സർക്കാരിന് തിരിച്ചടി;പ്രളയം മനുഷ്യ നിർമ്മിതമായിരുന്നുവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്:
Poor dam management blamed for Kerala floods…
തിരുവനന്തപുരം: 2018-ലെ പ്രളയം മനുഷ്യ നിർമിതമെന്ന് വിദഗ്ധസമിതി റിപ്പോർട്ട്. ബംഗലൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ വിദഗ്ധർ അക്കൗണ്ടന്‍റ് ജനറലിന് സമർപ്പിച്ച റിപ്പോർട്ടിലാണ് 2018ലെ പ്രളയത്തെ സംബന്ധിച്ച് സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കണ്ടെത്തലുള്ളത് .
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുവന്ന റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പ്രളയബാധിത മേഖലകൾ സന്ദര്‍ശിച്ചും പരമാവധി രേഖകള്‍ സമാഹരിച്ചുമാണ് വിദഗ്ധ സംഘം അക്കൗണ്ടന്‍റ് ജനറലിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ഒരു വർഷത്തെ വിവിധ സമയങ്ങളിൽ ഡാമുകളിൽ എത്ര വെള്ളം സംഭരിക്കണം, എത്ര ശൂന്യമാക്കി സൂക്ഷിക്കണം എന്ന് വ്യക്തമാക്കുന്ന റൂൾ കർവ് ഡാം മാനേജ്മെന്‍റിൽ വളരെ പ്രധാനമാണ്. 2018-ലെ പ്രളയകാലത്ത് റൂൾ കർവ് അടിസ്ഥാനമാക്കിയല്ല ഡാമുകളുടെ പ്രവർത്തനമോ, വെള്ളം സൂക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളോ കൈകാര്യം ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
മഴക്കാലത്ത് അധികമായെത്തുന്ന വെള്ളം ഡാമുകളിലെ ഫ്ളഡ് കുഷ് എന്ന ഭാഗത്താണ് സംഭരിക്കുന്നത്. ഇടുക്കി ഡാമില്‍ പ്രളയകാലത്ത് ഇത് ഉപയോഗിച്ചിരുന്നില്ല. വെളളപ്പൊക്കത്തിന് മുന്നോടിയായി വേണ്ടത്ര മുന്നറിയിപ്പുകൾ ജനങ്ങൾക്ക് നല്‍കിയില്ല. ഇതെല്ലാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അണക്കെട്ടുകൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് 2018-ലെ പ്രളയത്തിന്‍റെ കെടുതികള്‍ വർദ്ധിപ്പിച്ചതെന്ന് കേരള ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയും കണ്ടെത്തിയിരുന്നു.
പ്രളയം മനുഷ്യ നിർമ്മിതമായിരുന്നുവെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരനും കണ്ടെത്തിയിരുന്നു. പ്രളയം മനുഷ്യനിര്‍മ്മിതമായിരുന്നു. സ്വാഭാവിക പ്രളയമായിരുന്നില്ല. എന്തുകൊണ്ടാണ് പ്രളയം വന്നതെന്ന് ഈ സര്‍ക്കാര്‍ കണ്ടുപിടിച്ചിട്ടില്ല. പ്രളയപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
2018-ലെ പ്രളയത്തിൽ 433 പേർ മരിച്ചിരുന്നു. പ്രളയം 54 ലക്ഷം പേരെ നേരിട്ട് ബാധിച്ചു എന്നാണ് കണക്ക്.