ഐക്യ കേരളത്തിന് ഇന്ന് 66 -ാം പിറന്നാൾ ..നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വർഷങ്ങളുടെ ഓർമ്മ പങ്കുവെക്കുകയാണ് കേരളമിന്ന്:
(Editorial page of Kaladwani masika,November issue)
കമ്യൂണിസ്റ്റ് ഭരണനേതൃത്വം അലങ്കരിക്കുന്നവർ തന്നെ കൊല്ലിനും, കൊലക്കും, പോപ്പുലർ ഫ്രണ്ട് അക്രമത്തിലും, സ്വർണ്ണം, മയക്കു മരുന്നു കടത്ത് എന്നിവയിലും നരബലിക്കും, നരമാംസഭോജനത്തിനും വരെ പങ്കാളി കളാകുമ്പോൾ…? കേരളം ഇന്ന് ഒരു ഡിസാസ്റ്ററിന്റെ വക്കിലാണ് എന്നു പറയേണ്ടി വരുന്നു.
കേരളം 1956 നവംബർ ഒന്നിനാണ് രൂപീകൃതമായത്. ഐക്യ കേരളത്തിന് വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടത്തിനൊടുവിലായിരുന്നു കേരള രൂപീകരണമുണ്ടായത്. തിരുവിതാംകൂർ -കൊച്ചി, മലബാറും ചേർത്ത് നവംബർ ഒന്നിന് മലയാളി അതിന്റെ ഭൂപടം വരച്ചു.മൂന്നായി വിഭജിച്ചു കിടന്ന,മലയാളം സംസാരിക്കുന്ന ഈ പ്രദേശങ്ങളെ ചേർത്താണ് കേരള സംസ്ഥാനം യാഥാർത്ഥ്യമാക്കിയത്. കേരളം രൂപീകൃതമാകുമ്പോൾ രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുതായിരുന്നു കേരളം.1956 നവംബർ ഒന്നിന് ചിത്തിര തിരുനാൾ മഹാരാജാവ്, തിരു – കൊച്ചി രാജസ്ഥാനത്ത് നിന്ന് വിരമിച്ചതോടെ സംസ്ഥാനത്തിന്റെ തലവനായി സി. രാമകൃഷ്ണറാവു കേരളത്തിന്റെ ആദ്യ ഗവർണ്ണറായി. കെ.ടി. കോശി ആയിരുന്നു സംസ്ഥാനത്തിലെ ആദ്യ ചീഫ് ജസ്റ്റിസ്.ആദ്യ ചീഫ് സെക്രട്ടറി ച.ഏ.ട. രാഘവാചാരിയുമായിരുന്നു. പോലീസ് എെജി. ആയി എസ് ചന്ദ്രശേഖരൻ നായരും.
കേരളം നിലവിൽ വന്നിട്ട് ഇന്നേയ്ക്ക് അര പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. ഇക്കാലയളവിൽ ഒട്ടേറെ രംഗങ്ങളിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയായിട്ടുണ്ട്. പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യം, പൊതുഭരണം,കലാ-സാംസ്കാരിക രംഗം, ടൂറിസം തുടങ്ങിയ മേഖലകളിൽ. കേരളത്തിന്റെ പ്രകൃതിഭംഗി(ഹരിതാഭ), കാലാവസ്ഥ, കൊതിയൂറുന്ന നാട്ടു വിഭവങ്ങൾ എന്നിവയാൽ വിദേശികളെ ഏറെ ആകർഷിക്കുന്ന ഒരു പ്രദേശം കൂടിയാണ് കേരളമെങ്കിലും … കേരളത്തിന്റെ ഭൂപ്രകൃതിയിൽ ആകെ ഒരു മാറ്റം വന്നപോലെയാണിപ്പോൾ. എല്ലായിടത്തും ഒരു രൗദ്രഭാവം കാണാനുണ്ട്.
എന്തെന്നാൽ കഴിഞ്ഞ നാലഞ്ചു വർഷങ്ങളിലായി ഇവിടെ ഉണ്ടായിട്ടുള്ള പ്രകൃതി ദുരന്തങ്ങൾ, മറ്റു സംഭവങ്ങൾ എന്നിവകളിലേക്കൊന്നു നിഷ്പക്ഷമായി കണ്ണോടിച്ചാൽ മതി. പിന്നെ ഇതിൽ നിന്നൊക്കെ കരകയറാനായി ജനങ്ങൾ അനുഭവിക്കുന്ന പെടാപ്പാടുകൾ ഇവയൊന്നും ഇവിടെ മാറി മാറി വരുന്ന സർക്കാരുകൾക്കും, രാഷ്ട്രീയ അധികാര മോഹികൾക്കും മാത്രം മനസിലാകുന്നില്ലെന്നതാണ് വിരോധാഭാസമാകുന്നത്. അതോ മുഖം തിരിച്ചുനിന്ന് വീണ്ടും വീണ്ടും പഠനമെന്ന പേരിൽ ജനങ്ങളെ പറ്റിക്കാനുള്ള കുതന്ത്രമാണോ എന്നും ജനങ്ങൾ സംശയിക്കുന്നു.ഇത് മാത്രം പറഞ്ഞതുകൊണ്ടായില്ല. പറഞ്ഞുവരുന്നത് …
ഇവിടെ മാറിമാറി വന്നിരുന്ന സർക്കാരുകളുടെ തണലിൽ സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് കടത്ത്, രാജ്യവിരുദ്ധ തീവ്രവാദം വരെ പടർന്ന് പന്തലിക്കു കയായിരുന്നു എന്നതിന്റെ സമ്പൂർണ്ണതെളിവല്ലേ ഏതാനു ദിവസങ്ങൾക്കു മുമ്പുനടന്ന NIA, ED അറസ്റ്റുകൾ കേരളത്തെ ബോധ്യപ്പെടുത്തുന്നത്. കേരളത്തിലിന്ന് തീവ്രവാദവും വളർന്ന് കൊണ്ടിരിക്കുന്ന ഒരു വസ്തുതയാണെന്ന തിരിച്ചറിവ്- കുറെനാളായി ജനങ്ങൾ തിരിച്ചറിയുന്നുണ്ടായിരുന്നെങ്കിലും രാജ്യവ്യാപകമായി ദേശിയ സുരക്ഷാഏജൻസിയും ഇ.ഡിയും ചേർന്ന് നടത്തിയ റെയിഡുകളിൽ ഇത് അക്ഷരം പ്രതി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. എന്നാൽ വർഗ്ഗത്തിന്റെ പേരിലായാലും വർഗ്ഗീയത്തിന്റെ പേരിലായാലും ചിലർ കാട്ടിക്കൂട്ടുന്ന ദേശ വിരുദ്ധ തീവ്രവാദത്തെ (ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കാനുള്ള ചിന്തയും പ്രവർത്തനവും) ചില രാഷ്ട്രീയ കക്ഷികൾ പിന്തുണക്കുന്ന അവസ്ഥ കാട്ടുമ്പോൾ, സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും നമ്മുടെ മൂല്യങ്ങൾക്കും ആരുസംരക്ഷണം നൽകും എന്ന വ്യഥയിലാണ് കേരളസംസ്ഥാനത്തെ ജനങ്ങൾ. നമ്മുടെ സംരക്ഷണം ഉറപ്പാക്കേണ്ട പോലീസ് സംവിധാനത്തിൽ വരെ തീവ്രവാദ അനുകൂല പ്രവർത്തനം നടക്കുന്നുവെന്ന് ദേശീയ സുരക്ഷ അധികാരികൾ തന്നെ ബോധിപ്പിച്ചിട്ടും മനസിലാകാത്ത ഇടതുവലതു കേരള രാഷ്ട്രീയം എന്തിന്റെ പുറപ്പാടിലെന്ന ചോദ്യമാണ് വിവിധയിടങ്ങളിൽ നിന്നുയരുന്നത്…പ്രത്യേകിച്ചും കമ്യൂണിസ്റ്റ് ഭരണ നേതൃത്വം അലങ്കരിക്കുന്നവർ തന്നെ കൊല്ലിനും, കൊലക്കും, പോപ്പുലർ ഫ്രണ്ട് അക്രമത്തിലും,സ്വർണ്ണം,മയക്കുമരുന്നു കടത്ത് എന്നിവയിലും നരബലിക്കും,നരമാംസ ഭോജനത്തിനും വരെ പങ്കാളികളാകുമ്പോൾ..? കേരളം ഇന്ന് ഒരു ഡിസാസ്റ്ററിന്റെ വക്കിലാണ് എന്നുപറയേണ്ടിവരുന്നു.അതുകൊണ്ടു
തന്നെയാവാം കേന്ദ്രആഭ്യന്തരമന്ത്രാലയം ഇപ്പോൾ കേരള ആഭ്യന്തര സെക്രട്ടറിയോട് റിപ്പോർട്ട് ചോദിച്ചതായുള്ള വാർത്തയും പുറത്തുവന്നിരിക്കുന്നത്.ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ചും, കുറ്റകൃത്യങ്ങളിൽ കേരളം യു.പി യെക്കാൾ ഏറെ മുന്നിലെന്നാണ് റിപ്പോർട്ടുള്ളത്.
ഇവിടൊരു മാറ്റം അനിവാര്യമാണ് .അതിന്ന് യുഡിഎഫ്, എൽ ഡി എഫ്, കെ ജെ പി, ബി ജെ പി എന്നുള്ള വേർതിരിവ് ഉണ്ടാകാൻ പാടില്ല. പ്രീണനവും പാടില്ല. ജാതി മത വ്യത്യാസമില്ലാത്ത ഒരൊറ്റ ജനത എന്നുള്ളതായിരിക്കണം കാഴ്ചപ്പാട്. എന്നാൽ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാവുകയുള്ളു.
കേരളം 66-ാമത് ജന്മദിനം ആഘോഷിക്കുമ്പോൾ ഓരോ മലയാളിയുടെ മനസിലും ഒരു നെരിപ്പോട് എരിയുന്നത് എല്ലാ ദേശസ്നേഹികൾക്കും കാണാനാകുമെങ്കിലും … ജനങ്ങളെ കൈവെടിയാത്ത, അത്രയും മികവുറ്റ ഒരു കേന്ദ്രഭരണം നമുക്കുണ്ടെന്നുള്ളതുകൊണ്ട് … എല്ലാം ശുഭകരമാകുമെന്നാണ് നാമേവരും പ്രത്യാശിക്കുന്നത്….ശുഭാശംസകളോടെ :Chief Editor, Kaladwani magazine and Kaladwani News (Retired Indian Navy) Electronic Engr, Journalist.