കൊല്ലം: തെന്മല കുളത്തൂപ്പുഴ വനമേഖലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം ഗൗരവത്തിലെടുത്ത് കേന്ദ്ര ഏജന്‍സികള്‍. സംസ്ഥാന പാതയില്‍ റോഡരികില്‍ കവറില്‍ പൊതിഞ്ഞ് 14 വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രാഥമിക പരിശോധന നടത്തും.
പാക്ക് സൈന്യത്തിനു വേണ്ടി വെടിയുണ്ടകള്‍ നിര്‍മിക്കുന്ന പാക്കിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിര്‍മിച്ചതാണെന്നാണു സംശയം.
സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. പൊലീസിന്റെ ആര്‍മറര്‍, ഫൊറന്‍സിക് വിഭാഗങ്ങള്‍ നടത്തിയ പരിശോധനയില്‍ ഇവ വിദേശ നിര്‍മിതമാണെന്നു വ്യക്തമായിരുന്നു.വെടിയുണ്ട കണ്ടെത്തിയതിനെ തുടര്‍ന്ന് വന്‍ പൊലീസ് സംഘവും ഫൊറന്‍സിക് വിരലടയാള വിഭാഗവും ബോംബ് സ്‌ക്വാഡും ആര്‍മറി വിഭാഗവും സ്ഥലത്തെത്തി പരിശോധിച്ചു.