ലൈംഗിക പീഡനത്തിന് വിധേയരാകുന്ന കുട്ടികൾക്ക് പ്രത്യേകാവകാശങ്ങൾ ഉറപ്പ് വരുത്തണം : സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ

ലൈംഗിക പീഡനത്തിന് വിധേയരാകുന്ന കുട്ടികൾക്ക് പ്രത്യേകാവകാശങ്ങൾ ഉറപ്പ് വരുത്തണം : സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ

തിരുവനന്തപുരം : കുട്ടികൾക്കെതിരെയുളള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുളള (പോക്സോ) നിയമ പ്രകാരം ലഭ്യമായ പ്രത്യേകാവകാശങ്ങൾ ലൈംഗിക പീഡനത്തിന് ഇരയാകുന്ന കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണമെന്ന് നിർദേശിച്ച് സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. കമ്മീഷൻ അധ്യക്ഷ ശോഭാ കോശി, അംഗം കെ. നസീർ എന്നിവരുടേതാണ് ഉത്തരവ്.

അടിയന്തര പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർസ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് സേവനം ലഭിക്കാൻ പീഡനത്തിന് വിധേയരായവർക്ക് അവകാശമുണ്ടെന്നതും കേസിലെ ക്രിമിനൽ പ്രോസിക്യൂഷൻ കാര്യങ്ങളും അന്വേഷണത്തെ ബാധിക്കാത്ത തരത്തിൽ അന്വേഷണത്തിന്റെ സ്ഥിതി ഗതികളും അവരെ അറിയിക്കണം. വിക്റ്റിം കോമ്പൻസേഷൻ പദ്ധതി പ്രകാരമുളള നഷ്ട പരിഹാരത്തിന് അവകാശമുണ്ടെന്ന് അറിയിക്കുന്നതിനും അതിന് ഹർജി നൽകുന്നതിന് സഹായം നൽകാനും പോലീസിന് ബാധ്യതയുണ്ട്. പ്രതി പിടിയിലായെങ്കിൽ അക്കാര്യവും അയാൾക്ക് ജാമ്യം ലഭിക്കുകയോ റിമാന്റ് ചെയ്യപ്പെടുകയോ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യവും പോലീസ് പരാതിക്കാരെ അറിയിക്കണം. പ്രതിക്കെതിരെ കുറ്റപത്രം നൽകിയ വിവരം, കോടതിയിൽ കേസ് നടപടികൾ ആരംഭിക്കുന്നതു സംബന്ധിച്ച വിവരം എന്നിവയും പോലീസ് കുട്ടിയെയോ രക്ഷിതാവിനെയോ അറിയിക്കണം.

കേസ് വിചാരണ പൂർത്തിയായാൽ, കോടതി വിധിയുടെ വിശദാംശങ്ങളും ശിക്ഷ സംബന്ധിച്ച വിവരങ്ങളും പരാതിക്കാരെ പോലീസ് അറിയിക്കണം. കൂടാതെ, ഇരകളുടെ ഉത്തമ താത്പര്യത്തിനെയും പ്രോസിക്യൂഷന്റെ സുഗമമായ നടത്തിപ്പിനെയും ബാധിക്കാത്ത വിവരങ്ങളും പരാതിക്കാർക്ക് നൽകാവുന്നതാണെന്നും കമ്മീഷൻ വ്യക്തമാക്കി. (An.old news on public interest)