സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസിന് നിരോധനം:
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിൽ മയോണൈസ് നിർമ്മിക്കുന്നതിൽ നിയന്ത്രണം. ഇനി മുതൽ ഹോട്ടലുകളിൽ പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചു. അധിക നേരം വച്ചിരുന്നാൽ മയോണൈസ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിട്ടതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
വീണാ ജോർജിന്റെ നേതൃത്വത്തിൽ ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായി യോഗം ചേർന്നിരുന്നു. ഇതിലാണ് പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ചത്.എഫ്എസ്എസ്ഐ ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില്‍ പച്ചമുട്ട ഉപയോഗിച്ചു ഉണ്ടാക്കുന്ന മയോണൈസ് ഏറെ അപകടകാരിയാണെന്ന് കണ്ടെത്തിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞു നല്കുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷണ പൊതികളില്‍ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും, ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം എന്നിവയും സ്റ്റിക്കറിലുണ്ടായിരിക്കണം.
ഹോട്ടലുകളില്‍ നിന്നും പാഴ്സല്‍ കൊടുക്കുന്ന ഭക്ഷണ സാധനങ്ങള്‍ നിശ്ചിത സമയപരിധി കഴിഞ്ഞ് കഴിക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.ഇതുകൂടാതെയും നിരവധി ഭക്ഷ്യ സുരക്ഷാ പ്രശ്നങ്ങൾ ജനങ്ങളെ അലട്ടി വരുന്നുണ്ട്. സർവ മേഖലകളിലും മായം എന്നത് .. .അരിയായാലും,പയറുവര്ഗങ്ങളായാലും, എണ്ണയായാലും പാലായാലും,മീനായാലും ,ഇറച്ചിയായാലും …ഏതുസാധനമെടുത്താലും ഒക്കെ മായം ചേർന്നവയാണ്.ഇതുമൂലം പലവിധ രോഗങ്ങളെയാണ് സാധാരണ ജനങ്ങൾക്ക് നേരിടേണ്ടി വരുന്നത്.മന്ത്രിമാർക്ക് എല്ലാം വിദേശ ചികിത്സ കിട്ടുമ്പോൾ സാധാരണക്കാരന് മറ്റൊരു ആശ്രയവും എങ്ങു നിന്നും കിട്ടാനുമില്ല. ആ നിലയിൽ മയോണൈസ് വിഷയത്തിൽ മന്ത്രി വീണാ ജോർജ്ജിന്റെ സമയോചിതമായ ഇടപെടൽ അഭിനന്ദനമർഹിക്കുന്നു.അതുപോലെ ഈ വിഷയങ്ങളിലും താങ്കളുടെ സത്വര ശ്രദ്ധ പതിയണമെന്ന ആഗ്രഹം കൂടി മുന്നോട്ടു വെയ്ക്കുകയാണ് കലാധ്വനി ന്യൂസ്. 9037259950 .news Desk kaladwani news.