ഹൈറേഞ്ചു ജനത ഒരുമിച്ചു നിന്നില്ലെങ്കിൽ അനുഭവിക്കാൻ തയ്യാറായിക്കോളൂ:

ഹൈറേഞ്ചു ജനത ഒരുമിച്ചു നിന്നില്ലെങ്കിൽ  അനുഭവിക്കാൻ തയ്യാറായിക്കോളൂ:

ഹൈറേഞ്ചു ജനത ഒരുമിച്ചു നിന്നില്ലെങ്കിൽ അനുഭവിക്കാൻ തയ്യാറായിക്കോളൂ:

Tom K Joseph എഴുതുന്നു.

അശാന്തി പുകയുന്ന പശ്ചിമഘട്ടം
മാങ്കുളം – വനം വകുപ്പിന്റെയും സർക്കാരിന്റെയും രാഷ്ട്രീയക്കാരുടെയും ടെസ്റ്റ് ഡോസ് .

മുപ്പതു വർഷങ്ങൾക്കു മുൻപ് കേരളത്തിലെ ഏറ്റവും അവികസിതമായ ഒരു പ്രദേശമായിരുന്നു മാങ്കുളം പഞ്ചായത്ത് . വൈദ്യുതിയില്ല.റോഡില്ല. പഠനത്തിന് വളരെ പരിമിതമായ മാർഗ്ഗം മാത്രം. ഇന്നത്തെ ടൂറിസ്റ്റ് സഫാരി ജീപ്പു യാത്രയെക്കാൾ ക്ളേശകരമായ മാർഗ്ഗത്തിൽ കാട്ടുവഴികളിലൂടെ ഒരു കല്ലിൽ നിന്നും മറ്റൊന്നിലേക്ക് എന്ന മട്ടിൽ ചാടി മറിഞ്ഞാണ് കല്ലാറ്റിലേക്ക് 20 കി മീ ദൂരം മാങ്കുളം നിവാസികൾ 4 വിൽ ജീപ്പിൽ പിന്നിട്ടിരുന്നത്.കേരളത്തിലെ അവസാന കുടിയേറ്റ ഗ്രാമമാണ് മാങ്കുളം. 15 വർഷങ്ങൾക്കു മുൻപു മാത്രമാണ് മാങ്കുളത്തേക്ക് ടാർ റോഡ് വന്നത്. വൈദ്യുതി എത്തിയിട്ടും വളരെ നാളുകൾ ഒന്നുമായിട്ടില്ല.

സർക്കാർ സ്ഥലവും പട്ടയവും നൽകി കുറേ മനുഷ്യരെ മാങ്കുളത്ത് സ്ഥാപിച്ചു. ജീവിത പ്രാരാബ്ധത്തിനിടയിൽ കടം കയറി മുടിഞ്ഞു പോയവർ തങ്ങളുടെ അവസാന സമ്പാദ്യവുമായി മാങ്കുളത്തേക്ക് വന്നത് മണ്ണ് വെട്ടിപ്പിടിക്കാനല്ല, ആത്മഹത്യ ചെയ്യാതെ അന്തസ്സായി വല്ല കൃഷിപ്പണിയും ചെയ്ത് കൈവിട്ടു പോയ ജീവിതത്തെ തിരികെ പിടിക്കുവാനായി മാത്രമാണ്.അത്രയ്ക്ക് ഗതി കെട്ടു പോയവരായതു കൊണ്ടു മാത്രമാണ് അവർ മാങ്കുളത്തേക്ക് തങ്ങളുടെ ജീവനെ പറിച്ചു നട്ടത്.

അരപട്ടിണിയും മുഴു പട്ടിണിയും അനുഭവിച്ച് എല്ലു മുറിയെ പണിയെടുത്ത് ഒന്നും രണ്ടും തലമുറകൾ ശേഷിപ്പിച്ചു പോയതിന്റെ ബാക്കിപത്രമാണ് ഇന്നു കാണുന്ന മാങ്കുളം ടൗൺ.തീർച്ചയായും അഭിമാനിക്കാവുന്ന നേട്ടമാണ് മാങ്കുളം നിവാസികൾ നേടിയെടുത്തത്. പോലീസ് സ്റ്റേഷനില്ല എന്നത് ഒരു കുറവായി കാണുന്നില്ല , അതൊരു നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നിയത് . എന്നാൽ കാലാവസ്ഥാ വ്യതിയാനവും കാർഷിക ഉല്പന്നങ്ങളുടെ വിലയിടിവും ഇവരുടെ ജീവിതങ്ങളെ തകർത്തെറിഞ്ഞിരിക്കുകയാണ്.കാലം തെറ്റി പെയ്തിറങ്ങുന്ന അതിവർഷത്തിന്റെ ശേഷിപ്പുകളായി , ഒറ്റ ഇലയില്ലാത്ത റബ്ബർ മരങ്ങളും , കായില്ലാതെ തളിർപ്പു മുറ്റിയ കൊക്കോ ചെടികളും , വെയിലിന്റെ അഭാവത്തിൽ മഞ്ഞളിച്ച കുരുമുളകു വള്ളികളും , മണ്ട തേമ്പിയ കവുങ്ങുകളും ഇങ്ങനെ ഗതികെട്ട അവസ്ഥയിലാണ് മാങ്കുളമിന്ന് . മൂന്നാറിനോടുള്ള സാമീപ്യം മൂലം ടൂറിസം രംഗത്തേക്ക് ധാരാളം സംരംഭകർ കടന്നു വന്നിരിക്കുന്നതാണ് മാങ്കുളത്തിന് പ്രതീക്ഷ നൽക്കുന്നത്.

ഒരു ബസിനു മാത്രം സഞ്ചരിക്കാവുന്ന വീതിയുള്ള വളഞ്ഞു പുളഞ്ഞ നിരത്തിലൂടെ ടൂറിസ്റ്റുകളുടെ പ്രവാഹമാണ്.ആനപ്പൂരം നടക്കുന്ന ആനക്കുളമാണ് ലക്ഷ്യം.നിരവധി ഹോം സ്റ്റേകളും ചെറു ഭക്ഷണശാലകളും ചെറിയ റിസോർട്ടുകളും സജീവമാണ്. ചെറുപ്പക്കാർ 4 വീൽ ജീപ്പുകളുമായി സഫാരിക്കൊരുങ്ങുന്നു. ഇങ്ങനെ പ്രതീക്ഷയുടെ പുതു നാമ്പു മുളച്ച മാങ്കുളംകാരുടെ നെഞ്ചിലേക്കാണ് സർക്കാരും വനം വകുപ്പും കൂടി ഒരു കഠാര കുത്തിയിറക്കാൻ തക്കം പാർത്തു നിൽക്കുന്നത്.

കാർബൺ ക്രെഡിറ്റ് ഫണ്ടിനെ കുറിച്ച് എല്ലാവർക്കുമറിയാമെന്നു കരുതട്ടെ . വികസിത രാജ്യങ്ങൾ തങ്ങളുടെ മാലിന്യ പുറന്തള്ളൽ കുറയ്ക്കാതെ ആഫ്രിക്കയിലെയും ഏഷ്യയിലെയും അവികസിത രാജ്യങ്ങളിലെ കാടുകൾ നിലനിറുത്തന്നതിനും പുതിയവ നിർമിക്കുന്നതിനുമായി വലിയ തുക ഓഫർ ചെയ്യുന്നുണ്ട്. ഇതിലെ പ്രശ്നമെന്തെന്നു വച്ചാൽ ഈ ദരിദ്ര രാഷ്ട്രങ്ങൾക്ക് യാതൊരു വ്യവസായങ്ങളും നടത്താൻ സാധിക്കില്ല. രാജ്യത്തിന്റെ ഭൂരിഭാഗവും വനമായി നിലനിറുത്തണം.ചുരുക്കി പറഞ്ഞാൽ ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ വനവിസ്തൃതി കൂട്ടുന്നതിനായി വെള്ളക്കാരായ യൂറോപ്യന്മാർ നമ്മുടെ രാഷ്ട്രീയ സംവിധാനത്തെ മൊത്തം വിലയ്ക്കെടുത്ത് നമ്മുടെ കൃഷി ഭൂമിയെ തരം മാറ്റി വനമാക്കി മാറ്റുവാൻ ഭരണാധികാരികൾക്ക് കൊടുക്കുന്ന പണമാണ് കാർബൺ ക്രെഡിറ്റ് ഫണ്ട് .

ഇതു പ്രകാരം ലഭിച്ച പണമുപയോഗിച്ച് മാങ്കുളം എന്ന ഗ്രാമത്തെ അങ്ങിനെ തന്നെ വിലയ്ക്കെടുക്കാൻ സർക്കാർ സംവിധാനങ്ങളും വനം വകുപ്പും നീക്കം തുടങ്ങി.അതായത് നമ്മുടെ ഭൂമി സർക്കാർ കാർബൺ ഫണ്ട് ഉപയോഗിച്ച് ഏറ്റെടുത്ത് വനമാക്കി സായിപ്പിനെ കാണിച്ച് കൂടുതൽ പണം വാങ്ങിയെടുത്ത് നമ്മെ ക്രമേണ തെണ്ടികളാക്കാൻ ഉദ്ദേശിച്ചു നടത്തുന്ന ഒരു പ്രക്രിയ ആണിത് .5 സെന്റ് പത്തു സെന്റ് ഉള്ളവർക്ക് ഭൂമി വിസ്തീർണം നോക്കാതെ 15 ലക്ഷം കൊടുക്കും.വില ആകർഷണീയമായതിനാൽ ബുദ്ധിയില്ലാത്ത കുറേ പേർ അതു വാങ്ങി നാടു വിടും. പകരം സ്ഥലം വാങ്ങാനും വീടു വയ്ക്കാനും ഇത് തികയുമോ എന്നാരും ചിന്തിക്കില്ല.അതായത് ഇങ്ങനെ ഭൂമി ഉപേക്ഷിച്ച് പോയവരുടെ പുരയിടങ്ങൾ 5 വർഷത്തിനുള്ളിൽ വനമാകും. വന്യജീവികൾ ഇറങ്ങും.ക്രമേണ മറ്റുള്ളവരും തങ്ങളുടെ ഭൂമി കിട്ടിയ വിലയ്ക്ക് വിറ്റൊഴിയാൻ നിർബന്ധിതരാകും. വന്യമ്യഗ ശല്യം മൂലം കൃഷി നടക്കാത്തതിനാൽ മറ്റുള്ളവർ ഭൂമി ഉപേക്ഷിച്ച് പോകും ഇതാണ് മഹത്തായ ആ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

ഗാഡ്ഗിൽ റിപ്പോർട്ട് കൊണ്ടുവന്നതു പോലെ തന്നെ വളരെ രഹസ്യമായി ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പല തവണ രഹസ്യ യോഗം നടത്തി.
പദ്ധതിയെ പറ്റി ചെറിയ സൂചനകൾ നൽകി ജനങ്ങൾക്കിടയിൽ സംഭ്രമം ഉണ്ടാക്കിക്കഴിഞ്ഞു.ഇടുക്കിയിലെ ഭൂപ്രശ്നം
തീരാൻ രാഷ്ട്രീയക്കാർ ഒരു കാലത്തും സമ്മതിക്കില്ല.മാങ്കുളത്ത് കുടിയിറക്കാൻ സാധിച്ചാൽ പശ്ചിമഘട്ടം മുഴുവൻ ഒഴിപ്പിക്കാനുള്ള പദ്ധതിയാണ് മനസ്സിലിരുപ്പ്.മാങ്കുളം ഒരു ടെസ്റ്റ് ഡോസാണ്.ഇന്ന് ഞാൻ നാളെ നീ….!!kaladwani news