരമായി വിഭജിക്കുകയും സുരക്ഷയുടെ ഭാഗമായി നിരവധി വിഘടന വാദ സംഘടനകളെയും നിരോധിച്ചു.
ജമ്മു കശ്മീർ മുസ്ലീം ലീഗിൻ്റെ മസറത്ത് ആലം വിഭാഗത്തെ യു.എ.പി.എ നിയമപ്രകാരം നാല് വർഷത്തേക്ക് നിരോധിച്ചത് ഒരു ഉദാഹരണമാണ്.
ഇക്കാലയളവിൽ ആന്ധ്രാ പ്രദേശ്, ഛത്തീസ്‌ഗഡ്, ജാർഖഡ്, പശ്ചിമ ബംഗാൾ, ഒഡിഷ, ബീഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന മാവോയിസ്റ് ഭീകരതയ്ക്കും കടിഞ്ഞാണിട്ടു. മോദി സർക്കാരിന് കീഴിൽ രാജ്യത്തെ പോലീസ് സംവിധാനത്തെ ആധുനിക വത്കരിച്ചതും, ഇന്റലിജിൻസ് സംവിധാനം ശക്തമാക്കിയതും മാവോയിസ്റ് പ്രവർത്തനങ്ങൾക്ക് തടസ്സമായി. സുരക്ഷ കാര്യങ്ങൾക്ക് സംസ്ഥാങ്ങൾക്കുള്ള സാമ്പത്തിക സഹായം 50 % അധികം വർധിപ്പിച്ചു. രാജ്യത്തെ ചുവപ്പ് ഇടനാഴികളിൽ പ്രത്യേക കമാൻഡോ ബെറ്റാലിയന് പുറമെ 70,000 ലധികം അർദ്ധസൈനികരെ നിയോഗിച്ചു. ഈ പ്രദേശങ്ങളിൽ നടക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ മാവോയിസ്റ് ആശയങ്ങൾക്കുള്ള വേരോട്ടം കുറച്ചു. കൂടാതെ നോട്ട് നിരോധനം, പുനരധിവാസ പദ്ധതികൾ തുടങ്ങിയ ഭരണപരമായ നയങ്ങൾ മാവോയിസ്റ്റ് പ്രവർത്തങ്ങൾ ഉപേക്ഷിക്കുവാൻ അവരെ നിർബന്ധിതരാക്കി. 2017 ൽ നടപ്പിലാക്കിയ സമാധാൻ പദ്ധതി പ്രകാരം ആയിരക്കണക്കിന് മാവോയിസ്റ്റുകൾ പുരധിവാസ പദ്ധതികളുടെ ഭാഗമായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2016 -ൽ 1399 മാവോയിസ്റ്റ് ഭീകരർ ആയുധം ഉപേക്ഷിച്ചു. നോട്ട് നിരോധനത്തിന് ശേഷം ആദ്യ 28 ദിവസത്തിനുള്ളിൽ മാത്രം 564 ഭീകരരാണ് ആയുധം വെച്ച് കീഴടങ്ങിയത്. ഇത് കൂടാതെ ആയിരക്കണക്കിന് മാവോസ്റ്റുകളെ അറസ്റ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തന്നെ കണക്ക് പ്രകാരം 2013-ൽ വിവിധ ആക്രമണങ്ങളിൽ 159 സാധാരണക്കാരും, 111 സുരക്ഷ ഉദ്യോഗസ്ഥരും 151 മാവോയിസ്റ്റുകളും അടക്കം 421 പേർ കൊല്ലപ്പെട്ടപ്പോൾ 2017- ൽ ഇത് 59 സാധാരണക്കാർ, 34 സുരക്ഷ ഉദ്യോഗസ്ഥർ, 45 മാവോയിസ്റ്റുകൾ എന്നിങ്ങനെ ആകെ 138 ആയി മരണ സംഖ്യയായി കുറഞ്ഞു
.ഇന്ന് മാവോയിസ്റ്റ് ചുവന്ന ഇടനാഴികളിൽ വലിയ വികസന പ്രവർത്തനങ്ങൾ നടക്കുന്നു. ദാരിദ്ര്യവും വികസനമില്ലായ്മ ഉള്ളയിടത്താണ് മാവോയിസ്റ്റ് സാന്നിധ്യമുണ്ടാകുന്നതെന്നാണ് ദശാ ബ്ദങ്ങളായി ഭാരതീയരെ ധരിപ്പിച്ചിരിക്കുന്നത് മറിച്ച് മാവോയിസ്റ്റ് സാന്നിധ്യം ഉള്ളയുടത്താണ് വികസനമെത്താതതെന്ന് ഈ മേഖലകളുടെ ചരിത്രം തെളിയിച്ചു. ഇവയ്ക്ക് പുറമെ, രാജ്യത്തെ കര-വ്യോമ-നാവിക സുരക്ഷയ്ക്കും സർക്കാർ പ്രാധാന്യം നൽകുന്നു. അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും വിവിധ രാജ്യങ്ങളുമായി ചേർന്നുകൊണ്ട് കര – നാവിക- വ്യോമ അഭ്യാസങ്ങൾ നടത്തിയും ഭാരതം കൂടുതൽ കരുത്ത് നേടി.
രാജ്യത്തെ ക്രമസമാധാനത്തിന് പുറമെ ദേശീയ സുരക്ഷയുടെ മറ്റ് മേഖലകളിലും രാജ്യം കുതിപ്പ് നടത്തി. അതിൽ പ്രധാനപ്പെട്ട രണ്ട് മേഖലയാണ് പരിസ്ഥിതി സംരക്ഷണവും ഊർജ്ജ മേഖലയും. കാലാവസ്ഥ വ്യതിയാനത്തിനും ഊർജ്ജ മേഖലയ്ക്കും വളരെ അടുത്ത ബന്ധമാണുള്ളത്. ഇന്ന് ഉപയോഗിക്കുന്ന ഊർജ്ജ മാർഗ്ഗങ്ങൾ പ്രധാനമായും പരിസ്ഥിതിയുടെ നാശത്തിനും കാലാവസ്ഥ വ്യതിയാനത്തിനും കാരണമാവുന്നു. അതുകൊണ്ടുതന്നെ ശുദ്ധമായ ഊർജ്ജം കണ്ടെത്തി നിലവിലുള്ള ഫോസിൽ ഇന്ധനങ്ങൾ കുറയ്ക്കുവാൻ നടത്തുന്ന ശ്രമങ്ങൾ പരിസ്ഥി സംരക്ഷണത്തിന്റെ കൂടി ഭാഗമാണ്. ഈ മേഖലയിൽ ഭാരതം ഇക്കാലയളവിൽ ഒട്ടേറെ മുന്നേറുകയുണ്ടായി. പ്രകൃതി ക്ഷോഭങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിന് വിവിധ രാജ്യങ്ങളുമായി കരാറുകൾ ഒപ്പിട്ടു. ദക്ഷിണെഷ്യൻ രാജ്യങ്ങൾക്കായി ഭാരതം വിക്ഷേപിച്ച ജിസാറ്റ് -9 സാറ്റലൈറ്റ് സുരക്ഷയ്ക്ക് മുൻഗണ നൽകുന്നു. ഇത് കൂടാതെ ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികളിലൂടെ ദേശീയ ആരോഗ്യ സുരക്ഷയ്ക്കും, സൗജന്യ ഭക്ഷ്യ ധാന്യങ്ങൾ നൽകിയും ആധുനിക കാർഷിക സാങ്കേതിക വിദ്യകൾ അവതരിപ്പിച്ചും ഭക്ഷ്യ സുരക്ഷയ്ക്കും, സ്ത്രീ ശാക്തീകരണ പദ്ധത്തികളിലൂടെ സ്ത്രീ സുരക്ഷയ്ക്കും മോദി സർക്കാർ പ്രാമുഖ്യം നൽകി. വിവിധ രാജ്യങ്ങളുമായി ചേർന്നു കൊണ്ട് സൈബർ സുരക്ഷ തുടങ്ങിയ മേഖലയിലും പരസ്പരം സഹകരിക്കുന്നു.
ഇന്ന് ഭാരതം സുരക്ഷിതമാണ്. ആഭ്യന്തര ഭീക്ഷണികളെ അമർച്ച ചെയ്ത് അതിർത്തികൾ ഭദ്രമാക്കിയും വിവിധ രാജ്യങ്ങളുമായി സുരക്ഷ സഖ്യത്തിലേർപ്പെട്ടത്തിന്റെയും ഫലമായി ദേശീയ സുരക്ഷ കൂടുതൽ ശക്തമായി. സുരക്ഷിതമായ ഭാരതത്തിനുമേൽ ആഗോള വിശ്വാസവും വർദ്ധിച്ചു. ഇത് ധാരാളം നിക്ഷേപങ്ങൾ വരുന്നതിന് കാരണമാവുന്നു. ഈ സുരക്ഷയുടെ പിൻബലത്തിലാണ് സാമ്പത്തിക വികസന പദ്ധതികളുമായി രാജ്യം അമൃത കാലത്തേയ്ക്ക് കടക്കുന്നത്. മോദിയുടെ അടുത്ത അഞ്ചു വർഷം ആശങ്കകളില്ലാതെ ശക്തമായി മുന്നോട്ട് പോകുവാൻ ഇത് രാജ്യത്തിന് ആത്മ വിശ്വസം പകരും.News Desk Kaladwani news .8921945001.