ഹലാൽ: പ്രതികരണത്തിലെ അറസ്റ്റ് നടപടിക്കെതിരെ പ്രതിഷേധം ദേശീയതലത്തിലേക്ക്:
ബംഗളൂരു: ഹൈന്ദവ സംഘടനാ നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്ന കേരളത്തിലെ ഇടത് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പിണറായി വിജയൻ സർക്കാരിനെതിരെ ഹിന്ദുക്കൾ ഉണരണമെന്ന് ഉഡുപ്പി-ചിക്കമംഗളൂരു എംപി ശോഭാ കരന്തലജെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഹലാൽ മുദ്രണമുള്ള ഭക്ഷണങ്ങൾ ഹിന്ദുക്കൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട കേരള ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബുവിനെ അറസ്റ്റു ചെയ്തതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ശോഭ.
ബീഫ് ഭക്ഷിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടമാണെന്ന് പറയുന്ന കേരളത്തിലെ ഇടത് സർക്കാർ ഹലാൽ ഭക്ഷണം വേണ്ടെന്നു പറയുന്നവരെ ജയിലിൽ അടയ്ക്കുകയാണെന്ന് ശോഭാ കരന്തലജെ ട്വീറ്റ് ചെയ്തു. പിണറായി വിജയൻ സർക്കാർ മുസ്ലീം പ്രീണനം പതിവാക്കിയിരിക്കുകയാണ്. സിപിഎമ്മുകാർ ക്ഷേത്രങ്ങളെ അപമാനിക്കുക മാത്രമല്ല സംസ്ക്കാരത്തെ നശിപ്പിക്കാനും ആഗ്രഹിക്കുന്നു. ഇതിനെതിരെ ഹിന്ദുക്കൾ ഉണരണമെന്ന് ശോഭാ കരന്തലജെ ആവശ്യപ്പെട്ടു
ആർ.വി. ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന ചിത്രം ഉൾപ്പെടെയുള്ള ശോഭാ കരന്തലജെയുടെ ട്വീറ്റ് ദേശീയ തലത്തിൽ നിരവധി പേരാണ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.